മാലിപ്പുരയിൽനിന്ന് പള്ളിയോടം ഇറക്കാൻ കാടുവെട്ടിയതിനു ചെലവ് 9,000 രൂപ
1459894
Wednesday, October 9, 2024 6:29 AM IST
കോഴഞ്ചേരി: കാടുവെട്ടിത്തെളിച്ചതിന് 9,000 രൂപ. പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ ഒച്ചപ്പാട്. ഉത്രട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് കോഴഞ്ചേരി കരയുടെ പള്ളിയോടം വണ്ടിപ്പേട്ടയിലുളള മാലിപ്പുരയില്നിന്നും നദിയിലേക്ക് ഇറക്കുന്ന വഴികളിലെ കാടുവെട്ടിത്തെളിച്ചതിനാണ് 9,000 രൂപ ചെലവായിരിക്കുന്നത്.
300 രൂപ നിരക്കില്‍ 30 മണിക്കൂര്‍ ബ്രഷ് കട്ടര്‍ ഉപയോഗിച്ചാണ് കാടു തെളിച്ചതെന്നാണ് കഴിഞ്ഞ 30 ന് ചേര്‍ന്ന കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ സാധാരണ പൊതുയോഗത്തിലെ 11-ാം വിഷയമായി അജണ്ടയില്‍ ഉള്‍പ്പെടുത്തി പണം അനുവദിക്കണമെന്ന് ചെലവിനത്തില്‍ ആവശ്യപ്പെട്ടത്. ഇതിനെയാണ് ഭരണ, പ്രതിപക്ഷ രാഷ്ട്രീയ വ്യത്യാസമില്ലാതെ അംഗങ്ങള്‍ എതിര്‍ത്തത്. ഒരു കാരണവശാലും തുക അനുവദിക്കാന്‍ കഴിയില്ലെന്നും ഇതിനു പിന്നില്‍ വന്‍ അഴിമതിയാണെന്നും മെംബര്‍മാര്‍ ആരോപിച്ചു. മാലിപ്പുര സ്ഥിതി ചെയ്യുന്ന ഭാഗത്തുമാത്രമാണ് കുറ്റിക്കാട് ഉണ്ടായിരുന്നതെന്നും ഇതു വെട്ടിത്തെളിച്ചതിന് 30 മണിക്കൂര്‍ വേണമെന്നു പറയുന്നത് വിചിത്രമായിരിക്കുന്നുവെന്നും മെംബര്‍മാര്‍ ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയര്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രം തുക നല്കിയാല് മതിയെന്ന് തീരുമാനിക്കുകയുമായിരുന്നു.