കൊറോണക്കാലം നല്ലകാലമാക്കി ഗെയിം ബിസിനസുകാർ
Wednesday, February 5, 2020 4:00 PM IST
കൊറോണ വൈറസ് ഭീതിക്കിടയിലും ചൈനയിൽ ഓണ്‍ലൈൻ ഗെയിമുകൾക്കും ഷോർട്ട് വീഡിയോ ഷെയറിംഗ് ആപ്പുകൾക്കും വലിയ പ്രചാരം.വൈറസിനെ പേടിച്ച് വീടിനു പുറത്തിറങ്ങാനാവാത്ത സാഹചര്യത്തിൽ ബോറടി മാറ്റാൻ ഗെയിമുകളെയും വീഡിയോ ആപ്പുകളെയും ചൈനീസ് ജനത കൂടുതലായി ആശ്രയിക്കുന്നതാണ് കാരണം.
ചൈനീസ് ഗെയിം പബ്ലിഷർമാരായ ടെൻസന്റ്, ഒൗർപാം, വീഡിയോ ആപ്പ് നിർമാതാക്കളായ ബിലിബി, ബൈറ്റ് ഡാൻസ് തുടങ്ങിയവയുടെ ഓഹരിവില കഴിഞ്ഞ മൂന്നു ആഴ്ചയ്ക്കിടെ വർധിച്ചതായാണ് റിപ്പോർട്ടുകൾ.സേർച്ച് എൻജിൻ ബയ്ഡു, ഇ-കൊമേഴ്സ് വന്പൻ ആലിബാബ എന്നിവയും നേട്ടമുണ്ടാക്കി. വാഹനനിർമാതാക്കളായ ടെസ്ല, മേഴ്സിഡസ് ബെൻസ് എന്നീ കന്പനികൾ ചൈനയിൽ തങ്ങളുടെ പുതിയ മോഡലുകളുടെ പ്രചാരണം ഓണ്‍ലൈനിൽ സജീവമാക്കിയതായാണ് വിവരം.
കാറുകളുടെ വിശദാംശങ്ങളും വീഡിയോ ചിത്രങ്ങളും മറ്റും ജനപ്രിയ ചൈനീസ് ആപ്പുകളിലൂടെ ചൈനീസ് ജനതയിൽ എത്തിക്കാനാണ് വന്പൻ വാഹനനിർമാതാക്കളുടെ ശ്രമം. കീടാണുക്കളുടെ വ്യാപാനം പ്രമേയമാക്കിയുള്ള പ്ലേഗ് ഐഎൻസി ഗെയിമിനും ലോകമെന്പാടും വലിയ പ്രചാരമുണ്ടായി.
എന്നാൽ കൊറോണ വൈറസ് പ്രചാരണം തടയാനുള്ള മാർഗങ്ങൾതേടിയാണ് പലരും പ്ലേഗ് ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നതെന്ന വിവരം അറിഞ്ഞതോടെ ഗെയിം ഡെവലർപ്പർമാരായ എൻഡമിക് ക്രിയേഷൻസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
പ്ലേഗ് ഐഎൻസിഎന്നത് ഗെയിം മാത്രമാണെന്നും കൊറോണ വൈറസിനെ സംബന്ധിച്ച വിവരങ്ങൾക്ക് ഗെയിമിനെ ആശ്രയിക്കരുതെന്നും കന്പനി പുറത്തിറക്കിയ പ്രസ്താവനയിൽപറയുന്നു.