സ്നേഹത്തില്‍ അധിഷ്ഠിതമായ തലമുറയെ വാര്‍ത്തെടുക്കുക വിദ്യാലയങ്ങളുടെലക്ഷ്യം: മാര്‍ പെരുന്തോട്ടം
സ്നേഹത്തില്‍ അധിഷ്ഠിതമായ തലമുറയെ വാര്‍ത്തെടുക്കുക വിദ്യാലയങ്ങളുടെലക്ഷ്യം: മാര്‍ പെരുന്തോട്ടം
Monday, September 15, 2014 12:29 AM IST
അമ്പലപ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് കോളജില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലും ചേര്‍ന്നു നിര്‍വഹിച്ചു. അറിവു പകരുന്നതിനോടൊപ്പം ദൈവസ്നേഹത്തിലും മനുഷ്യസ്നേഹത്തിലും അധിഷ്ടിതമായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണു വിദ്യാലയങ്ങളുടെ ലക്ഷ്യമെന്നു മാര്‍ പെരുന്തോട്ടം പറഞ്ഞു. കുട്ടികള്‍ക്കു ശരിയായ വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നു അവരെ അറിവിന്റെ പൂര്‍ണതയില്‍ എത്തിക്കുകയാണു വിദ്യാലയത്തിന്റെ ലക്ഷ്യം. അറിവിനോടൊപ്പം വിദ്യാര്‍ഥികളെ യഥാര്‍ഥ മനുഷ്യരാക്കി വാര്‍ത്തെടുക്കുക എന്നതാണ് അതിരൂപതയുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. മൂന്നു ഘട്ടങ്ങളായി അഞ്ചുവര്‍ഷത്തിനുള്ളില്‍ കെട്ടിടം പൂര്‍ത്തിയാക്കുക എന്നതാണ് അതിരൂപതയുടെ ലക്ഷ്യം. വികാരി ജനറാള്‍മാരായ മോണ്‍ ജോസഫ് മുണ്ടകത്തില്‍, മോണ്‍ ജയിംസ് പാലയ്ക്കല്‍, ചാന്‍സിലര്‍ ഫാ. ടോം പുത്തന്‍കളം, പ്രൊക്യൂറേറ്റര്‍ ഫാ. ഫിലിപ്പ് തയ്യില്‍, പ്രിന്‍സിപ്പല്‍ പ്രഫ. ജോസഫ് സാം, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഫിലിപ്പ് കാഞ്ചിക്കല്‍, ബര്‍സാര്‍ ഫാ. അഗസ്റിന്‍ പൊങ്ങനാംതടം തുടങ്ങിയവര്‍ പങ്കെടുത്തു. കോളജില്‍ ബികോം ടാക്സേഷന്‍, ബികോം കംപ്യൂട്ടര്‍, ബിഎ ഇംഗ്ളീഷ് ലിറ്ററേച്ചര്‍, ബിസിഎ എന്നീ കോഴ്സുകളാണ് ഇപ്പോഴുള്ളത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ ബികോം വിത്ത് ഇന്‍ഷ്വറന്‍സ് ആന്‍ഡ് ബാങ്കിംഗ്, ബികോം വിത്ത് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകളും ആരംഭിക്കുമെന്ന് അധികതര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.