വാണിയംകുളത്ത് മലവെള്ളപ്പാച്ചിൽ; നാട്ടുകാർ ഭീതിയിലായി
1581641
Wednesday, August 6, 2025 2:16 AM IST
ഒറ്റപ്പാലം: വാണിയംകുളത്ത് മലവെള്ളപ്പാച്ചിൽ, വീട്ടുമുറ്റത്ത് കല്ലും മണ്ണും വന്നടിഞ്ഞത്തോടെ ആളുകൾ ഇറങ്ങിയോടി. ഉരുൾപൊട്ടിയതായി സംശയമെന്ന് പ്രദേശവാസികൾ. ഇന്നലത്തെ കനത്ത മഴയിലാണ് വാണിയംകുളം പനയൂരിൽ മലവെള്ളപ്പാച്ചിലുണ്ടായത്.
വീട്ടുമുറ്റത്തേക്ക് കുത്തിഒഴുകി എത്തിയ വെള്ളത്തിനൊപ്പം കല്ലും മണ്ണും വന്നടിഞ്ഞതോടെ ഭയചകിതരായ വീട്ടുകാർ വീടുകളിൽ നിന്ന് ഇറങ്ങിയോടി. പനയൂർ വെസ്റ്റ് പതിനേഴാം വാർഡിലാണ് സംഭവം.
കനത്തമഴയിൽ പലയിടങ്ങളിലും വെള്ളം കയറി. പ്രദേശത്തെ മൂന്നു വീടുകളിലെ മതിലുകൾ മറിഞ്ഞുവീണു. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. വാർഡ് മെംബർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം അധികൃതരെ വിവരം അറിയിച്ചു. ഇപ്പോൾ സ്ഥിതി ശാന്തമാണ്. എന്നാൽ വീണ്ടും മഴ ശക്തിപ്രാപിച്ചാൽ മഴവെള്ളപ്പാച്ചിലോ ഉരുൾപൊട്ടലോ ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.