ആഘോഷത്തിന്റെ ദസറക്കാലം
ജോജി വർഗീസ്
എന്താ ദസറയ്ക്ക് പോകുകയല്ലേ.. എല്ലാവര്‍ഷവും കേള്‍ക്കുന്ന ചോദ്യം... അതെ ഇത്തവണയും ദസറ പൊളിക്കുകയാണ്... ദിവസങ്ങളായി നാടൊഴുകുകയാണ് മൈസുരുവിലേക്ക്... മനസുകളില്‍ ആഘോഷത്തിന്റെ അമിട്ടുപൊട്ടുന്ന ദസറക്കാലം മനസുകളില്‍ ആഘോഷം വാരിവിതറുകയാണ്.
അമ്പരപ്പിക്കുന്ന കാഴ്ചകളും കൗതുകകരമായ അലങ്കാരങ്ങളും മറ്റൊരിടത്തും കാണാൻ സാധിക്കാത്ത ചടങ്ങുകളും പിന്നെ വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന മൈസൂരു നഗരവും കാണാൻ ലോകം മുഴുവൻ എത്തുന്ന ദിനങ്ങൾ...
സഞ്ചാരികളെന്നോ വിശ്വാസികളെന്നോ ഭേദമില്ലാതെ, പതിനായിരക്കണക്കിനാളുകള്‍ ഇനിവരുന്ന ദിവസങ്ങളിൽ മൈസൂരുവിൽ എത്തും. 13 വരെയാണ് ഈ വർഷത്തെ ദസറ ആഘോഷം.
കളര്‍ ഫുള്‍ ദിനങ്ങള്‍
മൈസൂരു ദസറയുടെ സന്തോഷം എന്നത് അവിടത്തെ ചടങ്ങുകളില്‍ കൂടി പങ്കെടുക്കുക എന്നതാണ്. എല്ലാം കണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ പോലും പരേഡ്, പൂജാ ചടങ്ങുകള്‍, ജംബോ സവാരി, ഇത്തവണത്തെ ഡ്രോൺ ഷോ തുടങ്ങിയവയൊക്കെ ഒഴിവാക്കാൻ പറ്റാത്തവയാണ്. മൈസൂരു ദസറ 2024 ലെ പ്രധാന ചടങ്ങുകളും പരിപാടികളും ഏതൊക്കെയെന്ന് നോക്കാം.
പാലസ് ലൈറ്റിംഗ്
മൈസൂരു ഒരുക്കുന്ന ഏറ്റവും മനോഹര കാഴ്ച തന്നെയാണ് മൈസൂരു പാലസ് ലൈറ്റിംഗ്. അംബാവിലാസ് കൊട്ടാരത്തിലെ ദീപാലങ്കാരം രാത്രി ഏഴ് മുതൽ12 വരെയാണ്. ഇതു കാണാൻ മാത്രമായും ആളുകൾ മൈസൂരുവിൽ എത്തുന്നു.
കൊട്ടാരം മാത്രമല്ല, മൈസൂരു സർക്കിൾ, ടൗൺ എന്നിവിടങ്ങളും വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന സമയമാണിത്. മൊത്തത്തിൽ 130 കിലോമീറ്റർ നീളത്തിലാണ് അലങ്കാരങ്ങൾ ഒരുക്കിയിട്ടുള്ളത്.
1500 ഡ്രോണുകൾ പറക്കുന്നു
ഈ വർഷത്തെ ദസറയുടെ ഏറ്റവും വലിയ ആകർഷണം ഡ്രോണ്‍ ഷോ ആണ്. ഏകദേശം 1,500 ഡ്രോണുകൾ ചേർന്ന് ആറ്, ഏഴ് തിയതികളിൽ പ്രദർശിപ്പിച്ച ഷോ ഇതിനകം ആളുകളെ അത്ഭുതപ്പെടുത്തികഴിഞ്ഞു. മൈസൂർ ദസറയിൽ ആദ്യമായാണ് ഡ്രോൺ ഷോ നടക്കുന്നത്.
11, 12 തിയതികളിൽ രാത്രി 8.00 മുതൽ 8.15 വരെ ബന്നിമണ്ഡപ ടോര്‍ച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ ഡ്രോൺ ഷോ വീണ്ടും നടക്കും. 11 ന് ടോര്‍ച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ട് റിഹേഴ്സൽ പാസ് ഉള്ളവർക്കും 12 ന് ടോര്‍ച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ട് പാസ് ഉള്ളവർക്കും മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്നുവരെ ഈ ഡ്രോൺ ഷോ ആകാശത്ത് കാണാം.
ജംബോ സവാരി
ദസറയുടെ സമാപന ദിവസമാണ് ഏറ്റവും പേരുകേട്ട ജംബോ സവാരി നടക്കുന്നത്. ഇത്തവണ 12 നാണ് ജംബോ സവാരി. ഉച്ചയ്ക്ക് 2.30 ന് അഭിമന്യു എന്ന ആനയുടെ പുറത്ത് ചാമുണ്ഡേശ്വരിയുടെ വിഗ്രഹം വഹിച്ചുള്ള യാത്ര ആരംഭിക്കുന്നത്.
സുവര്‍ണ ഹൗഡ അഥവാ സുവർണ സിംഹാസനത്തിന് 750 കിലോഗ്രാം ആണ് ഭാരം. അഭിമന്യുവിന് പുറകെ വേറെ 13 ആനകളും ഉണ്ടായിരിക്കും. ബന്നി മണ്ഡപത്തിലേക്കാണ് ഈ യാത്ര. ബന്നിമണ്ഡപത്തിൽ മറ്റു ചടങ്ങുകളും ഒരുക്കിയിട്ടുണ്ട്.
ടോർച്ച് ലൈറ്റ് പരേഡ്
ദസറയുടെ സമാപനം കുറിച്ചുനടക്കുന്ന ചടങ്ങെന്ന് ടോർച്ച് ലൈറ്റ് പരേഡിനെ വിശേഷിപ്പിക്കാം. ജംബോ സവാരിക്ക് ശേഷം ബന്നി മണ്ഡപ ഗ്രൗണ്ടിൽ രാത്രിയിലാണ് ടോർച്ച് ലൈറ്റ് പരേഡ്. 12ന് വൈകിട്ട് ആറ് മുതൽ പത്തുവരെയാണ് ഇത് നടക്കുക.