വൈദ്യുതവേലികൾ: സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണം
1581638
Wednesday, August 6, 2025 2:16 AM IST
പാലക്കാട്: ജില്ലയിലെ കൃഷിയിടങ്ങളെയോ വസ്തുക്കളെയോ സംരക്ഷിക്കാനായി സ്ഥാപിക്കുന്ന വൈദ്യുതവേലികൾ (ഇലക്ട്രിക് ഫെൻസുകൾ) സുരക്ഷിതമായിരിക്കാൻ കർശനമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പറഞ്ഞു. വൈദ്യുത വേലികൾ സ്ഥാപിക്കുന്പോൾ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നാണ് നിർദേശം.
വൈദ്യുത വേലികൾക്കായി മുള്ളുകന്പികൾ ഉപയോഗിക്കാൻ പാടില്ല, മൃഗങ്ങൾ കുടുങ്ങുന്ന തരത്തിലുള്ള വേലികളുടെ നിർമ്മാണം അനുവദിക്കില്ല, വേലികൾക്ക് ശരിയായ ഇൻസുലേഷൻ നൽകണം,
വൈദ്യുത ലൈനുകൾ കടന്നുപോകുന്ന സ്ഥലങ്ങളിൽ വേലികൾ സ്ഥാപിക്കുന്പോൾ സുരക്ഷിതമായ അകലം പാലിക്കണം,
പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ഇടങ്ങളിൽ ഓരോ 50 മീറ്റർ അകലത്തിലും അപകടചിഹ്നങ്ങൾ സ്ഥാപിക്കണം.
വേലിയുടെ സാങ്കേതിക സവിശേഷതകൾ
# വേലികൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഫെൻസ് എനർജൈസർ എന്ന ഉപകരണത്തിൽ നിന്ന് ഒരു സെക്കൻഡിൽ ഒന്നിലധികം ഇലക്ട്രിക് ഇംപൾസുകൾ നൽകാൻ പാടില്ല.
# ഇത്തരം ഇംപൾസുകളുടെ വോൾട്ടത 10,000 വോൾട്ടിലും ദൈർഘ്യം ഒരു സെക്കൻഡിന്റെ പത്തിലൊന്നിലും കൂടാൻ പാടില്ല.
# ഫെൻസ് എനർജൈസറിന്റെ പരമാവധി വാട്ടേജ് 15 വാട്ട്സ് ആണ്.
വൈദ്യുത വേലിയുമായി നേരിട്ട് സന്പർക്കത്തിൽ വരുന്ന മൃഗങ്ങൾക്ക് മാരകമല്ലാത്ത ഷോക്ക് നൽകി അവയെ അകറ്റുക എന്നതാണ് ഈ വേലികളുടെ ലക്ഷ്യം. ഈ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വേലികൾ സ്ഥാപിക്കുന്പോൾ അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.