കാളിദാസ്-താരിണി വിവാഹം ഞായറാഴ്ച ഗുരുവായൂരിൽ; താരിണി മരുമകളല്ല, മകളാണെന്ന് ജയറാം
Friday, December 6, 2024 11:08 AM IST
നടൻ കാളിദാസ് ജയറാമിന്റെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കമായി. സുഹൃത്തും മോഡലുമായ തരിണി കലിംഗരായർ ആണ് വധു. പ്രി-വെഡ്ഡിംഗ് ചടങ്ങുകളോടെ ചെന്നൈയിലാണ് ആദ്യചടങ്ങ് ആരംഭിച്ചത്. ഗുരുവായൂരിൽ വച്ച് ഞായറാഴ്ചയാണ് താരത്തിന്റെ വിവാഹം.
കേരളത്തിലെ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്ത ചെന്നൈയിലെ അടുത്ത സുഹൃത്തുക്കൾക്കായാണ് പ്രി-വെഡ്ഡിംഗ് ചടങ്ങ് നടത്തിയത്. വർഷങ്ങളായി ചെന്നൈയിലാണ് താരകുടുംബം താമസിച്ചു പോരുന്നത്.
‘എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അതിന്ന് പൂർണമാകുകയാണ്. ഷൂട്ടിംഗിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തിൽ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നതിൽ ദൈവത്തിന്റെ പുണ്യമാണ്. ദൈവത്തോട് നന്ദി പറയുകയാണ്. ഗുരുവായൂരിൽ വച്ചാണ് വിവാഹം. എട്ടാം തിയതി. തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ്.’’–പ്രി വെഡ്ഡിംഗ് ചടങ്ങിൽ ജയറാം പറഞ്ഞു.
‘‘എന്ത് പറയണമെന്നറിയില്ല. മൊത്തം ബ്ലാങ്കായിരിക്കയാണ്. പൊതുവേ സ്റ്റേജിൽ വരുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഞാൻ മാനേജ് ചെയ്യാറുണ്ട്. പക്ഷേ ഇപ്പോഴെന്താന്ന് അറിയില്ല അസ്വസ്ഥതയും ഭയവും എല്ലാം ഉണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷകരമായ നിമിഷമാണിത്. താരിണിക്കൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണം.’’–കാളിദാസ് ജയറാമിന്റെ വാക്കുകൾ ഇങ്ങനെ.
2023 നവംബറില്‍ ചെന്നൈയില്‍ വച്ചായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹ നിശ്ചയം. തമിഴ്നാട്ടിലെ നീലഗിരിയില്‍ നിന്നുള്ള താരിണി, വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.
16-ാം വയസ്സ് മുതല്‍ മോഡലിംഗ് രംഗത്ത് സജീവമാണ്. മിസ് യൂണിവേഴ്സ് ഇന്ത്യ 2021 മത്സരത്തില്‍ മൂന്നാം റണ്ണറപ്പ് ആയിരുന്നു.
ജയറാമിന്റെ ഇളയമകൾ ചക്കി എന്ന മാളവിക ജയറാമിന്റെ വിവാഹവും ഈ വർഷമായിരുന്നു. ലണ്ടനിൽ ഉദ്യോഗസ്ഥൻ ആയ നവ്നീത് ഗിരീഷ് ആണ് ഭർത്താവ്.