മഴ മുന്നറിയിപ്പുകൾ വരുന്പോൾ മലയോരത്തിന് ഇപ്പോഴും ആധി
1445019
Thursday, August 15, 2024 7:06 AM IST
പത്തനംതിട്ട: വയനാട്ടിലെ മുണ്ടക്കൈയിൽ വെള്ളം കുത്തിയൊഴുകിയ ദൃശ്യങ്ങൾ കണ്ടപ്പോൾ പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയുടെ ഓർമകൾ ആറു വർഷം പിന്നിലേക്കു പോയി. 2018 ഓഗസ്റ്റ് 15ലെ നട്ടുച്ചയ്ക്കാണ് മഹാമാരി മലയോരത്തെ തകർത്തെറിഞ്ഞത്.
മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലുകളുമെല്ലാമായി നാടിനെ ഭീതിയിലാഴ്ത്തിയ ഓർമകൾക്ക് ആറു വയസായി. 2018നു ശേഷമാണ് മഴ മുന്നറിയിപ്പുകൾക്കും അലർട്ടുകൾക്കുമൊക്കെ ഒരു കേന്ദ്രീകൃത സ്വഭാവം വന്നുതുടങ്ങിയത്. തകർത്തു പെയ്ത മഴയ്ക്ക് അന്ന് മുന്നറിയിപ്പുകളൊന്നും ഉണ്ടായില്ല. നിറഞ്ഞൊഴുകാറായ സംഭരണികൾ തുറന്നപ്പോഴും ജില്ലാ ഭരണകൂടം അറിഞ്ഞില്ല.
2018 ഇതോടെ എല്ലാവർക്കും ഒരു പാഠമായി. ദുരന്തനിവാരണ നിയമവും അഥോറിറ്റിയുമൊക്കെ പിന്നാലെ സടകുടഞ്ഞെഴുന്നേറ്റു. ഇന്നിപ്പോൾ മാനത്ത് മഴക്കാറും കണ്ടാൽ ജാഗ്രത നിർദേശങ്ങൾ വരും. പക്ഷേ അപ്പോഴും ഈ നിർദേശങ്ങൾക്കപ്പുറം 2018ലേതു പോലെ ദുരന്തങ്ങൾ വന്നാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമില്ല.
2018 ഓഗസ്റ്റ് 15 നേരം പുലര്‍ന്നതോടെയാണ് സമീപകാലത്തു പത്തനംതിട്ട ജില്ല കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനു സാക്ഷ്യം വഹിച്ചു തുടങ്ങിയത്. അതിനു മുമ്പ് 99ലെ (1924) വെള്ളപ്പൊക്കത്തെ പഴയ തലമുറ അനുസ്മരിക്കാറുണ്ടായിരുന്നെങ്കിലും പ്രളയക്കെടുതികളുടെ രൂക്ഷത പുതുതലമുറ അറിഞ്ഞത് 2018ലാണ്.
പിന്നീട് 2019ലും വെള്ളപ്പൊക്കം ആവർത്തിച്ചെങ്കിലും ദുരിതം അത്രകണ്ട് ഭീകരമായിരുന്നില്ല.
2018 ഓഗസ്റ്റ് ആദ്യം മുതല്ക്കേ ശക്തമായ മഴ ലഭിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ 14നു രാത്രിയില്‍ അപ്രതീക്ഷിതമായി മഴ ശക്തമായതും ഇതിനു പിന്നാലെയുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും സംഭരണികളുടെ ഷട്ടറുകള്‍ മുഴുവന്‍ ഉയര്‍ത്തിയതുമെല്ലാം കൂടി പത്തനംതിട്ട ജില്ലയെ മുക്കിയെന്നു പറയാം.
പമ്പാനദിയുടെ തീരങ്ങളിലേക്ക് അപ്രതീക്ഷിതമായ നിലയില്‍ വെള്ളം പൊങ്ങിവന്നത് ഓഗസ്റ്റ് 14നു രാത്രിയോടെയാണ്. 15നു പകൽ മഴ ശക്തമായി തുടരുകയും മേഘവിസ്ഫോടനം പോലെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ നാടിനെ പിടിച്ചുലയ്ക്കുകയും ചെയ്തു.
കെടുതികളുടെ രൂക്ഷത തുടങ്ങിയത് ശബരിമല പന്പയിൽനിന്നാണ്. 14നു തന്നെ മറുകര കടക്കാനാകാതെ പന്പ മുങ്ങിയിരുന്നു. പന്പാനദിയുടെ തീരങ്ങൾ ഒന്നൊന്നായി മുങ്ങിക്കൊണ്ടിരുന്നു.
15ന് ഉച്ചയായപ്പോഴും റാന്നി ഏതാണ്ട് പൂര്‍ണമായി മുങ്ങി. പമ്പയുടെ തീരങ്ങളില്‍നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് ജലം വന്‍തോതില്‍ ഉയര്‍ന്നുപൊങ്ങിയപ്പോള്‍ കുടുങ്ങിപ്പോയത് നിരവധിയാളുകളാണ്. അധികം ജീവനുകള്‍ നഷ്ടമാകാതെ നാടൊന്നിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയെന്നതാണ് 2018ലെ പ്രളയകാലത്തെ അവിസ്മരണീയമാക്കുന്നത്.
ഡാമുകള്‍ തുറന്നുവിട്ടു; വെള്ളം കുതിച്ചെത്തി
2018 ഓഗസ്റ്റ് ഒമ്പതിന് കക്കി, പമ്പ ഡാമുകള ഏറെ വര്‍ഷങ്ങള്‍ക്കുശേഷം തുറന്നിരുന്നു. മഴ ശക്തമായതോടെ ജലനിരപ്പ് 100 ശതമാനത്തിലെത്തിയതോടെയാണ് സംഭരണികളുടെ ഷട്ടറുകള തുറന്നത്. പിന്നീട് മഴയുടെ ശക്തി കൂടുന്നതും കുറയുന്നതും കണക്കാക്കി ഷട്ടറുകള്‍ കൂടുതല്‍ തുറക്കുകയും അടയ്ക്കുകയുമൊക്കെ ചെയ്തുവന്നു.
എന്നാല്‍, ഓഗസ്റ്റ് 14നു മഴ ശക്തമായതോടെ സ്ഥിതിഗതികള്‍ വഷളായി. വൈകുന്നേരത്തോടെ വൃഷ്ടിപ്രദേശങ്ങളില്‍ പെയ്തത് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മഴയായിരുന്നു. രാത്രിയോടെ സംഭരണികളുടെ ഷട്ടറുകള്‍ പൂര്‍ണമായി തുറന്നുവയ്ക്കേണ്ട സാഹചര്യമുണ്ടായി. ഇതിനൊപ്പം ഉരുളുകള്കൂടി പൊട്ടിയതോടെ കിഴക്കന്‍ മേഖലയില്‍ വെള്ളം കുതിച്ചുയര്‍ന്നു.
മഴ ശക്തമായിരുന്നപ്പോഴും സംഭരണിയുടെ ജലനിരപ്പ് 100 ശതമാനംവരെ എത്താൻ കാത്തിരുന്നത് ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെട്ടു. പിന്നീടുള്ള വർഷങ്ങളിൽ 85 ശതമാനം ജലനിരപ്പ് എത്തുന്പോൾതന്നെ സംഭരണികൾ തുറക്കാൻ തുടങ്ങിയിട്ടുണ്ട്.
പമ്പാനദിയില്‍ മാലക്കര കേന്ദ്രീകരിച്ച് കേന്ദ്ര ജലകമ്മീഷന് സ്ഥാപിച്ചിട്ടുള്ള സ്കെയിലില്‍ 2018 ഓഗസ്റ്റ് 16ന് ചരിത്രത്തിലെ ഏറ്റവും വലിയ ജലനിരപ്പ് രേഖപ്പെടുതതിയശേഷം അതും മുങ്ങിപ്പോയി.
സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം
ഓഗസ്റ്റ് 15നു റാന്നിയിലാണ് രക്ഷാപ്രവർത്തനങ്ങൾക്കായി നാട് ആദ്യം ഒന്നിച്ചത്. രാവിലെയോടെ റാന്നിയിലെ വീടുകളും കെട്ടിടങ്ങളും എല്ലാം മുങ്ങിയതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനം കണ്ടുതുടങ്ങി. കാര്യമായ സംവിധാനങ്ങളൊന്നുമില്ലാതെയാണ് വെള്ളപ്പൊക്കത്തെ നേരിടേണ്ടിവന്നത്.
കെട്ടിടങ്ങളില്‍ കുടുങ്ങിയവരുടെ രോദനം ഉയർന്നതോടെ രക്ഷാപ്രവര്‍ത്തനത്തിനായി ചെറുവള്ളങ്ങളും റബര്‍ ട്യൂബുകളുമായി ചെറുപ്പക്കാർ രംഗത്തിറങ്ങി. റാന്നിയുടെ അന്നത്തെ എംഎൽഎ രാജു ഏബ്രഹാം ഇവർക്ക് നേതൃത്വം നൽകി ഒപ്പമുണ്ടായിരുന്നു.
പിന്നീട് കോന്നിയില്‍നിന്ന് കുട്ടിവഞ്ചി എത്തിച്ചു. വൈകുന്നേരത്തോടെ ഹെലികോപ്ടര്‍ എത്തിച്ച് ആദ്യരക്ഷാപ്രവര്‍ത്തനം. റാന്നിക്കു സമാനമായ സാഹചര്യം പമ്പയുടെ തീരങ്ങളില്‍ താഴേക്കും തുടർന്നുള്ള ദിവസങ്ങളിലുണ്ടായി. അയിരൂര്‍, കോഴഞ്ചേരി, ആറന്മുള, കോയിപ്രം, തോട്ടപ്പുഴശേരി പഞ്ചായത്തുകളിലെല്ലാം വെള്ളം കയറിക്കൊണ്ടേയിരുന്നു. രണ്ടുനിലവീടുവരെ മുങ്ങി.
തീരത്തുനിന്ന് കിലോമീറ്ററുകൾക്കപ്പുറത്തേക്ക് വെള്ളം എത്തി. വീടുകളില്‍ കുടുങ്ങിയവരെ പുറത്തിറക്കാനാകാത്ത സാഹചര്യം. രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലാക്കുന്നതിനു മനുഷ്യസാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടന്നു.
കേരളത്തിന്റെ സ്വന്തം സൈന്യമെന്നു പേരുലഭിച്ച മത്സ്യത്തൊഴിലാളികള്‍ സ്വന്തം ബോട്ടുകളുമായി ഓഗസ്റ്റ് 16 മുതല്‍ ആറന്മുള ഭാഗത്ത് എത്തി. ഇതിനൊപ്പം മണിമലയും അച്ചന്‍കോവിലാറും കരകവിഞ്ഞ് വെള്ളം മറ്റു പ്രദേശങ്ങളിലും വ്യാപിച്ചിരുന്നു. വൈദ്യുതി നിലച്ചു, പെട്രോള്‍ പമ്പുകള്‍ അടഞ്ഞു. ഭക്ഷണസാധനങ്ങളും കുടിവെള്ളവും ലഭ്യമല്ലാതായി, ദുരിതത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു എവിടെയും. ഓര്‍ക്കാന്‍പോലും പലരും ഇഷ്ടപ്പെടാത്ത അനുഭവങ്ങള്‍ നാട് ഒന്നിച്ചു നേരിട്ടുവെന്നതാണ് പ്രളയകലത്തിന്റെ പാഠം.
നഷ്ടം സഹിച്ച് വ്യാപാരമേഖല
പ്രളയകാലത്ത് ഇതര മേഖലകളില്‍ നാശനഷ്ടമുണ്ടായവരെ സര്‍ക്കാര്‍ പരിഗണിച്ചപ്പോഴും ഒരു പൈസ പോലും നഷ്ടപരിഹാരം ലഭിക്കാത്തവരാണ് വ്യാപാരികള്‍. ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നവര്‍ ആ നിലയ്ക്കു കുറച്ച് സഹായങ്ങള്‍ ഉറപ്പാക്കി. എന്നാല്‍ ഇതൊന്നുമില്ലാത്തവര്‍ക്ക് ഒരു സഹായവും ലഭിച്ചില്ല.
ഓണത്തോടനുബന്ധിച്ച് വന്‍തോതില്‍ സ്റ്റോക്ക് എടുത്തുവച്ചിരുന്ന സമയത്താണ് മഴയും പ്രളയവും വന്നെത്തിയത്. പത്തനംതിട്ട ജില്ലയില്‍ റാന്നി, വടശേരിക്കര, അത്തിക്കയം, ചെറുകോല്‍പ്പുഴ, കോഴഞ്ചേരി, പന്തളം, ആറന്മുള, പുല്ലാട്, മല്ലപ്പള്ളി, പത്തനംതിട്ട, ഓമല്ലൂര്‍ പ്രദേശങ്ങളില്‍ വ്യാപാരികള്‍ക്കുണ്ടായത് വന്‍ നഷ്ടമാണ്. അപ്രതീക്ഷിതമായ പ്രളയം അവരെ തളര്ത്തിക്കഴിഞ്ഞു. പ്രളയത്തിനുശേഷം വ്യാപാരം തന്നെ ഉപേക്ഷിച്ചവര്‍ നിരവധിയാണ്. പലര്‍ക്കും കടബാധ്യതകളായി. വായ്പയെടുത്തും മറ്റുമായി വ്യാപാരം നടത്തിയവര്ക്കുമേല് ബാങ്കുകളും നിയന്ത്രണം കടുപ്പിച്ചതോടെ നില്ക്കാന് കഴിയാതെയായി. ഇന്നും ഇതിന്റെ പേരില്‍ ജപ്തി നടപടികളും മറ്റും നേരിടുന്നവര്‍ ഏറെയാണ്. തുടര്‍ന്നുണ്ടായ പ്രളയങ്ങളിലും വ്യാപാര മേഖലയോടു സര്‍ക്കാര്‍ കാരുണ്യം കാട്ടിയില്ല.
സര്‍ക്കാര്‍ സഹായത്തോടെയുള്ള സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് സ്ഥാപനങ്ങളും നഷ്ടം നേരിട്ടവരുടെ കൂട്ടത്തിലുണ്ട്. പ്രളയത്തെത്തുടര്‍ന്ന് അടഞ്ഞുപോയ സര്‍ക്കാര്‍ സ്ഥാപനങ്ങളും എടിഎമ്മുകളൊക്കെ ഇപ്പോഴും ഒരു ദുരന്തകഥയുടെ നേർക്കാഴ്ചകളായി അവശേഷിക്കുന്നു.
മാറ്റിപ്പാര്‍പ്പിച്ചത് 1.33 ലക്ഷം ആളുകളെ
ഔദ്യോഗിക കണക്കുകള്‍ പ്രകാരം മഹാപ്രളയകാലത്ത് ജില്ലയില്‍ 543 ദുരിതാശ്വാസ ക്യാമ്പുകളിലായി 35,539 കുടുംബങ്ങളിലെ 1,33,074 പേരെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നത്. പല ക്യാമ്പുകളും മാസങ്ങളോളം പ്രവര്‍ത്തിച്ചു. 615 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. വീട് നഷ്ടപ്പെട്ടവര്‍ക്കു താത്കാലിക സൗകര്യങ്ങളൊരുക്കി മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു.
സീതത്തോട്ടിലെ ഉരുൾപൊട്ടലിൽ നാലു ജീവനുകൾ ഒന്നിച്ചു നഷ്ടമായി. പിന്നീടുള്ള പല മരണങ്ങളും ഒറ്റപ്പെട്ടവയായിരുന്നു. വെള്ളം കയറിയ വീടുകളിൽ കുടുങ്ങിയ ചിലർ ചികിത്സ കിട്ടാതെയും മറ്റും മരിച്ചു.
വാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, മറ്റു ജീവനോപാധികള്‍ ഇവയെല്ലാം നഷ്ടപ്പെട്ടവരേറെ. ദുരിതങ്ങളുടെ നീണ്ട നിരയാണ് പ്രളയകാലം പലര്‍ക്കും സമ്മാനിച്ചത്. മതിലുകള്‍ തീര്‍ത്ത് ഇരുനില വീടുകള്‍ പണിത് കഴിഞ്ഞിരുന്നവര്‍ മുതല്‍ സാധാരണക്കാരുടെ കുടിലുകളില്വരെ പ്രളയജലം എത്തി.
മതില്‍ക്കെട്ടുകളും ഗ്രില്ലുകളുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിനു തടസമുണ്ടാക്കി. പുനരധിവാസത്തിനും കൂട്ടായ ഒരു ശ്രമം പിന്നീടുകണ്ടു. സന്നദ്ധസംഘടനകളുടെ ഉള്‍പ്പെടെ സഹകരണത്തില്‍.