കോഴിക്കോട്: കോഴിക്കോട് ബീച്ച് കാണാന്‍ കാറുമായി എത്തി പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാതെ കുടുങ്ങിപോയവരായിരിക്കും നാമെല്ലാവരും. ഉത്സവ കാലങ്ങളില്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഒടുവില്‍ ഇതിന് ഒരു പരിഹാരമാകുന്നു.
മാരിടൈം ബോര്‍ഡും കോഴിക്കോട് കോര്‍പറേഷനും സംയുക്തമായി തുടങ്ങുന്ന ബീച്ചിലെ ലോറി, കാര്‍ പാര്‍ക്കിംഗ് നിര്‍മാണ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു. മേയര്‍ ഡോ.ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ്, സ്ഥിരം സമിതി ചെയര്മാന്മാരായ ഒ. പി ഷിജിന, പി.ദിവാകരന്, പി.സി.രാജന്, കെ. കൃഷ്ണകുമാരി, കോര്പറേഷന് സെക്രട്ടറി കെ.യു.ബിനി , പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ സെജോ ഗോര്‍ഡിയസ്, പോര്‍ട്ട് കണ്‍സേര്‍വേറ്റര്‍ കെ.മുഹമ്മദ് റാഫി, കോര്പറേഷന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷഹിസ്ത ആയിഷ സി.പി.എം എന്നിവര്‍സന്നിഹിതരായിരുന്നു.
ബോര്‍ഡ് ചെയര്മാന് എന്‍. എസ് .പിള്ള , പ്രൈവറ്റ് സെക്രട്ടറി ജോയ് , ഇബ്രാഹിം ഇരിക്കൂര്‍, ക്യാപ്റ്റന്‍ അശ്വനി പ്രതാപ് എന്നിവരും ഓണ്‍ലൈനില്‍ പരിപാടിയില്‍ പങ്കെടുത്തു. കോര്പറേഷന് സെക്രട്ടറി കെ. യു.ബിനി, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ സെജോ ഗോര്‍ഡിയസ് എന്നിവര്‍ ഇരു ഭാഗത്തെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരായും, കെ.മുഹമ്മദ് റാഫി, ഷഹിസ്ത ആയിഷ സി.പി.എം എന്നിവര്‍ സാക്ഷികളായും ധാരണാപത്രം ഒപ്പുവച്ചു.
നോര്‍ത്ത് ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങള്‍ക്ക് ശേഷം വരുന്നതും നാലേക്കര്‍ വിസ്തീര്‍ണമുള്ളതുമായ പോര്‍ട്ടിന്റെ അധീനതയിലുള്ള സ്ഥലമാണ് പദ്ധതിക്ക് തിരഞ്ഞെടുത്തിട്ടുള്ളത് .
ഇവിടെ 700 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും , ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനും , ഭിന്നശേഷിക്കാര്‍ക്ക് പാര്‍ക്കിങ്ങിനുള്ള സൗകര്യവും , ചെറിയ സീ ഫുഡ് കോര്‍ട്ടുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും.
സമാനമായ രീതിയില്‍ കോനാട് ബീച്ചില്‍ ഇരുന്നൂറിലധികം ലോറികള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ലോറി പാര്‍ക്കിങ് സംവിധാനവും അനുബന്ധ സൗകര്യങ്ങളും ഒരുക്കും.മുപ്പത് വർഷത്തേക്കാണ് പദ്ധതിക്കായി തുറമുഖ വകുപ്പ് ഭൂമി വിട്ടുനൽകുക. ഇതിനുള്ള മൂലധന നിക്ഷേപവും വരുമാനവും തുല്യമായി കോർപറേഷനും തുറമുഖ വകുപ്പും പങ്കുവയ്ക്കും.