നിരവധി രാജ്യങ്ങളിൽ വാവേയ്ക്കു വിലക്ക്, പക്ഷേ ഇന്ത്യക്കു വേണം
Monday, December 31, 2018 3:18 PM IST
ന്യൂഡൽഹി: ലോകത്തിലെ നിരവധി ശക്തിരാഷ്ട്രങ്ങൾ ഏറ്റവും വലിയ ടെലികോം എക്വിപ്മെന്റ് നിർമാതാക്കളായ വാവേയുടെ ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. രാജ്യസുരക്ഷയെ മുൻനിർത്തിയാണ് വാവേയുടെ ഉത്പന്നങ്ങൾക്കു വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഈ വർഷം ഓഗസ്റ്റ് മുതൽ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ തുടങ്ങി ഏഴു രാജ്യങ്ങളാണ് വാവേ ഉത്പന്നങ്ങൾക്കു വിലക്കേർപ്പെടുത്തിയത്. യുകെയും ഫ്രാൻസും ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ ചൈനീസ് കമ്പനിക്കെതിരേ നിൽക്കാൻ ജർമനിയെയും ഇറ്റലിയെയും അമേരിക്ക ക്ഷണിക്കുകയും ചെയ്തു.
ഇന്ത്യക്കു കൈവിടാൻ പറ്റില്ല
2019ൽ 5ജി നെറ്റ്വർക്ക് നേടാൻ തയാറെടുക്കുകയാണ് ഇന്ത്യ. വാവേ ഈ പദ്ധതിയുടെ പങ്കാളിയാണ്. കൂടാതെ ഇന്ത്യൻ ടെലികോം മേഖലയിൽ വാവേയ്ക്കു ശക്തമായ സാന്നിധ്യമുള്ളതിനാൽ ഇനിയൊരു മാറ്റിനിർത്തൽ പ്രായോഗികമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കൂടാതെ ഇന്ത്യയിൽ നിക്ഷേപങ്ങൾ, ദീർഘകാല റീപേമെന്റ് പദ്ധതികൾ തുടങ്ങിയവയും വാവേയ്ക്കുണ്ട്.
വിലക്ക് തെറ്റിദ്ധാരണ മൂലം: വാവേ
സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമാണ് വാവേ പ്രാധാന്യം നല്കുന്നത്. കമ്പനിക്ക് സുരക്ഷിതമായ സൈബർ സെക്യൂരിറ്റി ഉറപ്പുതരാൻ കഴിയും. ഇതുവരെയുള്ള ട്രാക്ക് റിക്കാർഡുകളും അങ്ങനെയാണ്. കൂടാതെ നിയമങ്ങൾക്കധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നതെന്ന് വാവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യയിൽ രണ്ടു പതിറ്റാണ്ട്
ഏകദേശം രണ്ടു പതിറ്റാണ്ടായി വാവേ ഇന്ത്യയിലുണ്ട്. അതായത്, ഇന്ത്യയിൽ ആദ്യമായി നിക്ഷേപം നടത്തിയ ചൈനീസ് കമ്പനികളിൽ ഈ കമ്പനിക്കു സ്ഥാനമുണ്ട്. ചൈനയ്ക്കു പുറത്തുള്ള ഏറ്റവും വലിയ ആർ ആൻഡ് ഡി സെന്റർ ബംഗളൂരുവിലാണ്.
സ്മാർട്ട്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഡോംഗിളുകൾ തുടങ്ങിയവയാണ് വാവേ ഇന്ത്യയിൽ ഉപയോക്താക്കൾക്കു വിൽക്കുന്നത്. നെറ്റ്വർക്ക് കാരിയർമാർക്ക് ടെലികോം എക്വിപ്മെന്റുകളും സോഫ്റ്റ്വേറുകളും വിൽക്കുന്നു.
രാജ്യത്തെ പ്രധാന ടെലികോം കമ്പനികൾ എല്ലാംതന്നെ വാവേയുടെ ഉത്പന്നങ്ങളാണ് ഉപയോഗിച്ചിരുന്നത്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലും ഇതിൽ ഉൾപ്പെടും.
ആരോപണങ്ങൾ നിരവധി
1987ൽ റെൻ ഷെംഗ്ഫിയും നാലു പാർട്ണർമാരും ചേർന്നാണ് വാവേ സ്ഥാപിച്ചതെന്ന് ബ്ലൂംബെർഗ് പറയുന്നു. 2018ൽ ലോകത്തിലെ ഏറ്റവും വലിയ ടെലികോം എക്വിപ്മെന്റ് നിർമാതാക്കളും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ നിർമാതാക്കളുമാണ് വാവേ.
1990കൾ മുതൽ വാവേയ്ക്കെതിരേ ആരോപണം ഉയരുന്നുണ്ട്. കമ്പനിയുടെ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരുടെ വിലപ്പെട്ട വിവരങ്ങൾ ചൈനയിലേക്ക് അയയ്ക്കുന്നു എന്നാണ് അന്നു മുതൽ ഉയരുന്ന ആരോപണം. ഇത് ഇപ്പോഴുമുണ്ടെന്ന് ഡൽഹിയിലെ ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കൺസൾട്ടന്റ് രവി വിശ്വേശ്വരയ്യ ശാരദ പ്രസാദ് പറയുന്നു.
ഉടമസ്ഥതയിലും അവ്യക്തത
ജീവനക്കാരാണ് വാവേയുടെ ഉടമസ്ഥരെന്നാണ് വയ്പ്. സ്ഥാപകനും ഡയറക്ടറും സിഇഒയുമായ റെൻ ഷെംഗ്ഫിക്ക് 1.4 ശതമാനം ഓഹരി മാത്രമേ സ്ഥാപനത്തിലുള്ളൂ.
വിവാദങ്ങൾക്കൊപ്പം അറസ്റ്റും
വിലക്കുകൾക്കൊടുവിൽ ഈ മാസം ആദ്യം ഷെംഗ്ഫിയുടെ മകൾ മേംഗ് വാൻഷോ കാനഡയിൽവച്ച് അറസ്റ്റിലായി. കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥയാണ് മേംഗ്.
ആരോപണങ്ങളുണ്ടെങ്കിലും ലാഭത്തിൽത്തന്നെ
അതിവേഗം വളരുന്ന കമ്പനികളിലൊന്നാണ് വാവേ. 2017ൽ 9254.9 കോടി ഡോളറിന്റെ വരുമാനമുണ്ടായിരുന്നു. ഈ വർഷം അത് 10,000 കോടി ഡോളറായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ.