"ആംബര്‍ അലര്‍ട്ട്’ സിസ്റ്റവുമായി ഇന്‍സ്റ്റഗ്രാം; കാണാതായ കുട്ടികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്താന്‍ സഹായിക്കും
"ആംബര്‍ അലര്‍ട്ട്’ സിസ്റ്റവുമായി ഇന്‍സ്റ്റഗ്രാം; കാണാതായ കുട്ടികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്താന്‍ സഹായിക്കും
Thursday, June 2, 2022 3:38 PM IST
കാണാതായ കുട്ടികളെ കണ്ടെത്താന്‍ സഹായിക്കാനുള്ള ഒരുക്കത്തില്‍ ഇന്‍സ്റ്റഗ്രാം. ഇതിനായി "ആംബര്‍ അലര്‍ട്ട്’ പദ്ധതി തുടങ്ങിയിരിക്കയാണവര്‍. ജൂണ്‍ ഒന്നിനാണ് ഔദ്യോഗികമായി ഇംഗ്ലണ്ടില്‍ ആംബര്‍ അലര്‍ട്ട് തുടങ്ങിയത്. വരുന്ന ആഴ്ചകളില്‍ 24 രാജ്യങ്ങളില്‍ക്കൂടി തുടങ്ങാനാണ് പദ്ധതിയിടുന്നത്.

അര്‍ജന്‍റീന, ഓസ്ട്രേലിയ, ബെല്‍ജിയം, ബള്‍ഗേറിയ, കാനാഡ, ഇക്വഡോര്‍, ഗ്രീസ്, ഗ്വാട്ടിമല, അയര്‍ലന്‍ഡ്, ജമൈക്ക, കൊറിയ, ലിത്വാനിയ, ലക്സെംബര്‍ഗ്, മലേഷ്യ, മാള്‍ട്ട, മെക്സിക്കൊ, നെതര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, റൊമാനിയ, ദക്ഷിണാഫ്രിക്ക, തായ്‌വാന്‍, യുക്രൈയ്ന്‍, യുഎഈ, അമേരിക്ക എന്നിവിടങ്ങളിലാണ് ഉടന്‍ ആരംഭിക്കുക.

"ആംബര്‍ അലര്‍ട്ട്' ഏര്‍പ്പാട് 2015ല്‍ ഫേസ്ബുക്ക് നടപ്പില്‍ വരുത്തിയിരുന്നു. ഇത് വിജയകരമായതിനെ തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാമും തീരുമാനമെടുത്തത്.

അമേരിക്കയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ മിസിംഗ് ആന്‍റ് എക്സ്പ്ലോയിറ്റട് ചില്‍ഡ്രന്‍, ഇംഗ്ലണ്ടിലെ ദേശീയ ക്രൈം ഏജന്‍സി, മെക്സിക്കോയിലെ അറ്റോര്‍ണി ജനറലിന്‍റെ കാര്യാലയം, ഓസ്ട്രേലിയയിലെ ഫെഡറല്‍ പോലീസ്, ദി ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ മിസിംഗ് ആന്‍റ് എക്സ്പ്ലോയിറ്റട് ചില്‍ഡ്രന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇന്‍സ്റ്റഗ്രാം ഈ ഫീച്ചര്‍ നടപ്പാക്കുന്നത്.


"ആംബര്‍ അലര്‍ട്ട്’ പ്രകാരം കാണാതായ കുട്ടികളുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും തദ്ദേശവാസികളായ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളിലേക്ക് പെട്ടെന്നുതന്നെ എത്തിക്കും. കാണാതായി മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ അലര്‍ട്ട് ആളുകളിലേക്ക് എത്തിക്കാനായാല്‍ കുട്ടിയെ കണ്ടെത്താനുള്ള സാധ്യത കൂടുമെന്നാണ് അധികൃതര്‍ ചിന്തിക്കുന്നത്. വൈകാതെതന്നെ ഈ ആശയം ലോകം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഇന്‍സ്റ്റഗ്രാമിന്‍റെ പദ്ധതി.

1996 ലാണ് ആംബര്‍ അലര്‍ട്ട് സിസ്റ്റം അമേരിക്കയില്‍ തുടങ്ങുന്നത്. ആംബര്‍ ഹാഗര്‍മാന്‍ എന്നൊരു ഒമ്പതു വയസുകാരിയുടെ തിരോധാനത്തെ തുടര്‍ന്ന് അമേരിക്കയിലെ ഡള്ളാസ് -ഫോര്‍ട്ട് വൊര്‍ത്തിലുള്ള ശ്രവ്യ മാധ്യമസംഘം അവിടുള്ള പോലീസുമായി സഹകരിച്ചിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ആംബര്‍ കൊല്ലപ്പെട്ടിരുന്നു.

പിന്നീട് കാണാതാകുന്ന കുട്ടികള്‍ക്കായുള്ള തിരച്ചില്‍ രീതി ഇത്തരത്തിലാക്കുകയും "ആംബര്‍ അലര്‍ട്ട്' എന്ന് പേര് നല്‍കുകയുമായിരുന്നു. "അമേരിക്കാസ് മിസിംഗ് ബ്രോഡ്കാസ്റ്റ് എമര്‍ജന്‍സി റെസ്പോണ്‍സ്’ എന്നാണ് ആംബറിന്‍റെ പൂര്‍ണരൂപം.