അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി കെ. ഫെർണ്ണാണ്ടസ് ദീപികയോട് സംസാരിക്കുന്നു.
വാണിജ്യ ചേരുവകള്‍ മാത്രം ചേര്‍ത്തു സിനിമകള്‍ ഉണ്ടാക്കുന്ന കാലത്തു "സ്വര്‍ഗം' എന്ന സിനിമയുടെ പ്രസക്തി?
നാടിന്റെ സംസ്കാരവും പൈതൃകവും അഭിമാനവുമൊക്കെയായിരുന്നു കലാസൃഷ്ടികൾ. സാമ്പത്തിക നേട്ടം മാത്രമല്ല, നമ്മുടെ ഒരു നാടിന്റെ എല്ലാ മുഖങ്ങളെയും പ്രത്യേകിച്ച് നന്മയെയും സ്നേഹത്തെയും എല്ലാം നിലനിർത്തേണ്ട ഒരു കടമ കലാസൃഷ്ടികൾക്കുണ്ടെന്നു വിശ്വസിക്കുന്നു. സാമ്പത്തിക നേട്ടത്തെക്കാളുപരി ലോകമെമ്പാടുമുള്ള, കലയെ സ്നേഹിക്കുന്നവർക്കു നല്ല സന്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യവും സിനിമകൾക്കുണ്ടാകണമെന്നാണ് ആഗ്രഹം.
സ്വര്‍ഗം എന്ന പ്രോജക്ടിന്റെ ആശയം രൂപപ്പെട്ടത്?
പല പ്രസംഗങ്ങളിലും ശ്രദ്ധിച്ച "ദെൻ വാട്ട്..?' എന്ന വാക്കാണ് ഈ സിനിമയിലേക്ക് എത്തിച്ചത്. പലതിനും വേണ്ടി ഓടി നടക്കുമ്പോൾ നമുക്കു പലതും നഷ്ടമാകുന്നുണ്ട്. ഇന്നത്തെക്കാലത്ത് അയൽപക്ക ബന്ധങ്ങളും സൗഹൃദങ്ങളും കുറഞ്ഞുവരുന്നു.
എല്ലാവരും ഒരു ചെറിയ മതിൽക്കെട്ടിനുള്ളിൽ ഒതുങ്ങുന്നു. ആഘോഷങ്ങളെല്ലാം മറ്റുള്ളവരെ കാണിക്കാൻ മാത്രം. സമ്പത്തോ പ്രശസ്തിയോ എന്നും നിലനിൽക്കില്ല. നമ്മുടെ കുടുംബാംഗങ്ങളും അയൽക്കാരുമായിരിക്കും നമ്മളോടൊപ്പം എപ്പോഴും ഉണ്ടാവുക. ആ ബോധ്യത്തിൽനിന്നാണ് ഈ കഥ.
ഒരു കൂട്ടം പ്രവാസികളുടെ കൂട്ടായ്മ സിനിമയ്ക്കു പിന്നിലുണ്ടല്ലോ. ?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മീഡിയ പ്രവർത്തനങ്ങളിൽ ഞങ്ങൾ സജീവമാണ്. പ്രത്യേകിച്ച് ഡിജിറ്റൽ മീഡിയയിൽ. 100 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു മീഡിയ ഗ്രൂപ്പ് ഞങ്ങൾക്കുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നായി വർഗീസ് തോമസ്, രഞ്ജിത് ജോൺ, സിബി മാണി കുമാരമംഗലം, മാത്യു തോമസ്, മനോജ് തോമസ്, ജോർജ്കുട്ടി പോൾ, ബേബിച്ചൻ വർഗീസ്, റോണി ജോസ്, പിന്റോ മാത്യു, ജോസ് ആന്റണി, ഷാജി ജേക്കബ്, വിപിൻ വർഗീസ്, ജോൺസൺ പുന്നേലിപ്പറന്പിൽ, ജോബി തോമസ് മറ്റത്തിൽ, എൽസമ്മ ഏബ്രഹാം ആണ്ടൂർ എന്നീ 15 പ്രവാസികൾ ഈ സിനിമയിൽ എന്നോടൊപ്പം നിർമാണത്തിൽ പങ്കുചേർന്നു.
കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു സുഹൃത്തുക്കളുള്ള ഒരു ഗ്രൂപ്പ് ഞങ്ങളുടെ കൂടെ നിൽക്കുന്നു.
നിർമാതാവ് എന്ന നിലയിൽ "സ്വര്‍ഗ'വുമായി ബന്ധപ്പെട്ട ഓർമകൾ?
30 ദിവസത്തെ ഷൂട്ട് ആയിരുന്നു. കുടുംബം പോലെതന്നെ ആയിരുന്നു സെറ്റ്. കപ്പപ്പാട്ടിന്റെ സീനെടുക്കുന്ന സമയത്തുള്ള ഒരു അദ്ഭുതകരമായ ഓർമ മനസിലുണ്ട്. ഇരുനൂറോളം ആളുകൾ ഷൂട്ടിന് അവിടെയുണ്ട്. ലക്ഷക്കണക്കിനു രൂപ ചെലവാകുന്ന സീനുകൾ. കലാ മാസ്റ്ററായിരുന്നു കൊറിയോഗ്രഫി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
എന്നാൽ, വൈകുന്നേരം ആയപ്പോഴേക്കും ആ മേഖലയിൽ അപ്രതീക്ഷിതമായി മഴ തുടങ്ങി. മുട്ടം കാഞ്ഞാർ പ്രദേശത്തായിരുന്നു ഷൂട്ട്. ദൈവത്തിന്റെ ഒരു അനുഗ്രഹമെന്ന പോലെ ഷൂട്ട് നടക്കുന്ന പ്രദേശത്തു മാത്രം മഴ മാറി നിന്നു. ഷൂട്ടിംഗ് കഴിഞ്ഞപ്പോഴാണ് അവിടെ മഴ പെയ്തത്. അല്ലെങ്കിൽ ലക്ഷക്കണക്കിനു രൂപ നഷ്ടം വന്നേനെ.
മറ്റൊരു സംഭവം പറഞ്ഞാൽ ഷൂട്ടിംഗിനു ഞങ്ങളോടൊപ്പം സഹയാത്രികൻ പോലെ ഒരു ജീപ്പുണ്ടായിരുന്നു. വാഗമണ്ണിന് അടുത്തുവച്ച് അതിന്റെ ബ്രേക്ക് പോയെങ്കിലും അപകടം സംഭവിക്കാതെ ദൈവം കാത്തു. കോടമഞ്ഞ് പോലും ഞങ്ങൾക്ക് തടസമായില്ല. സ്വർഗം തിയറ്ററിലെത്തുന്പോൾ സന്തോഷവും സംതൃപ്തിയും.
സിജോ പൈനാടത്ത്