സ്വര്‍ണം: കേരളത്തില്‍ വിലമാറ്റമില്ല
കോട്ടയം: കേരളത്തിലും മുംബൈയിലും സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വെള്ളി വീണ്ടും താണു.കേരളത്തില്‍ പവന് 20,000 രൂപയ്ക്കാണ് ഇന്നലെയും വ്യാപാരം നടന്നത്. മുംബൈ തങ്കം 10 ഗ്രാം 26260 രൂപയില്‍ തുടര്‍ന്നു. അതേസമയം, വെള്ളിവില കിലോഗ്രാമിനു 400 രൂപ താണ് 45,665 രൂപയായി. ഈ മാസം ഇതുവരെ വെള്ളി കിലോഗ്രാമിന് 8,119 രൂപ താണു. ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ച സ്വര്‍ണവില ചെറിയതോതില്‍ കയറി. കോമക്സില്‍ ജൂണ്‍ അവധിവില ഔണ്‍സിന് 3.10 ഡോളര്‍ കയറി 1395.60 ഡോളറായി. പിന്നീട് സ്പോട്ട് മാര്‍ക്കറ്റില്‍ വില 1412 ഡോളര്‍ എത്തി. അവധിവിലയില്‍ ഒരാഴ്ചകൊണ്ട് ഏഴു ശതമാനം ഇടിവുണ്ടായി.


ഇന്നു തുടങ്ങുന്ന ആഴ്ചയില്‍ രാജ്യാന്തര സ്വര്‍ണവില കൂടുമെന്നാണു കിറ്റ്കോ ന്യൂസിന്റെ പ്രതിവാര സര്‍വേയില്‍ കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചത്തെ ഇടിവിനുശേഷമുള്ള ആശ്വാസകയറ്റം മാത്രമാകും ഇതെന്നാണു മിക്കവരും പറയുന്നത്.

ചൈനയിലും ഇന്ത്യയിലും ഡിമാന്‍ഡ് വര്‍ധിച്ചതായ റിപ്പോര്‍ട്ടുകള്‍ വിപണിയെ സഹായിക്കുമെന്നും അവര്‍ കരുതുന്നു. എന്നാല്‍, സ്വര്‍ണവിലയുടെ ഹ്രസ്വകാലഗതി മുകളിലോട്ടാണെന്നു ഭൂരിപക്ഷം പേരും പറയുന്നില്ല. സ്വര്‍ണവും വെള്ളിയും ഏതാനും വര്‍ഷത്തേക്കു ദുര്‍ബലമായിരിക്കുമെന്നു ലണ്ടന്‍ ആസ്ഥാനമായ ബാര്‍ക്ളേസ് ബാങ്ക് വിലയിരുത്തി.