ചീരാലിൽ വീണ്ടും പുലിയുടെ ആക്രമണം: വളർത്തുനായ ചത്തു
1571015
Saturday, June 28, 2025 5:41 AM IST
സുൽത്താൻ ബത്തേരി: ചീരാൽ പണിക്കർപടി നിരവത്ത്കണ്ടത്തിൽ എൽദോയുടെ വളർത്തുനായയെ കഴിഞ്ഞദിവസം രാത്രി പുലി അക്രമിച്ച് കൊലപ്പെടുത്തി. വീടിന് സമീപം കെട്ടിയിട്ട നായയെയാണ് പുലി പിടിച്ചത്. ബഹളം കേട്ടെങ്കിലും ഭയം കാരണംവീട്ടുകാർ പുറത്തിറങ്ങിയില്ല. പശുവും ആടുകളും അടക്കം കഴിഞ്ഞ രണ്ടു മാസത്തിനിടെ 11 വളർത്തു മൃഗങ്ങളെയാണ് പുലി അക്രമിച്ചത്.
ഇവയിൽ ആറെണ്ണം ചത്തു. വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്ന പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഇതുവരെ പുലി കുടുങ്ങിയിട്ടില്ല. നിരന്തരം ഉണ്ടാകുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും രാത്രികാലങ്ങളിൽ പട്രോളിംഗ് ഏർപ്പെടുത്തണമെന്നുമുള്ള പ്രദേശവാസികളുടെ ആവശ്യം ഇതുവരെയും വനംവകുപ്പ് കൈക്കൊണ്ടിട്ടില്ലെന്ന് ജനങ്ങൾ ആരോപിച്ചു.
കഴിഞ്ഞദിവസം രാവിലെ വനംവകുപ്പിന് വിവരമറിയിച്ചിട്ടും മുത്തങ്ങ റേഞ്ച് ഉദ്യോഗസ്ഥരെത്തി ഈ പ്രദേശം മേപ്പാടി റേഞ്ച് പരിധിയിൽ ആണെന്ന് പറഞ്ഞു തിരിച്ചു പോകുകയാണുണ്ടായത്. വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.