രാജകുമാരിയെപ്പോൽ സുന്ദരിയായി ശോഭിത, പരമ്പരാഗത ലുക്കിൽ നാഗചൈതന്യ; വിവാഹചിത്രങ്ങൾ
Friday, December 6, 2024 9:43 AM IST
തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹിതരായി. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15-നായിരുന്നു ഇരുവരുടെയും വിവാഹം. പരമ്പരാഗത തെലുങ്ക് വരന്റെ വേഷത്തിലാണ് നാഗചൈതന്യ എത്തിയത്. തെലുങ്ക് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. സ്വർണനിറത്തിലുള്ള പട്ടുസാരിയായിരുന്നു ശോഭിതയുടെ വേഷം.
ടോളിവുഡിലെ പ്രശസ്തമായ ഒട്ടേറെ സിനിമകള്‍ ഷൂട്ട് ചെയ്തത് അക്കിനേനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ സ്റ്റുഡിയോയിലാണ് വിവാഹം നടന്നത്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍,അല്ലു അര്ജുന്, ഉപാസന കൊനിഡേല, മഹേഷ് ബാബു തുടങ്ങിയവര്‍ സിനിമാ രംഗത്തുനിന്നെത്തി. ഓഗസ്റ്റ് എട്ടിനായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുന അക്കിനേനിയാണ് വിവാഹ ചിത്രങ്ങൾ എക്സ് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.
‘‘ശോഭിതയും ചായ്യും ഒരുമിച്ച് ഈ മനോഹരമായ അദ്ധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് സവിശേഷവും വൈകാരികവുമായ നിമിഷമാണ്. എന്റെ പ്രിയപ്പെട്ട ചായ്യ്ക്ക് അഭിനന്ദനങ്ങൾ, ഒപ്പം കുടുംബത്തിലേക്ക് സ്വാഗതം പ്രിയ ശോഭിത. നീ ഇതിനകം ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷം കൊണ്ടുവന്നു കഴിഞ്ഞു.
ഈ സവിശേഷ സ്ഥലത്തു നടക്കുന്ന ആഘോഷത്തിന് കൂടുതൽ ആഴത്തിലുള്ള അർഥമുണ്ട്. ഈ യാത്രയുടെ ഓരോ ചുവടിലും അക്കിനേനി നാഗേശ്വര റാവുവിന്റെ സ്നേഹവും മാർഗദർശനവും നമ്മോടൊപ്പമുണ്ടെന്ന് തോന്നുന്നു.
ഇന്ന് ഞങ്ങളുടെ മേൽ വർഷിച്ച എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദിയോടെ നന്ദി പറയുന്നു.’’–വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് നാഗാർജുന കുറിച്ചു.
2017ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്.