ലാമ എന്നു കേട്ടാൽ ടിബറ്റൻ ബുദ്ധസന്യാസിമാരുടെ രൂപമാകും എല്ലാവരുടെയും മനസിലേക്ക് ഒാടിയെത്തുക. എന്നാൽ, ഇന്ത്യയിലെ ടിബറ്റൻ സമൂഹത്തിൽ പുതിയൊരു വിപ്ലവം പൂത്തുലയുകയാണ്. ടിബറ്റൻ ബുദ്ധമത പശ്ചാത്തലമില്ലാത്തവരും ലാമമാരാകാൻ ഒരുങ്ങുന്നു. മലയാളികൾ അടക്കമുള്ളവർ ലാമമാരാകാൻ പരിശീലനം നേടുന്ന കാഴ്ച ബൈലക്കുപ്പയിൽ.
ടിബറ്റ് ആണ് അവരുടെ തറവാട്. എന്നാൽ, താമസം കർണാടകയിലെ കുശാൽ നഗറിലും. ടിബറ്റ് അങ്ങകലെയാണെങ്കിലും ജീവിക്കുന്ന മണ്ണിൽ ഒരു കൊച്ചു ടിബറ്റൻ ജീവിതം പടുത്തുയർത്തിയിരിക്കുകയാണ് ഈ സമൂഹം.
ഒന്നു ചുറ്റിക്കറങ്ങിയാൽ ടിബറ്റിലാണോ നിൽക്കുന്നതെന്ന് ആർക്കും തോന്നും. ബുദ്ധസന്യാസിമാരായ ലാമമാരും ബുദ്ധവിഹാരങ്ങളും ടിബറ്റൻ ഭക്ഷണക്രമങ്ങളുമൊക്കെ അതേപടി പകർത്തിയാണ് ഈ ജനത കർണാടകയിൽ ഒരു കൊച്ചു ടിബറ്റ് തീർത്തിരിക്കുന്നത്. ഇതാണ് മലമടക്കുകൾ കാവൽ നിൽക്കുന്ന, പുൽമേടുകൾ കാഴ്ചകളൊരുക്കുന്ന, ചോളവയലുകൾ നൃത്തം വയ്ക്കുന്ന ബൈലക്കുപ്പ സമതലങ്ങൾ.
മുഴുവൻ കൃഷിയിടങ്ങൾ. ടിബറ്റിൽ പോയി ടിബറ്റൻ ജനതയുടെ ജീവിതവും രീതികളും കാണണമെന്നു മോഹിച്ചിട്ട് ഇതുവരെ നടക്കാത്തവർ നേരേ കർണാടകയിലെ ബൈലക്കുപ്പയിലേക്കു പോയാൽ മതി. എല്ലാത്തരത്തിലുമുള്ള ടിബറ്റൻ ജീവിതവും സംസ്കാരവും കണ്ടു സംതൃപ്തിയോടെ മടങ്ങാം.
വോട്ടു ചെയ്യാത്തവർ
രാജ്യഭ്രഷ്ടരായ ഒരുസമൂഹം തങ്ങളുടെ ഗതകാലമുറിവുകളുടെ നീറ്റൽ ഉള്ളിലൊളിപ്പിച്ച് ഇവിടെ ഒരു ടിബറ്റൻ കോളനിതന്നെ പടുത്തുയർത്തിയിരിക്കുന്നു. ചൈനയുടെ കടന്നുകയറ്റവും ആക്രമണവും ഭയന്നു ലോകത്തിന്റെ മേല്‍ത്തട്ടായ ടിബറ്റില്‍നിന്ന് 1959 മാര്‍ച്ച് 10ന് ദലൈലാമയും അനുയായികളും ഇന്ത്യയിലെത്തി അഭയാർഥികളായി താവളമടിക്കുമ്പോള്‍ ഹിമാചല്‍പ്രദേശിലെ ധര്‍മശാലയും കര്‍ണാടകയിലെ ബൈലക്കുപ്പയുമായിരുന്നു പ്രമുഖ കുടിയേറ്റ ഇടങ്ങള്‍.
ഇന്ത്യൻ സർക്കാർ നിറഞ്ഞ മനസോടെയാണ് ടിബറ്റൻ അഭയാർഥികളെ സ്വീകരിച്ചത്. ദലൈലാമയും അനുയായികളും ധര്‍മശാലയില്‍ തങ്ങി. ദലൈലാമയുടെ നേതൃത്വത്തില്‍ പ്രവാസികളുടെ ഗവണ്മെന്റും പാര്‍ലമെന്റും ഉണ്ട്. അതേസമയം, പതിറ്റാണ്ടുകൾ ഇന്ത്യയിൽ കഴിഞ്ഞിട്ടും ടിബറ്റൻ സംസ്കാരം കൈമോശം വരാതെ കാത്തുസൂക്ഷിക്കാൻ ബദ്ധശ്രദ്ധരാണ് ഇവർ. ടിബറ്റന്‍ ബുദ്ധമതപാരമ്പര്യം മുറുകെപ്പിടിക്കുന്ന ഇക്കൂട്ടര്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇല്ല.
വോട്ടവകാശമുണ്ടെങ്കിലും അതു വിനിയോഗിക്കാറുമില്ല. സ്കൂളുകളില്‍ പ്രാദേശിക ഭാഷ പഠിപ്പിക്കാറില്ല. ടിബറ്റന്‍ പ്രവാസി ഗവണ്മെന്റ് 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചത് 2024 ജനുവരി 26നാണ്. അതേസമയം, ടിബറ്റിൽ ആധിപത്യമുറപ്പിച്ച ചൈന ടിബറ്റന്‍ പീഠഭൂമിയില്‍ നിര്‍മാണങ്ങള്‍ നടത്തി ടൂറിസ്റ്റുകള്‍ക്കായി പഴയ ഷാന്‍ഗ്രീല തുറന്നുകൊടുത്തിരിക്കുന്നു. ചൈനയെന്ന വ്യാളി ടിബറ്റിനെ വിഴുങ്ങിയെന്നു സാരം.
10 ലക്ഷം പേർ
മൈസൂരുവില്‍നിന്നു ബൈലക്കുപ്പയിലേക്ക് 80 കിലോമീറ്റർ ദൂരമുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 2,600 അടി ഉയരത്തില്‍ നിലകൊള്ളുന്ന ബൈലക്കുപ്പയെന്ന പാര്പ്പിടസങ്കേതം ടിബറ്റന്‍ പീഠഭൂമിയുടെ ഗൃഹാതുരത്വമുണര്‍ത്തുന്നു. 1959ല്‍ ചൈനയുടെ ആക്രമണത്തില്‍ മാതൃദേശത്തുനിന്നു പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ജനതയെ 10 സംസ്ഥാനങ്ങളിലായി 45 സെറ്റില്‍മെന്റുകളിലാണ് പുനരധിവസിപ്പിച്ചത്.
ഒരു ലക്ഷത്തോളം അഭയാര്‍ഥികളാണ് ദലൈലാമയോടൊപ്പം പോന്നത്. എന്നെങ്കിലും മാതൃരാജ്യത്തേക്കു തിരിച്ചുപോകാമെന്ന മോഹവുമായിട്ടാണ് വന്നതെങ്കിലും 65 സംവത്സരങ്ങള്‍ പിന്നിടുമ്പോഴും അതു വിദൂരസ്വപ്നം മാത്രമാണ്. ആയുധംകൊണ്ടോ കായികശക്തികൊണ്ടോ ചെറുത്തുനിൽക്കാനാവാതെ പത്തു ലക്ഷം ജനങ്ങളെങ്കിലും ടിബറ്റില്‍നിന്ന് അപ്രത്യക്ഷരായിട്ടുണ്ട്.
വിട്ടുവീഴ്ച ചെയ്തിട്ടും
കുന്നിന്റെ ജനതയാണ് ടിബറ്റുകാര്‍. ടിബറ്റിലെപ്പോലെ ആറു മാസം ശൈത്യനിദ്രയില്ലെന്ന വ്യത്യാസമുണ്ട് ഇന്ത്യയിലെ പാര്‍പ്പിട സങ്കേതങ്ങള്‍ക്ക്. എവിടെച്ചെന്നാലും ബുദ്ധമതാചാരത്തിലും ഭക്ഷണരീതിയിലും വേഷവിധാനത്തിലും ഭാഷയിലും ടിബറ്റന്‍ സന്തതികളായിത്തന്നെ അറിയപ്പെടാനാണ് ഇക്കൂട്ടര്‍ക്കു താത്പര്യം. സമാധാനപ്രിയരായ ഈ ജനതയ്ക്ക് പോരാട്ടങ്ങളില്‍ വിജയം വരിക്കാനോ ആക്രമണമാര്ഗത്തിലൂടെ ചരിക്കാനോ കഴിയാത്തിടത്തോളം കാലം ഇങ്ങനെതന്നെ തുടരാനാണ് സാധ്യത. ഇസ്രയേല്‍ രൂപീകരണം പോലൊരു പ്രക്രിയ സ്വപ്നം കാണാനാവില്ല ടിബറ്റൻ ജനതയ്ക്ക്.
ഇപ്പോൾ ടിബറ്റിന്റെ കാര്യത്തില്‍ ആര്‍ക്കും താത്പര്യമില്ലെന്നു സെറാ മോണസ്ട്രിയിലെ ലാമ പറയുന്നു. ചൈനയുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും ചൈനയില്‍നിന്നു പൂര്‍ണസ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്നും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ സമീപകാലത്തു പറഞ്ഞതു വാർത്തകളിൽ നിറഞ്ഞിരുന്നു. ചൈനയുടെ ഭാഗമായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സ്വതന്ത്ര ടിബറ്റ് വേണ്ടെന്നും സ്വയംഭരണമാണ് ടിബറ്റിനു വേണ്ടതെന്നും അദ്ദേഹം പറയുന്നു. അതിനും ചൈന വഴങ്ങിയിട്ടില്ല.
കരമില്ലാ ഭൂമി
കൂട്ടമായി വസിക്കുന്ന ഒരു ഗ്രാമസമൂഹമാണ് ബൈലക്കുപ്പയിലേത്. എല്ലാ പാര്‍പ്പിട കേന്ദ്രങ്ങളെയും കോര്‍ത്തിണക്കുന്ന വൃത്തിയുള്ള റോഡുകള്‍. കൃഷിയിടങ്ങളാണ് എമ്പാടും. ജനസംഖ്യയില്‍ ഇന്ത്യയിലെ രണ്ടാമത്തെ പാര്പ്പിടകേന്ദ്രമാണ് ധോന്ടെന്ലിംഗ് സെറ്റില്‍മെന്റ്. 1960ല്‍ ഏഴു ഗ്രാമങ്ങളിലായി 3,210 ഏക്കറില്‍ 3,000 പേരെ അധിവസിപ്പിച്ചു.
ഇപ്പോള്‍ 70,000 പേരുണ്ട് ബൈലക്കുപ്പയില്‍. കരമൊഴിവായി പാട്ടത്തിനാണ് ഭാരത സര്‍ക്കാര്‍ ഭൂമി നൽകിയിരിക്കുന്നത്. കൃഷി, കന്നുകാലിവളര്‍ത്തല്‍, പൗള്‍ട്രി ഫാം, കാര്‍പ്പറ്റ് നിര്‍മാണം, ചന്ദനത്തിരി നിര്‍മാണം എന്നിവയില്‍ വ്യാപൃതരാണ് ഇക്കൂട്ടര്‍. ടൂറിസ്റ്റകള്ക്കായി ഹോട്ടലുകള്‍ നടത്തുന്നതും ടിബറ്റുകാര്തന്നെയാണ്. കടകളില്‍ സെറ്റില്‍മെന്റിലെ ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാണ്. പുതിയ തലമുറയിലെ ലാമമാര്‍ തന്നെയാണ് കെട്ടിടംപണികള്ക്കു മേല്‍നോട്ടം വഹിക്കുന്നതെന്ന് കാണാം.
ലാമയ്ക്കും മാറ്റം
സൂര്യകാന്തിപ്പൂക്കള്‍ സൂര്യനെ തൊഴുതു നില്ക്കുന്ന പാടങ്ങള്‍, ഗോക്കള്‍ മേയുന്ന വിശാലമായ പുല്‍മേടുകള്‍, ബുദ്ധമന്ദിരങ്ങൾ, പ്രാര്‍ഥനാചക്രം കറക്കുന്ന വയോധികർ, കടുകുനിറമുള്ള കുപ്പായമണിഞ്ഞ ലാമമാര്‍, തുടുത്ത മുഖമുള്ള കുട്ടികള്‍, കൗതുകമുണര്‍ത്തുന്ന ടിബറ്റന്‍ കാര്‍പെറ്റ്... ബൈലക്കുപ്പയുടെ ചിത്രം മനസിലുണര്‍ത്തുന്നത് ഷാന്‍ഗ്രീല എന്ന സങ്കല്പ ലോകം തന്നെയാണ്.
മുന്‍ തലമുറയിലെ ലാമമാര്ക്കൊന്നും ടിബറ്റന്‍ ഭാഷയല്ലാതെ മറ്റൊരു ഭാഷയും വശമില്ല. എന്നാല്‍, യുവാക്കളായ ലാമമാര്‍ ഇംഗ്ലീഷ് അടക്കമുള്ള യൂറോപ്യന്‍ ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടിണ്ട്. അഞ്ചു ബുദ്ധവിഹാരങ്ങളും ഏഴ് ഹയര്‍സെക്കൻഡറി സ്കൂളുകളും ഇവിടെയുണ്ട്. മിക്സഡ് സ്കൂളുകള്‍ ഇനിയും പ്രചാരത്തിലായിട്ടില്ല. ലാമമാരാണ് ഇവിടങ്ങളില്‍ പഠിപ്പിക്കുന്നത്.
1962ല്‍ സ്ഥാപിതമായ സാംബോതാ ടിബറ്റന്‍ സ്കൂളാണ് ഏറ്റവും പഴയത്. സെറാജെ സെക്കൻഡറി സ്കൂളില്‍ ലാമമാരാകാന് നിയോഗം ലഭിച്ച എഴുനൂറ്റിയമ്പത് കുട്ടികളുണ്ട്. പുരോഗമനം തുടങ്ങുന്നതു പാഠശാലകളില്‍ നിന്നാണല്ലോ. ബുദ്ധമതപശ്ചാത്തലം ഇല്ലാത്ത ഒരു ഇന്ത്യക്കാരന് അടുത്ത കാലംവരെ അപ്രാപ്യമായിരുന്നു ലാമ എന്ന പൗരോഹിത്യപദവി. ഇപ്പോൾ മറ്റു മതസ്ഥരെയും ഇതിന് പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു.
ഹിന്ദുക്കള്‍ ബുദ്ധമതത്തെ ആശ്ലേഷിക്കാറുണ്ടങ്കിലും ലാമ പദവിലെത്തിയവര് ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അവിടത്തെ അധ്യാപകന്റെ മറുപടി. ഇപ്പോൾ മറ്റു മതങ്ങളിൽനിന്നുള്ളവരെ എന്തുകൊണ്ടാണ് അനുവദിക്കുന്നതെന്നു ചോദിച്ചപ്പോൾ ബുദ്ധമതത്തിൽ വിവേചനങ്ങളില്ല എന്നാണ് മറുപടി പറഞ്ഞതെങ്കിലും ഇവരുടെ ഇടയിൽനിന്നു സന്യസിക്കാൻ വരുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ് ദളിത് കുട്ടികളെ അടക്കം ഇതിലേക്ക് ഇവർ കൊണ്ടുവരുന്നത്,
മലയാളി ലാമമാരും
ലാമമാരാകാൻ പരിശീലിക്കുന്നവരിൽ ഇപ്പോൾ മലയാളികൾ അടക്കമുണ്ടെന്നത് നമുക്ക് ആശ്ചര്യമായി തോന്നാം. ഇന്ത്യയുടെ പല ഭാഗങ്ങളില്‍നിന്നുള്ള കുട്ടികളുടെ കൂട്ടത്തില്‍ പത്തനംതിട്ടയില്‍നിന്നുള്ള ബാരാലാമയും അച്യു ടെന്സിന് തലേക്കുമുണ്ട്.
ഇവരുടെ പൂര്വനാമങ്ങള് ചോദിച്ചപ്പോള്‍ അതൊക്കെ ഉപേക്ഷിച്ചെന്നും നാട്ടില്‍ പോകാറില്ലെന്നും കുട്ടികള്‍ പറഞ്ഞു. രൂപംകൊണ്ടുതന്നെ ടിബറ്റുകാരല്ല ഇവരെന്നു പെട്ടെന്നു തിരിച്ചറിയാം. അതേസമയം, ബുദ്ധമത പശ്ചാത്തലമില്ലാത്തവരെയും ലാമമാരാക്കുന്ന ദലൈലാമയുടെ ഈ പുരോഗമന ആശയത്തോടു പഴയ തലമുറയിലെ പല ലാമമാര്‍ക്കും എതിര്‍പ്പുണ്ട്.
വൈകാതെ ടിബറ്റന്‍ ബുദ്ധമതത്തില്‍ പഞ്ചാബി ലാമമാരും മലയാളി ലാമമാരും ഉണ്ടാവും. ജാതിയുടെ വേലിക്കെട്ടുകൾ മറികടന്നു പൗരോഹിത്യ പദവി ലഭിക്കുന്നുവെന്നതാണ് പ്രത്യേകിച്ച് ദളിത് വിഭാഗങ്ങളെ ആകർഷിക്കുന്ന പ്രധാന ഘടകം.
മോഹങ്ങൾ ബാക്കി
ടിബറ്റന്‍ ഭാഷയ്ക്കു പ്രാമുഖ്യം നല്കുന്ന സ്കൂളിലെ യൂണിഫോം ലാമമാര്‍ ധരിക്കുന്ന കടുകുനിറത്തിലുള്ള കുപ്പായം തന്നെയാണ്. മുതിര്‍ന്ന ലാമമാര്‍ മഞ്ഞനിറമുള്ള പട്ടാംബരം ചുറ്റുന്നു. പ്രാര്‍ഥനാ ചക്രം കറക്കിയും തിങ്കാ എന്ന ജപമാലയില്‍ വിരലുകള്‍ ചലിപ്പിച്ചും കടന്നുപോകുന്ന പഴയ തലമുറയ്ക്കു ടിബറ്റിനെക്കുറിച്ച് ഏറെ പറയാനുണ്ട്.
തിരിച്ചുപോകാന്വേണ്ടി പാരമ്പര്യവും ആചാരങ്ങളും കാത്തുസൂക്ഷിക്കുന്ന പുതുതലമുറയ്ക്കറിയാം മറ്റൊരു ടിബറ്റിന്റെ പിറവി സംഭവ്യമല്ലെന്ന്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം കൊടുക്കുന്നുണ്ട് പുതുതലമുറ. ടിബറ്റന്‍ ഭാഷയ്ക്കുപറമേ ഇംഗ്ലീഷിനും ഹിന്ദിക്കും ഏറെ പരിഗണന നൽകുന്നുണ്ടെന്ന് കാണാം.1986ല്‍ കര്‍ണാടകയിലെ കൊച്ചുടിബറ്റായ ബൈലക്കുപ്പ സന്ദര്‍ശിക്കുമ്പോള്‍ ഒരു ലാമയോടു ചോദിച്ച അതേ ചോദ്യംതന്നെ ഞാന്‍ ആവര്‍ത്തിച്ചു “എന്നെങ്കിലും നിങ്ങള്‍ മാതൃരാജ്യത്തേക്കു തിരിച്ചുപോകുമെന്ന് തോന്നുന്നുണ്ടോ.?”
പറിച്ചു നടപ്പെട്ട്, വേരുകള്‍ മുരടിച്ച ഒരു ജനതയുടെ മറുപടിയാണതെങ്കിലും ഉത്തരം പഴയതുതന്നെയായിരുന്നു.“തീര്‍ച്ചയായും. ഒരു സ്വതന്ത്ര ടിബറ്റ് എന്നെങ്കിലും നിലവില്‍ വരും. ചൈനയുടെ നിലപാട് മാറി ഞങ്ങള്‍ തിരിച്ചുപോകും.” തിരിച്ചുപോക്കെന്ന പ്രതീക്ഷയ്ക്കു ക്ലാവുപിടിച്ചിരിക്കുന്നു. ദലൈലാമയോടൊപ്പം പ്രവാസികളായെത്തിയവരില് ഭൂരിഭാഗവും മണ്ണടിഞ്ഞു. തിരിച്ചുപോക്കെന്ന മോഹം ഏഴു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
ബൈലക്കുപ്പയുടേത് ഒരു ആത്മീയഭാവമാണ്. അനേകം ബുദ്ധവിഹാരങ്ങളുണ്ടെങ്കിലും ഗോള്‍ഡന്‍ ടെമ്പിളിലാണ് തിരക്ക്. ഇന്ത്യ മാതൃ രാജ്യമല്ലെങ്കിലും ബുദ്ധമതത്തിനു വേരോട്ടമുള്ളതുകൊണ്ട് ടിബറ്റന്‍ ബുദ്ധമതവും ലാമമാരും ഇവിടെ അഭയാര്‍ഥികളായിത്തന്നെ എക്കാലത്തും തുടരും. ഇന്ത്യയില്‍ മറ്റൊരു ഷാന്ഗ്രീലയ്ക്കു പ്രസക്തിയില്ലല്ലോ.
ചുവപ്പും മഞ്ഞയും കുപ്പായം ധരിച്ചു ടിബറ്റന്‍ താളിയോലകള്‍ കൈയിലേന്തി നടന്നുനീങ്ങുന്ന എല്ലാ ലാമമാര്‍ക്കും ഒരേ മുഖഭാവമാണ്. പുഞ്ചിരിക്കുള്ളിലും അഭയാര്‍ഥികളുടെ മുഖംതന്നെയാണ് ഈ ഭ്രഷ്ടസമൂഹത്തിനെന്ന് എനിക്കു തോന്നി.