തദ്ദേശസ്ഥാപന പരിധികളിലെ ജലസംഭരണികളുടെ പരിശോധന കാര്യക്ഷമമാക്കാൻ നിർദേശം
1571279
Sunday, June 29, 2025 5:40 AM IST
കൽപ്പറ്റ: തദ്ദേശ സ്ഥാപന പരിധികളിലുള്ള ജലസംഭരണികളുടെ പരിശോധന കാര്യക്ഷമമാക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ. ജില്ലാ വികസന സമിതി യോഗത്തിൽ തദ്ദേശ ഭരണ ജോയിന്റ് ഡയറക്ടർക്കും ഭൂഗർഭജല വിഭാഗം ഉദ്യോഗസ്ഥർക്കും അവർ നൽകിയതാണ് ഈ നിർദേശം. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ ജനവാസ മേഖലകളിൽ വിവിധ ആവശ്യങ്ങൾക്ക് നിർമിക്കുന്ന ജലസംഭരണികളുടെ സുരക്ഷ ഉറപ്പാക്കാണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. ജലസംഭരണ പദ്ധതികൾ കാലവർഷത്തിൽ അപകടാവസ്ഥയിലാകുന്നുണ്ടെന്ന് കളക്ടർ പറഞ്ഞു.
കോടനാട് പ്ലാന്േറഷൻ മാനേജ്മെന്റ് സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തി നിർമിച്ച തടയണ പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുത്ത് പൊളിച്ചുനീക്കാൻ കളക്ടർ നിർദേശം നൽകി.
ജില്ലയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ ആവശ്യം വരുന്പോൾ മാറ്റി പാർപ്പിക്കുന്നതിന് സൗകര്യം ഉറപ്പാക്കിയതായും അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാൻ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ട്രീ കമ്മിറ്റി ചേർന്നതായും തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർ യോഗത്തിൽ അറിയിച്ചു.
മഴക്കാലരോഗങ്ങൾ പ്രതിരോധിക്കാൻ മുൻ വർഷങ്ങളിലെ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് ഉറവിട നശീകരണം നടത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ടി. മോഹൻദാസ് അറിയിച്ചു. സ്കൂളുകളിൽ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ജില്ലയിലെ
എല്ലാ പഞ്ചായത്തുകളിലും ഡ്രോപ്പ് ഒൗട്ട് ഫ്രീ പദ്ധതി നടപ്പാക്കാൻ കളക്ടർ നിർദേശിച്ചു.
പാടിച്ചിറ വില്ലേജിലെ പെരിക്കല്ലൂരിൽ നൂറോളം കർഷകരുടെ ഭൂമിയിൽ ഉടമാവകാശം ഉന്നയിച്ച് വക്കീൽ നോട്ടീസ് അയച്ചവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപിയുടെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത കെ.എൽ. പൗലോസ് യോഗത്തിൽ ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാൻ റവന്യു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കളക്ടർ അറിയിച്ചു.
പുൽപ്പള്ളി, ചേകാടി മേഖലയിൽ റോഡിനോടുചേർന്ന് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിനും വന്യജീവികൾ കൃഷി നശിപ്പിക്കുന്നതിനുള്ള നഷ്ടപരിഹാരം വർധിപ്പിക്കുന്നതിനും ദേശീയപാതയുടെ വശങ്ങളിലെ കാട് വെട്ടിമാറ്റുന്നതും അടിയന്തര നടപടി വേണമെന്നും പൗലോസ് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയെ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനു പങ്കുവഹിച്ച തൊഴിലുറപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർക്കു പ്രശംസാപത്രം വിതരണം ചെയ്തു.