രാപ്പകലിലെ മമ്മൂട്ടി നൻപകലിലെ മമ്മൂട്ടിയായി; മന്ത്രിയെ ട്രോളി ഹരീഷ് പേരടി
Tuesday, December 10, 2024 9:45 AM IST
സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ നൃത്താവിഷ്കാരം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന ആരോപണം ഉന്നയിച്ച മന്ത്രി വി. ശിവൻ കുട്ടിയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി.
‘‘രാപ്പകലിലെ നയൻതാര കാരണവരായ വിജയരാഘവനോട് പരാതി പറഞ്ഞപ്പോൾ രാപ്പകലിലെ വിജയാരാഘവൻ രാപ്പകലിലെ മമ്മൂട്ടിയോട് മറ്റുള്ളവരുടെ ജീവിതത്തിലും ശമ്പളത്തിലും ഇടപെടാതെ മിണ്ടാതിരുന്ന് തന്നെ ഏൽപ്പിച്ച പണിയെടുക്കാൻ പറഞ്ഞു. അതോടെ രാപ്പകലിലെ മമ്മൂട്ടി നൻപകൽ നേരത്തിലെ മമ്മൂട്ടിയായി… എല്ലാം ശാന്തം. ഹരീഷ് പേരടി കുറിച്ചു.
പരാമർശം വിവാദമായതിന് പിന്നാലെ പരാമര്‍മശം വി. ശിവന്‍കുട്ടി പിൻവലിച്ചിരുന്നു. സ്കൂള്‍ കലോത്സവം തുടങ്ങുന്നതിന് മുന്‍പ് അനാവശ്യമായ ചര്‍ച്ചകള്‍ വേണ്ട എന്നതുകൊണ്ടാണ് തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ പരിഹസിച്ച് ഹരീഷ് എത്തിയത്.
സ്കൂൾ കലോത്സവത്തിലൂടെ മികച്ച കലാകാരിയാകുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരിൽ ചിലർ അഹങ്കാരമാണ് കാണിക്കുന്നതെന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്.
16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളർന്നു വന്ന ഒരു പ്രശസ്ത സിനിമാനടിയോട് കുട്ടികളെ 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ സമ്മതിച്ച അവർ അഞ്ചു ലക്ഷം രൂപ പ്രതിഫലം ചോദിച്ചു എന്ന് ശിവൻ കുട്ടി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണിതെന്നും ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചുവെന്നും ശിവൻ കുട്ടി പറഞ്ഞു.