കാട്ടാനകളെ പേടിച്ച് പുറത്തിറങ്ങാനാവാതെ വടക്കനാട്
1570736
Friday, June 27, 2025 5:42 AM IST
സുൽത്താൻബത്തേരി: കാട്ടാനകളെകൊണ്ട് പൊറുതിമുട്ടി വടക്കനാട് മേഖല. സന്ധ്യമയങ്ങുന്നതോടെ നാട്ടിലെത്തുന്ന കാട്ടാനകൾ കൃഷികൾ നശിപ്പിക്കുന്നതിനുപുറമേ കർഷകരുടെ ജീവനും ഭീഷണിയാവുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി എല്ലാദിവസം കാട്ടാനയെത്തുന്നുണ്ട്.
പണയന്പം, വടക്കനാട്, കരിപ്പൂര്‍, പള്ളിവയൽ എന്നിവിടങ്ങളിലെല്ലാം കാട്ടാനകളുടെ വിളയാട്ടമാണ്. നേരം ഇരുട്ടുന്നതിനുമുന്നേ കാട്ടാനകൾ വനാതിർത്തികളിൽ നിലയുറപ്പിക്കുകയും ഇരുട്ട് വീണ്തുടങ്ങുന്പോൾ കൃഷിയിടത്തിലേക്കിറങ്ങുകയുമാണ്. മുട്ടികൊന്പനും മോഴയാനയും മറ്റൊരു കൊന്പനുമാണ് ഇപ്പോൾ വടക്കനാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. ഇവ പലയിടങ്ങളിലായാണ് കൃഷിയിടത്തിലേക്ക് കടക്കുന്നത്. നേരെ പുലരുംവരെ കൃഷിയിടത്തിൽ തുടരും.
ചക്ക, മാങ്ങ എന്നിവയുടെ കാലമായതിനാൽ ഇവഭക്ഷിക്കാനായാണ് കാട്ടാനകൾ എത്തുന്നത്. വീടിനുതൊട്ടടുത്ത് വരെയെത്തിയാണ് മാവും പ്ലാവും കുലുക്കി മാങ്ങയും ചക്കയും വീഴ്ത്തിതിന്നുന്നത്. മഴക്കാലം കൂടിയായതിനാൽ പറന്പുകളിൽ ആനയെത്തിയാൽ അറിയുകപോലുമില്ല.
ഇതുകാരണം അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങുന്പോൾ ഇവയുടെ മുന്നിൽ അകപെടാനുള്ള സാധ്യതയും ഏറെയാണ്. വനാതിർത്തികളിൽ തന്പടിക്കുന്ന കാട്ടാനകളെ തുരത്തണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പാക്കുന്നില്ലെന്നാണ് ആരോപണം.
നിരവധി കർഷകരുടെ തെങ്ങ്, കമുക്, കാപ്പി അടക്കമുള്ള വിളകൾ ഇതിനോടകം നശിപ്പിച്ചുകഴിഞ്ഞു. ദിനംപ്രതി കാട്ടാനയിറങ്ങി കർഷകരുടെ ഉറക്കം കെടുത്തുന്പോഴും 2018ൽ വടക്കനാട് മേഖലയിൽ പ്രഖ്യാപിച്ച ക്രാഷ് ഗാർഡ്, അയണ്‍ റോപ്പ് ഫെൻസിംഗ് ഇതുവരെ നടപ്പായിട്ടില്ല. മുപ്പത്തിരണ്ടര കിലോമീറ്റർ ദൂരത്തിലാണ് ഫെൻസിംഗ് സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിൽ ആദ്യഘട്ടത്തിൽ നാലര കിലോമീറ്റർ ദൂരം ഫെൻസിംഗ് സ്ഥാപിക്കാൻ കിഫ്ബിയിൽ നിന്ന് രണ്ടര കോടി രൂപയും പാസാക്കി.
എന്നാൽ പിന്നീട് വനംവകുപ്പന്റെ ടെക്നിക്കൽ ടീം അയണ്‍ റോപ്പ് ഫെൻസിംഗ് കാട്ടാനകൾ തള്ളിയാൽ മറഞ്ഞുവീഴുമെന്ന റിപ്പോർട്ടിൻമേൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഈ പദ്ധതിതന്നെ ഇവിടെ നടപ്പാക്കണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്. ഏഴുവർഷമായിട്ടും പദ്ധതിനടപ്പാക്കാത്തിനെതിരെ ശക്തമായ പ്രതിഷേധവും കർഷകർക്കുണ്ട്.