പഴവർഗകൃഷിയിൽ താരമായി ഷിബു
Saturday, May 31, 2025 12:19 PM IST
ഭൂമിയല്ല, കൃഷി ചെയ്യാൻ മനസാണു വേണ്ടത്. ആവശ്യത്തിനു സ്ഥലമില്ലാത്തതിനാൽ പെരുവഴിയിൽ പോലും പഴവർഗ ചെടികൾ നട്ടുപിടിപ്പിച്ചു കൃഷിയിൽ താരമാകുകയാണ് കൊച്ചി പള്ളുരുത്തി സ്വദേശി ഷിബു ഭരതൻ.
പള്ളുരുത്തി ഇഎസ്ഐ റോഡിൽ മദർ തെരേസ ജംഗ്ഷന് സമീപമുള്ള വീടിന്റെ ഇടവഴിയിലേക്കു കയറുന്പോൾ തന്നെ വലിയ പ്ലാസ്റ്റിക് ഡ്രമ്മിൽ 10 അടിയോളം ഉയരത്തിൽ കായ്ച്ചു നിൽക്കുന്ന തെങ്ങു കാണാം.
പിന്നീടങ്ങോട്ട് വഴിയുടെ അരിക് ചേർന്ന് വലിയ ചട്ടികളിലും ഡ്രമ്മുകളിലും ആരോഗ്യത്തോടെ വളർന്നു നിൽക്കുന്ന സ്വദേശിയും വിദേശികളുമായ നൂറു കണക്കിനു പഴചെടികൾ. അതിൽ മിക്കതിലും മൂത്ത് പാകമായി കിടക്കുന്ന പഴങ്ങൾ.
നൂറിലേറെ പഴവർഗങ്ങൾ
ജമൈക്കൻ മിൽക്ക് ഫ്രൂട്ട്, ആമസോണ്‍ കാടുകളിൽ കാണുന്ന റെയിൻ ഫോറസ്റ്റ് പ്ലം, അബിയു, പുലാസാൻ, സ്വീറ്റ് ലൂബി, സീഡ്ലസ് നാരകം, റംബൂട്ടാൻ, സീതപ്പഴം, വെസ്റ്റ് ഇന്ത്യൻ ചെറി, പാക്കിസ്ഥാൻ മൾബറി, ലോങ്ങൻ, റെഡ് ലെമണ്‍, അവ്ക്കാഡോ, മനില ചെറി, ബ്രൗണ്‍ നെല്ലി, ബ്രസലിയൻ ഇനമായ ജബോട്ടിക്കാബയുടെ വ്യത്യസ്ത ഇനങ്ങൾ ഉൾപ്പെടെ നൂറിലേറെ വിവിധ തരം പഴച്ചെടികളാണ് ഷിബു നട്ടു പരിപാലിക്കുന്നത്.
മാവിന്റെ തന്നെ മുപ്പതോളം ഇനങ്ങളും ചാന്പയുടെയും പേരയുടെയും നിരവധി ഇനങ്ങളും ഇവിടെ കായ്ച്ചു നിൽക്കുന്നു. ഷിബുവിന്റെ വീട്ടിലേക്കുള്ള വഴിയുടെ ഇരുവശവും പണ്ടു മാലിന്യം നിറഞ്ഞ ഇടങ്ങളായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ അതെല്ലാം മാറ്റി നിരനിരയായി ചട്ടികൾ സ്ഥാപിച്ചു പഴച്ചെടികൾ നട്ടാണ് ഷിബു തന്റെ കൃഷി അഭിമുഖ്യം വെളിപ്പെടുത്തിയത്. അതോടെ മാലിന്യം വലിച്ചെറിയൽ നിന്നുവെന്നു മാത്രമല്ല, വീട്ടിലേക്കുള്ള 200 മീറ്ററോളം ദൂരം വരുന്ന വഴിയുടെ ഇരുവശങ്ങളും വ്യത്യസ്ത കായ്കൾ നിറഞ്ഞ പഴച്ചെടികൾ കൊണ്ടു നിറയുകയും ചെയ്തു.

പഴച്ചെടികൾക്കിടയിലൊരു വീട്
രണ്ടര സെന്റിലാണ് ഷിബുവിന്റെ വീട്. അവിടെയെത്തിയാൽ നാലുവശത്തും ചെടിച്ചട്ടികളിലും ഡ്രമ്മുകളിലും കായ്ച്ചു നിൽക്കുന്ന മരങ്ങളാണ്. വീടിന്റെ ഉള്ളിലേക്കു കയറാനുള്ള വഴി മാത്രമാണ് ഒഴിച്ചിട്ടിട്ടുള്ളത്.
ബാക്കി ഭാഗങ്ങൾ മുഴുവൻ പഴച്ചെടികളും മരങ്ങളും. കൃഷിയിടം കാണാൻ വരുന്ന സുഹൃത്തുക്കൾക്കും അയൽക്കാർക്കും പഴങ്ങൾ ആവശ്യത്തിനു കൊടുക്കുകയും ചെയ്യും.
വളപ്രയോഗം
ഷിബു കൃഷി ചെയ്യാൻ തുടങ്ങിയിട്ട് 20 വർഷമായി. രാസവളങ്ങൾ തെല്ലുമില്ല. മഴക്കാലത്തിനു മുന്‍പ് ചെടികളുടെ കൊന്പ് കോതി ചുവടുകൾ വൃത്തിയാക്കും. പിന്നീട് ഡോളോമൈറ്റ് ഇടും.
പത്ത് ദിവസത്തിന് ശേഷമാണ് വളപ്രയോഗം. ചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, എന്നിവയാണ് പ്രധാന വളങ്ങൾ.
വരുമാനമാർഗം
താൻ ചെയ്യുന്ന കൃഷികളുടെയും രീതികളുടെയും വീഡിയോകൾ ന്ധഷിബു ഭരതൻ ന്ധഎന്ന യൂട്യുബ് ചാനലിൽ അദ്ദേഹം പോസ്റ്റ് ചെയ്യാറുണ്ട്. കൃഷി രീതികൾ കണ്ട് സംശയനിവാരണത്തിന് സമീപിക്കുന്നവർ നിരവധിയാണ്.
ഇവർക്കെല്ലാം അദ്ദേഹം മറുപടി നൽകാറുമുണ്ട്. കേരളത്തിൽ പല സ്ഥലങ്ങളിലും ചെടികൾ നട്ടു പിടിപ്പിക്കുന്നതിന് പലരും സമീപ്പിക്കാറുണ്ട്. ഇവർക്കെല്ലാം വീടുകളിൽ എത്തി ചെടികൾ നട്ടു നൽകുകയും അവയുടെ പരിപാലനം ഏറ്റെടുക്കുകയും ചെയ്യും.
അതാണ് ഷിബു ഭരതന്റെ പ്രധാന വരുമാന മാർഗം.
ഫോണ്‍: 9847595909