ഇരുട്ടിൽ തപ്പിത്തടഞ്ഞ ഒരു ഗ്രാമത്തിനു വെളിച്ചമേകാൻ പതിറ്റാണ്ടുകൾക്കു മുന്പ് ഒരു ജലവൈദ്യുത പദ്ധതിതന്നെ സ്ഥാപിച്ച് വിപ്ലവം സൃഷ്ടിച്ച ചെറുപ്പക്കാരൻ. അന്നു വാർത്തകളിൽ ഹീറോ ആയെങ്കിലും പിന്നീട് കടന്നുപോയത് നിരവധി പ്രതിസന്ധികളിലൂടെ. ഒടുവിൽ ജീവിക്കാനായി എത്തിയിരിക്കുന്നത് ആരും പ്രതീക്ഷിക്കാത്ത ഒരു മേഖലയിലും...
സന്ധ്യ മയങ്ങി പുറത്തേക്കു നോക്കിയാൽ എവിടെയും കുറ്റാക്കൂരിരുട്ട്. വെളിച്ചമില്ലാതെ വഴിയിലേക്ക് ഇറങ്ങാൻ കഴിയില്ല. വരാന്തയിൽ തൂക്കിയ ചിമ്മിനി വിളക്കും വീടിനുള്ളിൽ ഒാട്ടുവിളക്കുകളുമാണ് വെളിച്ചത്തിന് ആകെ ആശ്രയം. സന്ധ്യയ്ക്കു മുന്പേ ചിമ്മിനി ഗ്ലാസിലെ കരിയെല്ലാം തുടച്ച്, മണ്ണെണ്ണയൊഴിച്ചു വയ്ക്കും... അത് എല്ലാ ദിവസത്തെയും ഒരു ജോലി. റേഷൻ കടയിൽനിന്നു കിട്ടുന്ന പരിമിതമായ മണ്ണെണ്ണ ഉപയോഗിച്ചു വേണം വിളക്കുകൾ തെളിക്കാൻ.
മണ്ണെണ്ണ ഉപയോഗം കുറയ്ക്കാൻ ഗ്രാമവാസികൾ പലരും ചെയ്തിരുന്നത് രാത്രിയായാൽ ഭക്ഷണം കഴിച്ചു നേരത്തേ കിടക്കുക എന്നതായിരുന്നു. പിന്നെ മിന്നുന്നത് ആകാശത്തിലെ നക്ഷത്രങ്ങളും കുറ്റിക്കാടുകൾക്കിടയിൽ ഏതാനും മിന്നാമിനുങ്ങുകളും മാത്രം. 1999നു മുന്പുള്ള ഇടുക്കി മാങ്കുളം ഗ്രാമത്തിന്റെ ചിത്രമാണിത്.
16 കിലോമീറ്റർ
മഴക്കാലത്തു ചെളിയിൽ പുതയുന്ന റോഡുകൾ, ഉരുളൻ കല്ലുകളിലൂടെ ചാടിച്ചാടി സാഹസികമായിട്ടായിരുന്നു ജീപ്പുകളുടെ സവാരി. കുടിവെള്ള പൈപ്പുകൾ എത്തിയിട്ടില്ല, നല്ല റോഡുകളും തീരെ കുറവ്.
പിന്നെ വൈദ്യുതിയുടെ കാര്യം പറയേണ്ടതില്ലല്ലോ. കേരളത്തിന്റെ മറ്റു ഭാഗങ്ങൾ വികസനത്തിന്റെയും ആധുനികതയുടെയും പുതിയ വഴികളിലേക്കു ചുവടുവയ്ക്കുമ്പോഴും മാങ്കുളം അറച്ചുനിന്നു. വൈദ്യുതി ഇല്ലാത്തതായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി.
വൈദ്യുത ഉപകരണങ്ങളൊക്കെ മാങ്കുളംകാർക്ക് അന്യം. ഈ പ്രതിസന്ധിയുടെ കാലത്ത് മാങ്കുളത്തെ ഒരു ചെറുപ്പക്കാരൻ ഒരു സ്വപ്നം കണ്ടു, തന്റെ ഗ്രാമത്തിൽ വൈദ്യുതിവെട്ടം മിഴി തുറക്കുന്നതായിരുന്നു അത്. എന്നാൽ, അന്നു തൊട്ടടുത്ത വൈദ്യുതി ലൈൻ പോലും ഗ്രാമത്തിൽനിന്നു 16 കിലോമീറ്റർ അകലെയായിരുന്നു.
ആ വെള്ളച്ചാട്ടത്തിൽ
മാങ്കുളം ഗ്രാമത്തിന്റെ സന്പത്ത് സമൃദ്ധമായ മഴയും വെള്ളച്ചാട്ടങ്ങളുമായിരുന്നു. ഈ വെള്ളച്ചാട്ടത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നായി പ്രീഡിഗ്രി വരെ മാത്രം പഠിച്ച കുമ്മഞ്ചിറയിൽ ദിലീപ് എന്ന ചെറുപ്പക്കാരന്റെ ചിന്ത.
വിപ്ലവകരമായ ഒരു സ്വപ്നം, ഗ്രാമത്തിനു വേണ്ടി ഒരു ജലവൈദ്യുത പദ്ധതി സ്ഥാപിക്കുക! 1999 കാലഘട്ടത്തിൽ ചെറിയ ഡൈനമോ വച്ച് സ്വന്തം വീട്ടിലെ ആവശ്യത്തിനു ദിലീപ് വൈദ്യുതി ഉണ്ടാക്കിയിരുന്നു. ഒരു ബൾബ് തെളിക്കാനും റേഡിയോയും ടേപ്പ് റിക്കാർഡറും പ്രവർത്തിക്കാനും ഇതുവഴി കഴിഞ്ഞു. ഇതു കണ്ട പലരും തങ്ങളുടെ വീട്ടിൽകൂടി ഏതെങ്കിലും രീതിയിൽ വൈദ്യുതി എത്തിക്കാൻ സാധിക്കുമോയെന്നു ചോദിച്ചുകൊണ്ടിരുന്നു.
അതോടെയാണ് ഗ്രാമത്തിലുള്ളവർക്കു മാത്രമായി ഒരു മിനിജലവൈദ്യുത പദ്ധതി എന്ന ചിന്ത ഉണർന്നത്. പലരുമായി ഇക്കാര്യം പങ്കുവച്ചു. ആദ്യം ഗ്രാമത്തിൽ പദ്ധതി സ്ഥാപിക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടെത്തി, വെള്ളച്ചാട്ടമുള്ള കോഴിവാലൻകുത്ത്. ഒടുവിൽ ഇലക്ട്രീഷൻകൂടിയായ മൈക്കിളുമായി കൈകോർത്ത് കോഴിവാലൻകുത്തിലെ വെള്ളത്തിൽനിന്നു വൈദ്യുതി ഉത്പാദിപ്പിക്കാൻ ശ്രമം തുടങ്ങി.
സ്വപ്നം തെളിഞ്ഞെങ്കിലും
ആദ്യം കോഴിവാലൻകുത്തിൽനിന്നുള്ള വെള്ളം ഒരു വശത്തായി ചെക്ഡാം നിർമിച്ചു സംഭരിച്ചു.
150 അടി ഉയരത്തിൽനിന്നു പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം താഴേയ്ക്കു കൊണ്ടുവന്നു മോട്ടോർ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കാനായിരുന്നു പദ്ധതി. മുമ്പ് ഇതേ സംവിധാനം സ്വകാര്യ വ്യക്തിക്കായി ഫിലോമിനാ തോട്ടിൽ ചെയ്ത പരിചയം മൈക്കിളിനുണ്ടായിരുന്നതിനാലാണ് അദ്ദേഹത്തെ ഏല്പിച്ചത്. അനുബന്ധ ജോലികൾ മൈക്കിൾ ചെയ്തു.
പദ്ധതിക്കായി ദിലീപും നാട്ടുകാരനായ വിൻസെന്റും ചേർന്നാണ് പണം മുടക്കിയത്. 10 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നായിരുന്നു കരാർ. പക്ഷേ, പ്രവർത്തിച്ചു തുടങ്ങിയപ്പോൾ അതിന്റെ നാലിലൊന്നു പോലും ഉത്പാദിപ്പിക്കാനായില്ല. മൂന്നു നാലു കുടുംബങ്ങൾക്കു കണക്ഷൻ കൊടുത്തതോടെ വോൾട്ടേജ് കുറഞ്ഞു. 240 വോൾട്ടിൽനിന്ന് 100 വോൾട്ടിലേക്കു വന്നു.
വോൾട്ടേജിൽ കുരുങ്ങി
വാൽവ് തുറന്നു പെൻസ്റ്റോക്ക് പൈപ്പിൽനിന്നു കൂടുതൽ വെള്ളം തുറന്നു വിട്ടായിരുന്നു വോൾട്ടേജ് കൂട്ടിയിരുന്നത്. അങ്ങനെ 20 വീട്ടുകാർക്കു കണക്ഷൻ കൊടുത്തു. എന്നാൽ, ഉപയോഗം കുറയുന്ന സമയത്തു വോൾട്ടേജ് കൂടും. ആ സമയം വൈദ്യുതി ഉപയോഗിക്കുന്നവരുടെ ഉപകരണങ്ങൾകേടുവരാൻ തുടങ്ങി.
വൈദ്യുതി റെഗുലേഷൻ സംവിധാനം ഇല്ലാതിരുന്നതായിരുന്നു പ്രശ്നത്തിനു കാരണം. വോൾട്ടേജ് പ്രശ്നം മൂലം ആളുകളുടെ പരാതിയും വർധിച്ചു. ഒരു കണക്ഷന് ആദ്യം 5,000 രൂപയും പിന്നീട് മാസം 20 രൂപയും വാങ്ങാനായിരുന്നു തീരുമാനം.ഇതിനിടെ, മറ്റൊരു പ്രതിസന്ധി. വ്യക്തികൾ വൈദ്യുതി വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന വിവരം കിട്ടി. പക്ഷേ, പദ്ധതി മുന്നോട്ടുപോകണമെങ്കിൽ മെയിന്റനൻസ് തുക വാങ്ങാതെ പറ്റില്ല.
അങ്ങനെയാണ് മാങ്കുളം ഇന്റർഗ്രേറ്റഡ് ഡെവലപ്മെന്റ് അവയ്ർനെസ് സൊസൈറ്റി (MIDAS) രൂപീകരിക്കുന്നത്. അടിമാലിക്കാരൻ തോമസാണ് ഇതിനു സഹായിച്ചത്. ഉപയോക്താക്കൾ അംഗങ്ങളായി. ദിലീപും അതിലൊരംഗം മാത്രമായി. സൊസൈറ്റി വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്ന തരത്തിലേക്കു മാറി. മെയ്ന്റനൻസും സൊസൈറ്റിയുടെ ചുമതലയായി. എണ്പതോളം കണക്ഷൻ കൊടുത്തു. പക്ഷേ, പിന്നീടും വൈദ്യുതിവിതരണത്തിൽ പരാതികളേറി.
ഇതിനിടെ, പദ്ധതിയുടെ ഇൻസ്റ്റലേഷൻ ചാർജ് ഇനത്തിൽ മൈക്കിളിനു കൊടുക്കാനുണ്ടായിരുന്ന 50,000 രൂപയുടെ ചെക്ക് മടങ്ങിയതോടെ ദിലീപിനെതിരെ കേസുമായി. പിന്നീട് ആ തുക കോടതിയിൽ കെട്ടിവച്ചു. വൈകാതെ മൈക്കിളും പിന്മാറി. സാന്പത്തിക പ്രതിസന്ധി രൂക്ഷം. ഇതിനിടെ, വിൻസെന്റും പിരിഞ്ഞു. അതോടെ എല്ലാം തീരുകയാണെന്നു തോന്നി.
മറ്റൊരു വെളിച്ചം
ഇതിനിടെ, ഒരു അപരിചിതന്റെ രൂപത്തിൽ മറ്റൊരു വെളിച്ചം. പത്രവാർത്തകൾ കണ്ട് അമേരിക്കയിൽ എൻജിനിയറായ കർണാടക സ്വദേശി ദിലീപിനെ തേടിയെത്തി. മൂന്നാറിലെ കൂടിക്കാഴ്ചയിൽ അദ്ദേഹം ഒരു പുസ്തകം സമ്മാനിച്ചു.
Fluid Mechanics and Hydraulic Machines എന്ന ഡോ. ആർ.കെ.ബൻസാൽ എഴുതിയ എൻജിനിയറിംഗ് വിദ്യാർഥികളുടെ റഫറൻസ് ഗ്രന്ഥം. ദിലീപ് അതു പഠിക്കാൻ തുടങ്ങി. താൻ ഇതുവരെ ചെയ്ത പലതും വിഡ്ഢിത്തമാണെന്നു മനസിലാക്കി. പുസ്തകത്തിൽനിന്നു കിട്ടിയ അറിവ് വച്ച് Pelton Wheel എന്ന ടർബൈന്റെ ചെറിയ പതിപ്പ് ഉണ്ടാക്കി.
അതോടെ പ്രശ്നങ്ങൾക്കു പരിഹാരമായി. പക്ഷേ, 2001ൽ ഇതിന് അഞ്ചു ലക്ഷത്തോളം രൂപ ചെലവായി. കൊള്ളപ്പലിശയ്ക്കു കടം വാങ്ങിയ തുക. ഇതിനിടെ, കണക്ഷൻ എടുത്തവരുടെ എണ്ണവും കൂടി. പദ്ധതി നവീകരിച്ചതോടെ വൈദ്യുതി വിതരണം സുഗമമായെങ്കിലും പണം വന്നില്ല. ചുരുക്കം ചിലരേ 5,000 രൂപ തന്നുള്ളൂ. മറ്റുള്ളവർ 500, 1000 ഒക്കെ അടച്ചു മനംപാലിച്ചു.
അതോടെ കടം പെരുകി ഇരുപതു ലക്ഷത്തോളമായി. പിടിച്ചുനിൽക്കാനാവാതെ ഒടുവിൽ നാടുവിട്ടു. ജീവിക്കാൻ കൂലിപ്പണി. ആരുമറിയാതെ ആഴ്ചയിലൊരിക്കൽ രാത്രി അരി വാങ്ങി വീട്ടിലെത്തിക്കും. ഭാര്യയും കുഞ്ഞുങ്ങളും പട്ടിണിയും കടക്കാരുടെ ഭീഷണിയും സഹിച്ചു ജീവിച്ചു. അവസാനം കിടപ്പാടമായ വീടും നാലേക്കർ സ്ഥലവും ഉൾപ്പെടെ സ്വത്തെല്ലാം വിറ്റ് കടം വീട്ടി.
മുന്നിൽ ശൂന്യത
ഇതിനിടെ ബെന്നി ബെഹനാൻ വഴി അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെ കണ്ടു. വൈദ്യുതി വിതരണത്തിനു ലൈസൻസ് വേണമെന്നും അപേക്ഷ കൊടുക്കാനും മന്ത്രി പറഞ്ഞു. അപേക്ഷിച്ച് ഒരു മാസത്തിനകം ലൈസൻസിന് അനുമതി. പക്ഷേ, ലൈസൻസ് ഫീസായി ലക്ഷങ്ങൾ അടയ്ക്കണമെന്നു കേട്ടപ്പോൾ ഞെട്ടി.
പൊളിഞ്ഞു നിൽക്കുന്പോൾ എവിടെനിന്ന് പണം? ആ സ്വപ്നം പൊലിഞ്ഞു. ലൈസൻസ് കിട്ടിയിരുന്നെങ്കിൽ 40 കോടി രൂപ വരെ ഗ്രാമീണ പദ്ധതിക്കായി വായ്പ കിട്ടുമായിരുന്നെന്നും കെഎസ്ഇബിക്ക് വൈദ്യുതി വിൽക്കാമായിരുന്നെന്നും പിന്നീടറിയാൻ കഴിഞ്ഞെങ്കിലും നിസഹായ അവസ്ഥയായിരുന്നു.
വീണ്ടും മുന്നോട്ട്
എല്ലാം തീർന്നെന്നു കരുതുന്പോൾ വീണ്ടും കുതിച്ചുയരും. ഇതായിരുന്നു ദിലീപിന്റെ ജീവിതചരിത്രം. മാങ്കുളത്തെ മൈക്രോ ജലവൈദ്യുത പദ്ധതി ദിലീപിന്റെ പരീക്ഷണ പാഠങ്ങളായിരുന്നു.
പൊതുജനങ്ങൾക്കായുള്ള ഇന്ത്യയിലെതന്നെ ആദ്യ മൈക്രോ ജലവൈദ്യുത പദ്ധതി മാങ്കുളത്തു സ്ഥാപിച്ചതോടെ ദിലീപിനെ തേടി അന്വേഷണങ്ങളെത്തി. മൂന്നാറിലെ രാജമലയിലും സൈലന്റ് വാലിയിലും പാലക്കാട് അട്ടപ്പാടിയിലും അടക്കം സ്വകാര്യ വ്യക്തികൾക്കും പൊതുജനങ്ങൾക്കുമായി ഇരുപതോളം സമാനമായ ജലവൈദ്യുത പദ്ധതികൾ സ്ഥാപിച്ചു.
മൂന്നാർ രാജമലയിലും സൈലന്റ് വാലിയിലും വൈദ്യുതി ലൈൻ എത്തിച്ചേരാത്ത സ്ഥലങ്ങളിൽ വനംവകുപ്പിനു വേണ്ടിയാണ് രണ്ടു കിലോവാട്ട് മൈക്രോ പദ്ധതി സ്ഥാപിച്ചത്. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്), വൈദ്യുതി ഉത്പാദനം പഠിപ്പിക്കാനായി മൈക്രോ ജലവൈദ്യുതി പദ്ധതി സ്ഥാപിച്ചതും പ്രീഡിഗ്രി വരെ മാത്രം വിദ്യാഭ്യാസമുള്ള ദിലീപായിരുന്നു.
രാജമലയിലെ മൈക്രോ ജലവൈദ്യുത പദ്ധതി വലിയ വാർത്തയായി. ആജ്തക് ഉൾപ്പെടെ ദേശീയ മാധ്യമങ്ങളിലും വാർത്ത വന്നു. 2003ൽ വാർത്ത കണ്ട് അന്നത്തെ കേന്ദ്ര ഊർജമന്ത്രി സുരേഷ് പ്രഭു അയച്ച ഒരു ഉദ്യോഗസ്ഥൻ മൂന്നാറിലെത്തി ദിലീപിനെ കണ്ടു. ബംഗളൂരുവിലെ വിദഗ്ധരുടെ സമ്മേളനത്തിലേക്ക് ക്ഷണിച്ചു. ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞരുടെ മുന്പാകെ ഗ്രാമീണമൈക്രോ ജലവൈദ്യുതപദ്ധതിയെക്കുറിച്ചു പ്രബന്ധം അവതരിപ്പിച്ചു.
വിഖ്യാത ആണവശാസ്ത്രജ്ഞനായ എ.പി.ജെ. അബ്ദുൾ കലാമായിരുന്നു സമ്മേളന അധ്യക്ഷൻ. കലാം എല്ലാ പിന്തുണയും നൽകി പിന്നീട് ഇ-മെയിൽ അയച്ചിരുന്നു. മാങ്കുളത്ത് അക്കാലത്ത് ഇന്റർനെറ്റ് സൗകര്യങ്ങൾ പരിമിതം. ഇ മെയിൽ ചെക്ക് ചെയ്യണമെങ്കിൽ മൂന്നാറിൽ പോകണം.
ഇടവേള നീണ്ടപ്പോൾ പാസ്വേർഡ് മറന്നു. ദീർഘനാൾ ഉപയോഗിക്കാതിരുന്നതോടെ "യാഹൂ' ഐഡിയും കാലഹരണപ്പെട്ടു. അതോടെ കലാമുമായുള്ള ബന്ധവും മുറിഞ്ഞു. മൂന്നു വർഷത്തിനു ശേഷം ബെന്നി ബഹനാനെ കണ്ടപ്പോൾ, പണം അടക്കാത്തതിനാൽ ലൈസൻസ് കിട്ടിയില്ല എന്നു പറഞ്ഞു. എന്താ, എന്നോട് അന്നു പറയാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.
2003ലാണ് ദിലീപിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ആജ് തക്കിൽ വന്നത്. അതു ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. തുടർന്നു ദിലീപിന്റെ കഥ സ്വദേശ് എന്ന ബോളിവുഡ് സിനിമയായി. ഷാരൂഖ് ഖാൻ നായകനായ "സ്വദേശ്' എന്ന ബോളിവുഡ് ചിത്രം. അശുതോഷ് ഗൗരീകറായിരുന്നു 2004ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധായകൻ.
ഡാമില്ലാതെ ജലവൈദ്യുതി
ഡാം കെട്ടാതെതന്നെ ചെറിയ ചെക്ക് ഡാം നിർമിച്ച്, പെൻസ്റ്റോക്ക് പൈപ്പ് വഴി അധികം വെള്ളം ഉള്ള സീസണിൽ, സ്വാഭാവിക ഒഴുക്ക് ഉപയോഗപ്പെടുത്തി കുറഞ്ഞ ചെലവിൽ വൈദ്യുതി നിർമിക്കാൻ സഹായിക്കുന്നതാണ് ദിലീപിന്റെ ഗ്രാമീണ പദ്ധതികൾ.
2001-2003 കാലഘട്ടത്തിലായിരുന്നു ഇരുപതോളം പദ്ധതികൾ പൂർത്തിയാക്കി കൊടുത്തത്. പിന്നീട് വല്ലപ്പോഴുമാണ് ഇത്തരം ആവശ്യവുമായി ആരെങ്കിലും വന്നത്. സ്ഥിരവരുമാനമില്ലാതായതോടെ ദിലീപ് മറ്റു മേഖലകളിലേക്കു തിരിഞ്ഞു. വലിയ പദ്ധതികൾക്കു ലൈസൻസ് വേണമായിരുന്നു.
മൈക്രോ ജലവൈദ്യുത പദ്ധതിയുടെ സ്ഥാനത്ത് കെഎസ്ഇബി വൈദ്യുതി എത്തിയതോടെ ആളുകളെല്ലാം അതിലേക്കു മാറി. എണ്പതോളം കുടുംബങ്ങൾക്കു വെളിച്ചമെത്തിച്ച മാങ്കുളത്തെ പദ്ധതിയും അതോടെ നിലച്ചു കാടുകയറി.
മാങ്കുളം വിനോദ സഞ്ചാരകേന്ദ്രമായി മാറിയതിനൊപ്പം കെഎസ്ഇബിയുടെ വലിയൊരു ജലവൈദ്യുത പദ്ധതിതന്നെ ഡാം ഉൾപ്പെടെ മാങ്കുളത്തു നിർമാണത്തിലാണ്. ഡാമിനോടനുബന്ധിച്ചുള്ള ടണലിന്റെയും മറ്റും നിർമാണം ധൃതഗതിയിൽ നീങ്ങുന്നു.
മറ്റൊരു ജീവിതം
അതേസമയം, രാജ്യത്തെ ആദ്യത്തെ ഗ്രാമീണമൈക്രോ ജലവൈദ്യുതപദ്ധതി സ്ഥാപിച്ചു നട്ടുവളർത്തിയ ദിലീപ് ഇപ്പോൾ പരിപാലിക്കുന്നതു ചെടികളെയാണ്!.
കോട്ടയം ഏറ്റുമാനൂരിനടുത്ത് ഐക്കഗ്രീൻസ് എന്ന തോട്ടത്തിന്റെ പരിപാലകനും മേൽനോട്ടക്കാരനുമാണ് 61കാരനായ ദിലീപ്. ഇടക്കാലത്തു ചെടികളുടെ നഴ്സറിയും ഹോട്ടൽ ജോലിയും ഡ്രൈവിംഗുമെല്ലാം മാറിമാറി പരീക്ഷിച്ചെങ്കിലും പച്ചപിടിച്ചില്ല. പ്രതിസന്ധികളിലും മുന്നോട്ടുനയിക്കുന്നതു മൂന്നു ഘടകങ്ങളാണെന്നു ദിലീപ് പറയും, ഈശ്വരവിശ്വാസവും സംഗീതവും ജീവിത പങ്കാളിയുടെ പിന്തുണയും.
പാട്ടുകേൾക്കുകയും പാടുകയും ചെയ്യുന്നതു വിഷമങ്ങളെ മായിക്കും. എല്ലാ പ്രതിസന്ധിയിലും ഭാര്യ നിർമലയും മക്കളായ കണ്ണനും കീർത്തനയും ഒപ്പമുണ്ട്. ദൈവവിശ്വാസമാണ് പല പ്രതിസന്ധികളിലും തനിക്കു വെളിച്ചമായതെന്നു പറയുന്ന ദിലീപ് തനിക്കു വേണ്ടി ഇനിയും നക്ഷത്രങ്ങൾ തെളിയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.