വെള്ളപ്പനയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം പൂർത്തിയാക്കി അർഹതപ്പെട്ടവർക്ക് നൽകണം
1581635
Wednesday, August 6, 2025 2:16 AM IST
തത്തമംഗലം: വെള്ളപ്പനയിൽ ലൈഫ് മിഷൻ വീടുകൾ നിർമാണം പൂർത്തിയാക്കി അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യണമെന്ന ആവശ്യം ശക്തം. 41 കുടുംബങ്ങൾക്കു താമസിക്കാനും അങ്കണവാടിക്കും ഉപയോഗിക്കാൻ കഴിയുംവിധമാണ് നാലുനിലയിലായി ഫ്ലാറ്റ് വീടുകൾ നിർമാണം നടന്നുവരുന്നത്.
2016 ൽ ഈ സ്ഥലത്ത് താമസിച്ചിരുന്ന 11 കുടുംബങ്ങളെ ഒഴിപ്പിച്ച് ഒരു വർഷത്തിനകം ബഹുനില കെട്ടിടം ലഭിക്കുമെന്ന വാഗ്ദാനം നൽകിയാണ് വീടുകൾ പൊളിച്ചുനീക്കിയത്. ഈ സ്ഥലത്തു താമസക്കാരായിരുന്ന രണ്ടു പേർ അസുഖം ബാധിച്ച് മരണപ്പെട്ടു.
മറ്റുള്ളവർ മറ്റു വഴികളില്ലാതെ വാടകവീടുകളിലാണ് കഴിഞ്ഞുവരുന്നത്. ഓരോവർഷം കഴിയുമ്പോൾ ലൈഫ് മിഷൻ അധികൃതർ ഓണത്തിനു താക്കോൽദാനം നൽകുമെന്ന ഉറപ്പ് ഇതുവരേയും പാലിക്കപ്പെട്ടില്ല. ചിറ്റൂർ -തത്തമംഗലം നഗരസഭയിൽ യുഡിഎഫ് ഭരണകാലത്താണ് രണ്ട് മന്ത്രിമാർ പങ്കെടുത്ത് ഫ്ലാറ്റ് നിർമാണത്തിന് ആഡംബരമായി തറക്കല്ലിടൽ ചടങ്ങ് നടത്തിയത്. അക്കാലത്ത് പ്രതിപക്ഷത്തായിരുന്ന സിപിഎം ഫ്ലാറ്റ് നിർമാണം വേഗത്തിലാക്കണമെന്ന് ശക്തമായ രീതിയിൽ ആവശ്യം ഉന്നയിച്ചു.
2020 ൽ ചിറ്റൂർ -തത്തമംഗലം നഗരസഭ അധികാരത്തിൽ നാലര വർഷമായിട്ടും നിർമാണം പൂർത്തികരിക്കാനാകാതെ ഇഴയുന്നതിൽ പ്രതിഷേധം കൂടി വരികയാണ്.
ഫ്ലാറ്റ് നിർമാണത്തിന് ആദ്യം കരാർ എടുത്ത ഏജൻസി സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിർമാണം പകുതിയിൽ നിർത്തി പദ്ധതി ഉപേക്ഷിച്ചു.
അതിനുശേഷം കരാർ എടുത്ത ഏജൻസിയാണ് ഫ്ലാറ്റ് നിർമാണം നടത്തിവരുന്നത്. എന്നാൽ ഇതും ഒച്ചിന്റെ വേഗതയിലാണ് നടക്കുന്നതെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു.