രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരി തെളിയും; ഷബാന ആസ്മിയെ ആദരിക്കും
Thursday, December 12, 2024 12:44 PM IST
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കും. അഭിനയരംഗത്ത് 50 വർഷം തികയ്ക്കുന്ന വേളയിലാണ് ഷബാന ആസ്മിക്ക് ഐഎഫ്എഫ്എഫ്കെയുടെ ആദരമുണ്ടാകുന്നത്.
ഹോങ്കോംഗിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ഉദ്ഘാടന ചടങ്ങിൽ സമ്മാനിക്കും. 10 ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
തുടർന്ന് ഉദ്ഘാടന ചിത്രമായ "ഐ ആം സ്റ്റിൽ ഹിയർ' പ്രദർശിപ്പിക്കും. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനം ചെയ്ത പോർച്ചുഗീസ് ഭാഷയിലുള്ള ഈ ചിത്രം ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും അരങ്ങേറും.
ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ 63 സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര മേളകളിൽ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവൽ ഫേവറിറ്റ്സ് മറ്റൊരു ആകർഷണമായിരിക്കും. അർമേനിയൻ സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ദക്ഷിണ കൊറിയൻ സംവിധായകൻ ഹോംഗ് സാംഗ് സൂ, സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ നടി ഷബാന ആസ്മി, ഛായാഗ്രാഹകൻ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്പെക്റ്റീവ്, "ദ ഫീമേൽ ഗെയ്സ്' എന്ന പേരിൽ വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, ലാറ്റിനമേരിക്കൻ സിനിമകളുടെ പാക്കേജ്, കലൈഡോസ്കോപ്പ്, മിഡ്നൈറ്റ് സിനിമ, ആനിമേഷൻ ചിത്രങ്ങൾ, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങൾ ഉൾപ്പെടെയുള്ള റീ സ്റ്റോർഡ് ക്ലാസിക്സ് എന്നിവ മേളയുടെ പ്രത്യേകതകളാണ്.
പി. ഭാസ്കരൻ, പാറപ്പുറത്ത്, തോപ്പിൽ ഭാസി എന്നീ പ്രതിഭകളുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് "ലിറ്റററി ട്രിബ്യൂട്ട്' വിഭാഗത്തിൽ മൂന്നു ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.