നടൻ ജയറം അറുപതിന്റെ നിറവിൽ; ഗുരുവായൂരമ്പലനടയിൽവച്ച് ഒന്നുകൂടി പാർവതിയുടെ കഴുത്തിൽ താലികെട്ടണമെന്നാഗ്രഹം
Tuesday, December 10, 2024 1:33 PM IST
മലയാളത്തിന്റെ പ്രിയ കലാകാരൻ ജയറാമിന് ഇന്ന് 60-ാം പിറന്നാൾ. മകൻ കാളിദാസിന്റെ വിവാഹത്തിന് പിന്നാലെയെത്തിയ പിറന്നാളിന് ഇരട്ടിമധുരമെന്നാണ് ജയറാം പറയുന്നത്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്.
രണ്ട് ദിവസം മുമ്പായിരുന്നു ജയറാമിന്റെയും നടി പാർവതിയുടെയും മകന് കാളിദാസ് വിവാഹതനായത്.
രണ്ട് മക്കളുടെയും വിവാഹശേഷം വരുന്ന ആദ്യ ജന്മദിനമെന്നതാണ് ജയറാമിനെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ പ്രത്യേകത. അതിന്റെ സന്തോഷത്തിലാണ് താരം.
1965 ഡിസംബര്‍ 10ന് പെരുമ്പാവൂരിയിരുന്നു ജയറാമിന്റെ ജനനം. കോളേജ് കാലത്ത് തന്നെ മിമിക്രിയിലടക്കം താരം വ്യക്തിമുദ്ര പതിപ്പിച്ചു. പത്മരാജന് സംവിധാനം ചെയ്ത അപരന് ആയിരുന്നു ജയറാമിന്റെ ആദ്യ ചിത്രം.
എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തരവൻ കൂടിയാണ് ജയറാം. അപരന് എന്ന ചിത്രത്തിലേക്ക് താന്‍ ഒരു പുതുമുഖ നായകനെ തേടുന്നുണ്ട് പത്മരാജന് മലയാറ്റൂരിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് മലയാറ്റൂര്‍ ഒരു ചെറുപ്പക്കാരനെ പത്മരാജന്റെ അടുത്തേക്ക് വിട്ടു. എന്നാല്‍ പത്മരാജന് അത്ര തൃപ്തിയായില്ല.
അങ്ങനെയാണ് കലാഭവനിലെ മിമിക്സ് പരേഡിലുള്ള തന്റെ ബന്ധു ജയറാമിനെക്കുറിച്ച് മലയാറ്റൂര്‍ പത്മരാജനോട് പറയുന്നത്. ജയറാമിന്റെ പ്രകടനങ്ങള്‍ പത്മരാജന്റെ മകന് അനന്തപത്മനാഭനും കണ്ടിരുന്നു. ജയറാമിന്റെ കഴിവിനെക്കുറിച്ച് അനന്തപത്മനാഭന് പത്മരാജനോട് പറയുകയും ചെയ്തു. അങ്ങനെയാണ് അപരന് എന്ന സിനിമയിലേക്ക് ജയറാം എത്തുന്നത്.
അങ്ങനെ ജയറാമിന്റെ സിനിമാ ജീവിതത്തിലും 1988ല്‍ തുടക്കമായി. ആ വര്‍ഷം തന്നെ ജയറാമിന്റേതായി പുറത്തിറങ്ങിയത് ആറു സിനിമകളാണ്. പിന്നീട് എണ്ണം പറഞ്ഞ ചിത്രങ്ങള്‍. മികച്ച പ്രകടനങ്ങള്‍. ആരാധക മനസുകളില്‍ ജയറാം ഒരു സ്ഥാനം കണ്ടെത്തി. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ചിത്രങ്ങളിലും താരം ശ്രദ്ധേയനായി. ഈ വര്‍ഷം പുറത്തിറങ്ങിയ എബ്രഹാം ഓസ്ലര് ആണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.
""നമ്മൾ ജനിക്കുന്ന വയസൊന്ന്. പള്ളിക്കുടത്തിൽ ചേർക്കാൻ വേണ്ടി കൊടുക്കുന്ന കള്ള വയസൊന്ന്. അതുകഴിഞ്ഞ് ജോലി കിട്ടാനും ജീവിതത്തിലെ പലഘട്ടങ്ങളിലും പറയുന്ന വയസുകൾ ഒരുപാട്. വെറൊരാൾ നമ്മുടെ മുഖത്ത് നോക്കി പറയുന്നൊരു വയസുണ്ട്. അതിനെക്കാൾ ഏറ്റവും വലുത് നമ്മുടെ മനസ് പറയുന്ന വയസാണ്.
അങ്ങനെ നോക്കുകയാണെങ്കിൽ എനിക്ക് വയസ് വളരെ പുറകിലേക്കാണ്. എന്റെ എസ്എസ്എൽസി ബുക്ക് നോക്കിയാലും പാസ്പോർട്ട് നോക്കിയാലും 1965 ഡിസംബർ 10 ആണ് എന്റെ ഡേറ്റ് ഓഫ് ബർത്ത്. അങ്ങനെ നോക്കിയാൽ 59 ആയേ ഉള്ളൂ.
കടന്നു വരുന്ന ഓരോ പ്രായങ്ങളും എൻജോയ് ചെയ്യുന്നൊരാളാണ് ഞാൻ. നര, സ്കിന്നിൽ വരുന്ന ചുളിവുകളെല്ലാം ഞാൻ എൻജോയ് ചെയ്യാറുണ്ട്. നിലവിൽ മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞു. ഇനി ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് പോകുകയാണ്. ജയറാം പറയുന്നു.
അറുപത് വയസാകുന്ന സമയത്ത് ഞങ്ങളുടെ കൾച്ചറിൽ ഒരു താലി കെട്ടണം എന്നുണ്ട്. 70, 80 വയസുകളിലും താലി കെട്ടണം. എന്റെ സഹോദരിയാണ് അതുണ്ടാക്കി തരേണ്ടത്. താലി റെഡിയാക്കി വച്ചിട്ടുണ്ട്. ഗുരുവായൂരമ്പലത്തിൽ വച്ച് തന്നെ കെട്ടാം എന്നാണ്. ഒന്നും നമ്മുടെ കൈയിലില്ല. ദൈവത്തിന്റെ കൈകളിലാണല്ലോ''. ജയറാം കൂട്ടിച്ചേർത്തു.