വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഗര്‍ഭിണി മരിച്ചു
മൂന്നാര്‍: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച നാലുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. ശാന്തന്‍പാറ ചേരിയാര്‍ കോളനിയില്‍ ശെല്‍വം -വേളാങ്കണ്ണി ദമ്പതികളുടെ മകളും ദേവികുളം എസ്റേറ്റില്‍ ഒഡികെ ഡിവിഷനില്‍ അഞ്ചുമുറി ലൈനില്‍ ഈശ്വരന്റെ ഭാര്യ ജയന്തി (21) ആണു ബുധനാഴ്ച രാത്രി മരിച്ചത്.

ബുധനാഴ്ച വയറുവേദനയെ ത്തുടര്‍ന്ന് മൂന്നാര്‍ ടാറ്റ ടീ ജനറല്‍ ആശുപത്രിയില്‍ ജയന്തിയെ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടറുടെ പരിശോധനയില്‍ എട്ടുദിവസം മുമ്പേ കുട്ടി മരിച്ചതായി സംശയം തോന്നിയതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി തേനി കാനാവിളിക്ക് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു.


എന്നാല്‍ ജയന്തിയുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ നല്‍കാനുള്ള പണവുമായെത്താന്‍ താമസിച്ചു. മാതാപിതാക്കള്‍ എത്തുംമുമ്പേ ജയന്തി മരിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ജയന്തിയുടെ മാതാപിതാക്കള്‍ ദേവികുളം തഹസില്‍ദാര്‍ക്ക് നല്‍കി. സ്പെഷല്‍ തഹസില്‍ദാര്‍ രാമചന്ദ്രന്‍നായരുടെ മേല്‍നോട്ടത്തില്‍ ദേവികുളം പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.

മീന, സംഗീത, നന്ദിനി എന്നിവര്‍ ജയന്തിയുടെ സഹോദരിമാരാണ്.