കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോക്കാവോ' എന്‍ട്രന്‍സ് പരീക്ഷ. 56 കാരനായ ചൈനീസ് കോടീശ്വരന് ലിയാങ് ഷി നാലു പതിറ്റാണ്ടായി ഈ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നു.
ഇതുവരെ 27 പരീക്ഷ എഴുതി. ഇരുപത്തിയേഴിലും തോറ്റു. ചൈനയിലെ പ്രസിദ്ധമായ സിചുവാൻ സർവകലാശാലയിൽ ഒരു കോഴ്സ് ചെയ്യാനും അതുവഴി "ബുദ്ധിജീവി' ആകാനുമുള്ള ആഗ്രഹത്താലാണത്രെ ലിയാങ് ഷി പരീക്ഷ എഴുതുന്നത്.
ഈവർഷവും തോറ്റ ഷി, ആഗ്രഹം സഫലീകരിക്കും വരെ ശ്രമം തുടരുമെന്ന വാശിയിലാണ്. ചെറിയൊരു ഫാക്ടറിയില്‍നിന്നാണ് ലിയാങ് ഷി തന്റെ ജീവിതം ആരംഭിക്കുന്നത്. ഈ കമ്പനിയിലൂടെയാണ് കോടീശ്വരനായി.
എന്നാല്‍, ഒരു സര്‍വകലാശാലയില്‍ പഠിക്കണമെന്ന ആഗ്രഹം അദ്ദേഹത്തെ വിടാതെ പിടികൂടി. അതിനായി അദ്ദേഹം 12 മണിക്കൂര്‍ വരെ പഠനത്തിനു ചെലവഴിച്ചു. ഇഷ്ടയിനങ്ങളായ മദ്യപാനവും മഹ്ജോംഗ് കളിയും ഒഴിവാക്കി.
ഈ വര്‍ഷം പരീക്ഷ പാസാകാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു ഷി. അതിനായി മാസങ്ങളോളും താനൊരു സന്യാസിയെപോലെ ജീവിച്ചുവെന്ന് അദ്ദേഹംതന്നെ പറയുന്നു. എന്നാല്‍ പരീക്ഷാ ഫലം വന്നപ്പോള്‍ പാസാവാന്‍ 34 മാര്‍ക്ക് കൂടി വേണമായിരുന്നു.
ജയിക്കും വരെ പരീക്ഷ എഴുതിക്കൊണ്ടിരിക്കുമെന്ന് ആവർത്തിക്കുന്ന ഷിയുടെ വാശിക്കു പിന്നിൽ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന ആക്ഷേപവും അതിനിടെ ഉയരുന്നുണ്ട്.