മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ ഇസ്ഹാഖ് കുരിക്കള്‍ രാജിവച്ചു
മഞ്ചേരി: മഞ്ചേരി നഗരസഭയിലെ മുസ്ലിം ലീഗ് അംഗ ങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നു നഗര സഭാ ചെയര്‍മാന്‍ എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍ നഗരസഭാ അധ്യക്ഷ പദവി യും കൌണ്‍സിലര്‍ സ്ഥാനവും രാജിവച്ചു.

മുസ്ലിം ലീഗിന് ഭൂരിപക്ഷമുള്ള നഗരസഭയിലെ 31 ലീഗ് പ്രതിനി ധികളില്‍ 30 പേരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു രാജിവയ്ക്കാന്‍ ഇസ്ഹാഖ് കുരിക്കള്‍ക്കു ലീഗ് നേതൃത്വം നിര്‍ദേശം നല്കിയത്. ഇസ്ഹാഖ് കുരിക്കള്‍ രാജിവച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നു കൌണ്‍സിലര്‍മാര്‍ മുന്നറിയിപ്പുനല്കിയിരുന്നു.

മുനിസിപ്പല്‍ സെക്രട്ടറി അവധിയിലായതിനാല്‍ ചുമതലയുള്ള മുനിസിപ്പല്‍ സൂപ്രണ്ട് സുശീലയ്ക്കാണു കുരിക്കള്‍ രാജിക്കത്ത് നല്‍കിയത്. ഇന്നലെ രാവിലെ പതിനൊന്നിനു പാണക്കാടുനിന്നു ഫോണ്‍ വഴി നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഉച്ചയ്ക്കു മൂന്നരയോടെ സെക്രട്ടറി മുഹമ്മദലി, ഡ്രൈവര്‍ സജാദ് എന്നിവരുടെ പക്കല്‍ രാജിക്കത്ത് കൊടുത്തയയ്ക്കുകയായിരുന്നു.

കൌണ്‍സിലര്‍, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ക്കു വെവ്വേറെ രാജിക്കത്തുകളാണു നല്‍കിയത്. ആരോഗ്യകാരണങ്ങളാല്‍ രാജിവയ്ക്കുന്നുവെന്നാണു മുനിസിപ്പല്‍ ആക്ട് പ്രകാരമുള്ള നിശ്ചിതഫോറത്തിലെ രാജിക്കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കൌണ്‍സില്‍ യോഗങ്ങളില്‍ ഭരണ സമിതിയുടെ നിലപാടുകള്‍ വിശദീകരിക്കാന്‍ ചെയര്‍മാനു കഴിയുന്നില്ലെന്നും ശാരീരിക അവശതകളുള്ള കുരിക്കള്‍ക്കു വികസന പ്രവര്‍ത്തനങ്ങളിലും മറ്റും ഇടപെടാന്‍ കഴിയുന്നില്ലെന്നും കൌണ്‍സില്‍ അംഗങ്ങളും മുനിസിപ്പല്‍ മുസ്ലിം ലീഗ് നേതൃത്വവും സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു.

അമ്പതംഗ കൌണ്‍സിലില്‍ 31 സീറ്റാണു ലീഗിനുള്ളത്. കോണ്‍ഗ്രസിന് 11ഉം ഇടതുപക്ഷത്തിന് എട്ടും സീറ്റാണുള്ളത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിയുള്ളൂ എന്ന നിലപാടിലായിരുന്നു കുരിക്കള്‍.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് എന്നിവര്‍ കൌണ്‍സിലര്‍മാരെ വെവ്വേറെ വിളിച്ച് അഭിപ്രായം തേടിയ ശേഷം ഹൈദരലി ശിഹാബ് തങ്ങളും സാദിഖലി ശിഹാബ് തങ്ങളും കുരിക്കളെ ഫോണില്‍ വിളിച്ചാണു രാജി ആവശ്യപ്പെട്ടത്. രണ്ടുമാസം മുമ്പ് ഒരു വിഭാഗം കൌണ്‍സിലര്‍മാര്‍ ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ടു നേതൃത്വത്തെ സമീപിച്ചിരുന്നു.

കൌണ്‍സിലര്‍മാരെ മലപ്പുറം ലീഗ് ഹൌസില്‍ വിളിച്ചു നടത്തിയ ഹിതപരിശോധനയില്‍ 18 പേരാണു കുരിക്കള്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നത്.

രാജിക്കത്ത് കോഴിക്കോട് റീജണല്‍ ജോയിന്റ് ഡയറക്ടര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഡയറക്ടര്‍ ഇലക്ഷന്‍ കമ്മീഷനു രാജിക്കത്ത് കൈമാറുന്നതോടെ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളാരംഭിക്കും.


ഇതോടൊപ്പം ഇസ്ഹാഖ് കുരിക്കള്‍ പ്രതിനിധീകരിച്ചിരുന്ന പയ്യനാട് എലമ്പ്ര വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പു ക്രമീകരണങ്ങളും തുടങ്ങും. 22 വര്‍ഷം മഞ്ചേരി എംഎല്‍എയായിരുന്ന കുരിക്കള്‍ മഞ്ചേരി നഗരസഭയുടെ പ്രഥമ ചെയര്‍മാനുമായിരുന്നു.

ദീര്‍ഘകാലം കൌണ്‍സിലറും സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ വല്ലാഞ്ചിറ മുഹമ്മദലിയെ മുനിസിപ്പല്‍ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ടു മുസ്ലിം ലീഗ് കൌണ്‍സിലര്‍മാര്‍ ജില്ലാ ലീഗ് നേതൃത്വത്തിനു കത്തുനല്കിയിട്ടുണ്ട്. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും കാലിക്കട്ട് സര്‍വകലാശാല സെനറ്റ് അംഗവുമാണു മുഹമ്മദലി.

തിരിച്ചടിയായത് കച്ചേരിപ്പടി ബസ് സ്റാന്‍ഡ്

മഞ്ചേരി: ഇസ്ഹാഖ് കുരിക്കള്‍ക്കു വിനയായതു കോടികള്‍ ചെലവിട്ടു മഞ്ചേരി കച്ചേരിപ്പടിയില്‍ നഗരസഭ നിര്‍മിച്ച ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം.

സ്വകാര്യ ബസുടമ സംഘടനകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, മുസ്ലിം ലീഗിലെ ഒരു വിഭാഗം കൌണ്‍സിലര്‍മാര്‍ തുടങ്ങി നിരവധി പേരുടെ എതിര്‍പ്പ് വകവയ്ക്കാതെയാണു പുതിയ ബസ് സ്റാന്‍ഡുമായി കുരിക്കള്‍ മുന്നോട്ടുപോയത്. ബസ് ടെര്‍മിനലില്‍ കെഎസ്ആര്‍ടിസി സ്റേഷന്‍ മാസ്റര്‍ ഓഫീസ് അനുവദിച്ചതിനോടും ഇവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. സ്റേഷന്‍ മാസ്റര്‍ ഓഫീസിന്റെ ഉദ്ഘാടനത്തിനു ലീഗ് വിരോധിയായ ആര്യാടന്‍ മുഹമ്മദിനെ കൊണ്ടുവന്നതും വിരോധത്തിനു കാരണമായി. സഹപ്രവര്‍ത്തകരുമായി കൂടിയാലോചിക്കാതെ തീരുമാനങ്ങളെടുത്തതും വിനയായി.

എംഎല്‍എയായിരിക്കെ വാ ഹനാപകടത്തില്‍ പരിക്കേറ്റു പൊതുരംഗത്തുനിന്നു വിട്ടുനിന്ന കുരിക്കള്‍ 2010ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പയ്യനാട് എലമ്പ്ര വാര്‍ഡില്‍നിന്നു നഗരസഭയിലേക്കു ജയിക്കുകയായിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തിനു നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും ഏറെ കാലത്തെ പാര്‍ലമെന്ററി പരിചയമുള്ള സീനിയര്‍ നേതാവെന്ന നിലയില്‍ ലീഗ് നേതൃത്വം കുരിക്കളെ തെരഞ്ഞെടുത്തു.

രണ്ടുമാസം മുമ്പു കുരിക്കള്‍ക്കെതിരേ സഹകൌണ്‍സിലര്‍മാര്‍ രംഗത്തെത്തിയിരുന്നെങ്കിലും വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. അനുരഞ്ജന ശ്രമം നീണ്ടുപോയതോടെയാണു കഴിഞ്ഞ ദിവസം 30 കൌണ്‍സിലര്‍മാര്‍ പാണക്കാട്ട് നേരിട്ടെത്തി പരാതി നല്കിയത്. രാജിവയ്ക്കാന്‍ കുരിക്കള്‍ കുടുംബവും ലീഗ് പ്രാദേശിക നേതൃത്വവും ഉപദേശിച്ചെങ്കിലും പാണക്കാട്ടുനിന്ന് ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിയുള്ളൂ എന്ന നിലപാടിലായിരുന്നു അദ്ദേഹം.