കരിങ്കൽക്വാറി ആരംഭിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു
1581640
Wednesday, August 6, 2025 2:16 AM IST
വടക്കഞ്ചേരി: പൊത്തപ്പാറ, ചക്കുണ്ട് പ്രദേശങ്ങളിൽ കരിങ്കൽ ക്വാറി ആരംഭിക്കാനുള്ള നീക്കം നാട്ടുകാർ സംഘടിച്ച് തടഞ്ഞു. പൊത്തപ്പാറയിലും ചക്കുണ്ടിലും നിരവധി വീടുകൾക്കും ആരാധനാലയത്തിനും സമീപം കരിങ്കൽ ക്വാറി ആരംഭിക്കുന്നതിന് മുന്നോടിയായി ജെസിബിയുടെ സഹായത്തോടെ കുന്നിടിച്ച് വഴി തുറക്കാൻ നടത്തിയ നീക്കമാണ് വാർഡ് മെംബർ അമ്പിളി മോഹൻദാസിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്.
ഇതേതുടർന്ന് വില്ലേജ് ഓഫീസറും വടക്കഞ്ചേരി പോലീസും സ്ഥലത്തെത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. നിർദിഷ്ട ക്വാറിക്ക് 50 മീറ്ററിനുള്ളിൽ തന്നെ വീടുകളുണ്ട്. ഇതിനടുത്തും നിറയെ വീടുകളാണ്. കുത്തനെയുള്ള പാറക്കെട്ടില്‍ ഖനനം നടത്തിയാല്‍ മണ്ണിടിച്ചിലും പൊടിശല്യവും കല്ലുകൾ തെറിച്ച് അപകടങ്ങളും വീടുകളുടെ തകർച്ചയും കുടിവെള്ള പ്രതിസന്ധിയും രൂക്ഷമാകുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
സ്വകാര്യവ്യക്തിയുടെ ക്രഷർ, ദേശീയ പാത നിർമാണത്തിനായി പ്രവർത്തിക്കുന്ന പിഎസ്ടി റെഡി മിക്സിംഗ് പ്ലാന്റ് എന്നിവ നിലവിലുണ്ട്.
മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന മേഖലയിലെ ഒരു ക്വാറി പ്രദേശവാസികളുടെ സമരത്തെ തുടർന്ന് ഈയിടെ പൂട്ടിയിരുന്നു.
പകലും രാത്രിയിലും ഗ്രാമവഴിയിലൂടെ ഭാരവാഹനങ്ങൾ പാഞ്ഞ് ജനജീവിതം ഏറെ ദുസഹമായപ്പോഴാണ് നാട്ടുകാർ ഇടപ്പെട്ടത്. പാതക്കിരുവശവും സമീപത്തുള്ള വീടുകളിൽ പൊടിയും ദുരിതം കൂട്ടി. പല വീട്ടുകാരും താമസം മാറുന്ന സ്ഥിതി വരെയുണ്ടാക്കി.
ഇതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ ക്വാറി ആരംഭിക്കാനുള്ള നീക്കം നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പൊത്തപ്പാറ-ചുവട്ടുപാടം സംയുക്ത സമര സമിതി പ്രസിഡന്റ് ജോർജ് മുണ്ടയ്ക്കൽ, സെക്രട്ടറി ഷിബു ജോൺ, ട്രഷറർ എബി കെ. സേവ്യർ, ആൽബർട്ട് തൈമറ്റം, ധനീഷ് ദാമോദരൻ, എസ്. അരുൺ, അജീഷ് വർഗീസ്, കുഞ്ഞുമോൻ, ജോയി, ജോസ്, എം.പി. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.