വരിക്ക ചക്കയ്ക്ക് കടപ്ലാവിൽ എന്താണ് കാര്യം?
കടപ്ലാവിൽ വരിക്ക ചക്കയ്ക്ക് എന്താണ് കാര്യം എന്നല്ലേ! കാണാം. മൂന്നു വർഷം മുന്പ് നട്ട കടപ്ലാവിൽ കായ്ച്ച വരിക്കച്ചക്ക കൗതുകമായി. മേലൂർ പഞ്ചായത്തിലെ പുഷ്പഗിരി കുന്നപ്പിള്ളിയിൽ ആലുവക്കാരൻ ശിവന്റെ വീട്ടിലാണ് അപൂർവ പ്രതിഭാസം.
തൃശൂരിലെ നഴ്സറിയിൽ നിന്നും മൂന്നുവർഷം മുന്പാണ് ശിവൻ അഞ്ച് കടപ്ലാവിൻ തൈകൾ വാങ്ങിയത്. നാലെണ്ണം എന്തൊക്കെയൊ കാരണങ്ങളാൽ നശിച്ചുപോയി. അവശേഷിച്ച ഒന്നിനെ പരിപാലിച്ച് വളർത്തി വലുതാക്കുകയും ചെയ്തു.
ഏറെ താമസിയാതെ കടപ്ലാവിൽ പൂവിട്ട് ആറു ചക്കകളും കായ്ച്ചു. കഴിഞ്ഞ ദിവസം കറിക്കായി ആദ്യത്തെ കടച്ചക്ക പറിച്ചപ്പോഴാണ് ഏവരേയും അദ്ഭുതപ്പെടുത്തിയ ആ കാഴ്ച. നിറയെ കൂർത്ത മുള്ളും വെട്ടി മുറിച്ചപ്പോൾ ചുളയും ചക്കക്കുരുവും കാണുന്നത്. വരിക്കചക്കയ്ക്കു സമാനമായ ഗന്ധമുണ്ടായതായി വീട്ടുകാർ പറയുന്നു.