ജാഫർ ഇടുക്കിയും അജു വർഗീസും ഒന്നിക്കുന്ന ആമോസ് അലക്സാണ്ഡറിന് തൊടുപുഴയിൽ തുടക്കമായി
Tuesday, December 10, 2024 2:57 PM IST
ജാഫർ ഇടുക്കിയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചൊവ്വാഴ്ച്ച തൊടുപുഴ മലങ്കര എസ്റ്റേറ്റിൽ ആരംഭിച്ചു.
നാദിർഷ ആദ്യ ഭദ്രദീപം തെളിയിച്ചു. സംവിധായകൻ അജയ് ഷാജിയുടെ മാതാപിതാക്കളായ ഷാജിയും ശോഭനയും ചേർന്ന് സ്വിച്ചോൺ കർമ്മവും ജാഫർ ഇടുക്കിയും ഭാര്യ സിമി ജാഫറും ചേർന്നു ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഭഗവതിപുരം, ഹലോ ദുബായ്ക്കാരൻ, മൂന്നാം നാൾ, വൈറ്റ്മാൻ, കുട്ടന്റെ ഷിനിഗാമി എന്നി ചിത്രങ്ങൾക്കുശേഷം മഞ്ചാടി ക്രിയേഷൻസ് നിർമിക്കുന്ന ആറാമതു ചിത്രമാണിത്. നവാഗതനായ അജയ് ഷാജിയാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. അസാധാരണ ക്രൈം ത്രില്ലർ കഥയാണ് ചിത്രത്തിലൂടെ പറയാനുദ്ദേശിക്കുന്നതെന്ന് അണിയറക്കാർ പറയുന്നു.
ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ തികച്ചും റിയലിസ്റ്റിക്കായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. കലാഭവൻ ഷാജോൺ, താര (പുതുമുഖം), ഡയാനാ ഹമീദ്, ശ്രീജിത്ത് രവി, സുനിൽ സുഗത, അഷറഫ് പിലാക്കൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഡിസംബർ പത്തുമുതൽ തൊടുപുഴയിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ കൊച്ചിയാണ്.
അജയ് ഷാജി-പ്രശാന്ത് വിശ്വനാഥൻ എന്നിവരുടേതാണ് തിരക്കഥ, പ്രശാന്ത് വിശ്വനാഥന്റേതാണ് ഗാനങ്ങൾ, മിനി ബോയ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ പ്രമോദ്.കെ. പിള്ളയാണ്. എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്, കലാസംവിധാനം - കോയാസ്, കോസ്റ്റ്യും - ഡിസൈൻ ഫെമിന ജബ്ബാർ, മേക്കപ്പ് - നരസിംഹസ്വാമി, നിശ്ചല ഛായാഗ്രഹണം - അനിൽ വന്ദന, ക്രിയേറ്റീവ് ഹെഡ് - സിറാജ് മൂൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ. അനിൽ വന്ദന.