വിദ്യാർഥികൾക്കു സ്ക്രീൻടൈം നിശ്ചയിക്കണം: സ്പീക്കർ എ.എൻ. ഷംസീർ
1581637
Wednesday, August 6, 2025 2:16 AM IST
മണ്ണാർക്കാട്: മാറുന്ന കാലത്തിനനുസരിച്ച് വിദ്യാർഥികളുടെ സ്ക്രീൻ ടൈം നിശ്ചയിക്കേണ്ടത് അത്യാവശ്യമാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. തെങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) അമിത ഉപയോഗം വിദ്യാർഥികളുടെ സ്വന്തമായി ചിന്തിക്കാനുള്ള കഴിവ് ഇല്ലാതാക്കുകയും അവരുടെ അഭിപ്രായങ്ങളിൽ ബാഹ്യ ഇടപെടലുകൾക്ക് കാരണമാകുകയും ചെയ്യുന്നുണ്ടെന്ന് സ്പീക്കർ പറഞ്ഞു. അക്കാദമിക് പഠനത്തോടൊപ്പം പുറത്തുള്ള കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്നും ഓർമിപ്പിച്ചു. വിദ്യാർഥികൾ നല്ല മാർക്ക് നേടുന്നതിനൊപ്പം നല്ല മനുഷ്യനാകാനും ശ്രദ്ധിക്കണം. ജീവിതകാലം മുഴുവൻ പഠിക്കാനുള്ള മനസിനെ പ്രാപ്തമാക്കാൻ വിദ്യാർഥികൾക്ക് സാധിക്കണം. വായനയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിലൂടെ കുട്ടികളുടെ അക്ഷരസ്ഫുടത വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ കുട്ടികളുടെ സകല കലാകേന്ദ്രവും അധ്യാപകർ രണ്ടാം രക്ഷിതാവുമാണെന്നും സ്പീക്കർ പറഞ്ഞു. പരിപാടിയിൽ എൻ. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനായി. കെ. ശാന്തകുമാരി എംഎൽഎ മുഖ്യാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി 95 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.