ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കുടുംബ കൂട്ടായ്മ പ്രതിനിധി സമ്മേളനം ശനിയാഴ്ച
ഷൈമോൻ തോട്ടുങ്കൽ
Friday, June 20, 2025 5:03 PM IST
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കുടുംബ കൂട്ടായ്മ വാർഷിക പ്രതിനിധി സമ്മേളനം ശനിയാഴ്ച ബർമിംഗ്ഹാമിൽ നടക്കും. 12 റീജിയണുകളിലെ 101ൽപരം ഇടവക - മിഷൻ - പ്രൊപ്പോസ്ഡ് മിഷനിൽപ്പെട്ട 350തോളം പ്രതിനിധികൾ പങ്കെടുക്കും.
ബർമിംഗ്ഹാം മേരിവെയിലെ രൂപത പാസ്റ്ററൽ സെന്ററും അതിന്റെ സമീപത്തുള്ള ഔർ ലേഡി ഓഫ് അസപ്ഷൻ ദേവാലയവും ആണ് പരിപാടിക്ക് വേദിയാവുന്നത്.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് വർഷമായി പ്രവർത്തിച്ചു വന്ന രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്റെ അവസാന കൂട്ടായ്മയും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 2025-27 കാലയളവിലെ രൂപതാ കുടുംബക്കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക ഉത്ഘാടനത്തിനും വേദി സാക്ഷ്യം വഹിക്കും.
രാവിലെ 9.30ന് പ്രെയിസ് ആൻഡ് വർഷിപ്പോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. തുടർന്ന് ഖുത്താ പ്രാർഥനയും തുടർന്ന് പത്തിന് പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടക്കും.
പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റവ. ഫാ. ജിബിൻ വാമറ്റത്തിൽ, മറ്റു വൈദികർ എന്നിവർ സഹ കാർമ്മികരാവും.
വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ. ജിബിൻ വമാറ്റത്തിൽ നയിക്കുന്ന ക്ലാസ്, ചർച്ച എന്നിവയും നടക്കും. കുടുംബ കൂട്ടായ്മ കമ്മീഷൻ കോഓർഡിനേറ്റർ ഷാജി തോമസ്, സെക്രട്ടറി റെനി ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മീഷൻ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.