പുല്ലാട്, തിരുവല്ല ഉപജില്ലാ കലോത്സവം
1461068
Tuesday, October 15, 2024 12:08 AM IST
പുല്ലാട്: ഉപജില്ലാ സ്കൂള്‍ കലോത്സവം 17,18,19 തീയതികളില്‍ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. 17 നു രാവിലെ 10 ന് സാഹിത്യരചന മത്സരങ്ങളും സംസ്കൃതോത്സവവും ആരംഭിക്കും. 10.30 ന് ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് ഉദ്ഘാടനം ചെയ്യും.
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന് പിള്ള അധ്യക്ഷത വഹിക്കും. സിനിമാതാരം ഗായത്രി വര്‍ഷ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല മുഖ്യ പ്രഭാഷണം നടത്തും.
20 നു സമാപന സമ്മേളനം പത്തനംതിട്ട സിഡബ്ല്യുസി ചെയര്മാന് എന്‍. രാജീവ് ഉദ്ഘാടനം ചെയ്യും. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ് അധ്യക്ഷത വഹിക്കും. മേളയുടെ ഭാഗമായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അമിത രാജേഷ് അധ്യക്ഷത വഹിച്ചു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലാമേളയില്‍ പുല്ലാട് വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിൽപെട്ട നാല് പഞ്ചായത്തുകളിലെ വിദ്യാലയങ്ങളില്‍നിന്നായി വിവിധ ഇനങ്ങളില്‍ 2000 ലധികം വിദ്യാർഥികള്‍ പങ്കെടുക്കുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ കെ.എ. തന്‍സീര്‍ അറിയിച്ചു.
തിരുവല്ല: വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം നാളെ മുതൽ 19 വരെ തിരുവല്ല എംജിഎം സ്കൂളിലും ഡയറ്റിലുമായി നടക്കും.
നാളെ രാവിലെ 10ന് രചനാ മത്സരങ്ങൾ. 10.30 ന് പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ അനു വി. ജോർജ് അധ്യക്ഷത വഹിക്കും.
സിനിമാ-സീരിയൽ താരം മോഹൻ അയിരൂർ കലാ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. 19 നു സമാപന സമ്മേളനം മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശേരിൽ അധ്യക്ഷത വഹിക്കും.
തിരുവല്ല ഉപജില്ലയുടെ പരിധിയിലെ നഗരസഭ, അഞ്ച് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിൽനിന്നായി വിവിധ ഇനങ്ങളിൽ മൂവായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുമെന്ന് പബ്ലിസിറ്റി കൺവീനർ വിനു ഗോപാൽ അറിയിച്ചു.