അഗളി ഫാത്തിമമാത ദേവാലയത്തിൽ മോഷണശ്രമം; പെൺവേഷധാരി പിടിയിൽ
1581644
Wednesday, August 6, 2025 2:16 AM IST
അഗളി: ഫാത്തിമമാത ദേവാലയത്തിൽ മോഷണം നടത്തിയ പെൺവേഷധാരിയെ പള്ളിഭാരവാഹികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മാനന്തവാടി പുൽപ്പള്ളി സ്വദേശിയായ റോമിയോ ബേബി(24)യാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ ആറുമണിയോടെ പള്ളിപരിസരത്ത് ചുരിദാർ ധരിച്ച് സംശയാസ്പദമായി യുവാവിനെ കാണുകയായിരുന്നു.
ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കപ്യാരും കൈക്കാരൻമാരും ഇടവകക്കാരും ചേർന്ന് പിടികൂടി അഗളി പോലീസിനു കൈമാറി. പള്ളിമുറിക്ക് അകത്തുസൂക്ഷിച്ചിരുന്ന ബാഗ് ജനാലവഴി മോഷ്ടാവ് കൈവശപ്പെടുത്തിയിരുന്നു. പണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ അപഹരിക്കപ്പെട്ടിട്ടില്ലെന്ന് ഇടവകവികാരി ഫാ. മാർട്ടിൻ ഏറ്റുമാനൂർക്കാരൻ, ഫാ. സാൻജോ ചിറയത്ത് എന്നിവർ പറഞ്ഞു.
ഇതിനുമുമ്പ് പള്ളിയിൽ മോഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. പിടിയിലായ യുവാവിന്റെ പക്കൽനിന്നും 3500 ഓളം രൂപയും 2500 ഓളം രൂപയുടെ ചില്ലറയും സ്ക്രൂഡ്രൈവർ, ചുറ്റിക തുടങ്ങിയവയും കണ്ടെടുത്തു. ഇയാൾക്കു വേറെ മോഷണങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായും കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.