‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോഷങ്ങളുടെ പ്രത്യേകതയിലോ ഒന്നുമല്ല, അവിടത്തെ പ്രതിഷ്ഠയുടെ പേരിലാണ്. ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്താണെന്നല്ലേ, എൻഫീൽഡ് ബുള്ളറ്റ്!
രാജസ്ഥാനിലെ ജോധ്പുരിനടുത്ത് ഛോട്ടില എന്ന ഗ്രാമത്തിലാണ് ഇരുചക്രവാഹനത്തെ ആരാധിക്കുന്ന ക്ഷേത്രമുള്ളത്. 1991 മുതലാണ് എന്‍ഫീല്‍ഡ് ബുള്ളറ്റിൽ ദൈവാംശം ഉള്ളതായി കണ്ടെത്തി ആരാധന നടത്താൻ തുടങ്ങിയതത്രെ! ‘ഓംബന’ അഥവ ‘ബുള്ളറ്റ് ബാബ’ എന്നാണു വിശ്വാസികള്‍ ബുള്ളറ്റിനെ വിളിക്കുന്നത്.
സുരക്ഷിതയാത്ര, വാഹന ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ അനുഗ്രഹം തേടിയാണ് ബുള്ളറ്റ് ബാബയുടെ നടയ്ക്കൽ ഭക്തർ എത്തുന്നത്. നിത്യവും നൂറുകണക്കിന് ആളുകൾ ഇവിടെ പ്രാർഥിക്കാൻ എത്തുന്നു.
ജോധ്പുരിലെത്തുന്ന സഞ്ചാരികളും ബുള്ളറ്റ് ബാബയുടെ നടയ്ക്കൽ എത്തുന്നു. പുഷ്പങ്ങൾ, കര്‍പ്പൂരം അഭിഷേകം എന്നിവയ്ക്കു പുറമെ പ്രധാനപ്പെട്ട മറ്റൊരു വഴിപാടുകൂടി ഇവിടെയുണ്ട്. ബിയർ അഭിഷേകം! ബുള്ളറ്റിനു മുകളിലൂടെ ബിയർ ഒഴിച്ച് അഭിഷേകം നടത്തിയാൽ ബുള്ളറ്റ് ബാബ പ്രസാദിക്കുമെന്നാണ് വിശ്വാസം.
വിചിത്രമായ ഇവിടത്തെ പ്രതിഷ്ഠയുടെ കഥ, ഓംബന സിംഗ് പത്താവത്ത് എന്ന യുവാവുമായി ബന്ധപ്പെട്ടുകിടക്കുന്നു. 1988 ഡിസംബർ രണ്ടിന് പിതാവ് സമ്മാനമായി നൽകിയ റോയൽ എൻഫീൽഡ് ബുള്ളറ്റിൽ സുഹൃത്തുക്കളുമായി കറങ്ങാനിറങ്ങിയതായിരുന്നു സിംഗ്.
എതിരേവന്ന ഒരു ലോറിയുമായി ബുള്ളറ്റ് കൂട്ടിയിടിച്ചു. അപകടത്തിൽ സിംഗ് കൊല്ലപ്പെട്ടു. അപകടത്തെത്തുടർന്ന് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് നേരം വെളുത്തപ്പോൾ കാണാതായി. അന്വേഷിച്ചിറങ്ങിയ പോലീസുകാർ ബുള്ളറ്റ് അപകടസ്ഥലത്തുതന്നെ കണ്ടെത്തി.
സ്റ്റേഷനിൽ തിരികെയെത്തിച്ച ബുള്ളറ്റ് അടുത്തദിവസം നേരം വെളുത്തപ്പോൾ വീണ്ടും അപകടസ്ഥലത്തു തിരിച്ചെത്തി. ഇതു പലതവണ ആവർത്തിച്ചു. അന്വേഷിച്ചിട്ട് ഒരു തുന്പുമില്ല.
അവസാനം പോലീസുകാർ വരെ പേടിച്ചുപോയി. തുടർന്ന് സിംഗിന്റെ വീട്ടുകാർക്ക് ബുള്ളറ്റ് തിരികെ നൽകി. അവരത് ഗുജറാത്തിലുള്ള ഒരാൾക്ക് വിറ്റു. എന്നാൽ ബുള്ളറ്റ് വീണ്ടും അപകടസ്ഥലത്തു തിരിച്ചെത്തി.
നാട്ടിലെങ്ങും വാർത്ത പരന്നു. ബുള്ളറ്റിനും ഓംബന്ന സിംഗിനും ദൈവാംശം ഉണ്ടെന്ന വാർത്ത അന്യദേശങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. അദ്ഭുത ബുള്ളറ്റിനെ കാണാൻ ആയിരക്കണക്കിന് ആളുകൾ എത്താനും തുടങ്ങി.
ആളുകൾ ബുള്ളറ്റിനെയും ഓംബന സിംഗിനെയും ആരാധിക്കാൻ തുടങ്ങി. പിന്നീട് അപകടം നടന്ന സ്ഥലത്ത് ഒരു ക്ഷേത്രം നിർമിച്ച് ബുള്ളറ്റിനെയും സിംഗിനെയും അവിടെ പ്രതിഷ്ഠിച്ചു.