വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാളം, തമിഴ് ചിത്രം ‘ചിന്ന ചിന്ന ആസൈ’ സെറ്റില്‍. പ്രധാന വേഷങ്ങളില്‍ ഇന്ദ്രന്‍സും മധുബാലയും. "പ്രായമുള്ള രണ്ടുപേര്‍ ഒരു തീര്‍ഥാടനത്തിനിടെ കണ്ടുമുട്ടുന്നതും അവരുടെ വിഷയങ്ങളുമാണ് ആ സിനിമ.
ഒരുമ്പെട്ടവന്‍, രേഖാചിത്രം എന്നിവ പുതുവര്‍ഷ റിലീസുകള്‍. സൂര്യയ്ക്കൊപ്പമുള്ള തമിഴ് പടത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞു. ജോണ്‍പോള്‍ ജോര്‍ജിന്റെ പടമാണ് അടുത്തു ചെയ്യുന്നത്. കുറേ പടങ്ങള്‍ കമിറ്റ് ചെയ്തിട്ടുണ്ട്. എല്ലാത്തിലും ചെന്നുചേരുന്നതു പ്രതീക്ഷയിലാണ്'- ഇന്ദ്രന്‍സ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
2024ന്റെ അനുഭവം..?
കുഴപ്പമില്ലെന്നേയുള്ളൂ. വലിയ നല്ല സിനിമകളൊന്നും ചെയ്തില്ലായിരുന്നു. അത്ര നല്ല സിനിമകളൊന്നും കിട്ടിയില്ല.
ഇടയ്ക്കിടെ നല്ല വേഷങ്ങള്‍. അതിന്റെ തുടര്‍ച്ച വഴിമാറുന്നുണ്ടോ..?
മാറിപ്പോയിട്ടുണ്ട്. വിളിക്കുന്നിടത്തൊക്കെ പോകുന്നുണ്ട്. പറയുംപോലെയൊക്കെ അഭിനയിക്കുന്നുണ്ട്. ചിലതൊക്കെ നല്ല സിനിമ അല്ലാത്തതുകൊണ്ടും ആവാം. ആരെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ എന്ന് നമുക്കറിയാനുമാവില്ലല്ലോ.
സ്ക്രിപ്റ്റ് വായിച്ച ശേഷമാണോ അഭിനയം?
എനിക്കു വേണമെന്നു തോന്നിയാല്‍ അവര്‍ തരും. വലിയ കഥാപാത്രമാണ്, അതേപ്പറ്റി കൂടുതല്‍ അറിയണം എന്നു തോന്നിയാല്‍ സ്ക്രിപ്റ്റ് ചോദിക്കും.
ഒരുമ്പെട്ടവനെക്കുറിച്ച്..?
പുതിയ ഡയറക്ടര്‍, പുതിയ പ്രൊഡ്യൂസര്‍. പ്രൊഡ്യൂസറുടെതന്നെ സ്ക്രിപ്റ്റ്. എന്റെ കഥാപാത്രം കൊല്ലപ്പണിക്കാരനാണ്. വേഷം ഇഷ്ടപ്പെട്ടു, കുഴപ്പമില്ലാതെ ചെയ്തു. വാര്‍ത്തകളിലൊക്കെ വന്ന ഒരു കൊലപാതകവുമായി ബന്ധമുള്ള കഥ.
കോമഡിയില്നിന്നു മാറ്റം ആഗ്രഹിച്ചിരുന്നോ..?
അങ്ങനെ മാറ്റം ആഗ്രഹിച്ചിട്ടില്ല. സിനിമ വേണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ. നമ്മള് വിചാരിച്ചാല്‍ സിനിമ മാറ്റാനും പറ്റില്ല. അതു തലമുറകള്‍ മാറുന്നതനുസരിച്ച് സ്വയമേ മാറുന്നതാണ്. ഞാനങ്ങു മാറ്റിമറിച്ചുവെന്നൊക്കെ നമ്മള് പഴഞ്ചനായതുകൊണ്ട് തോന്നുന്നതാണ്.
പപ്പുപിഷാരടിക്കു ശേഷമല്ലേ വേറിട്ട വേഷങ്ങള്‍..?
അതുകൊണ്ടാണ് ഇതു സംഭവിച്ചത് എന്നൊന്നും ഇതുവരെ വിലയിരുത്തിയിട്ടില്ല. വരുന്ന വേഷങ്ങള്‍ സന്തോഷമായി ചെയ്യുന്നുവെന്നേയുള്ളൂ. അതൊക്കെ സംവിധായകരുടെ മിടുക്കാണ്. സിനിമ സംവിധായകന്റേതാണ്. അവരെ മാറ്റിമറിക്കാനോ വഴിതെറ്റിക്കാനോ പറ്റില്ല. ഞാന്‍ അങ്ങനെ ശ്രമിച്ചിട്ടുമില്ല.
കടുത്ത വില്ലന്‍ വേഷങ്ങള്‍ ആഗ്രഹമുണ്ടോ..?
അങ്ങനെയൊന്നും തോന്നുന്നില്ല. സംവിധായകർ പറയുന്ന കഥാപാത്രം അവര്‍ക്കു ധൈര്യമായി ചെയ്തെടുക്കാമെങ്കില്‍ നമ്മളും ചെന്നുനില്ക്കും. എല്ലാ കഥാപാത്രങ്ങള്‍ക്കും നമ്മുടെ അധ്വാനം ഒന്നുതന്നെ. കഥാപാത്രങ്ങളുടെ സ്വഭാവം മാറിയും തിരിഞ്ഞുമൊക്കെയിരിക്കും. മാറിമാറി അഭിനയിക്കാന്‍ കിട്ടുന്നത് വലിയ ഭാഗ്യമാണ്. അഭിനയിക്കുന്നയാള്‍ക്ക് എപ്പോഴും അഭിനയിക്കാനാണു കൊതി.
സ്ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ ഇതു നമുക്കു പറ്റിയതാണ് എന്നൊക്കെ തോന്നാറില്ലേ..?
അങ്ങനെ തോന്നും. തോന്നിയിട്ടും കാര്യമില്ല. ചിലപ്പോള്‍ നല്ല ഡയറക്ടര്‍ അല്ലെങ്കില്‍ അത് അവിടെ എത്തുകയൊന്നുമില്ല. അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുകയല്ലേ. സ്ക്രിപ്റ്റ് നന്നായിട്ടു കാര്യമുണ്ടോ. അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാത്തവരോ അറിവില്ലാത്തവരോ വിചാരിച്ചാല്‍ അതിനെ മാറ്റിമറിക്കില്ലേ. ചിലപ്പോള്‍ സ്ക്രിപ്റ്റില്‍ പറയത്തക്ക ഞെട്ടിക്കലൊന്നും കാണില്ല. പക്ഷേ, സംവിധായകന് നല്ല ചിന്തയുള്ളയാള്‍ ആണെങ്കില്‍ അതു നല്ല സിനിമയാവും.
കഥാപാത്രങ്ങളെ തേച്ചുമിനുക്കിയെടുക്കാറുണ്ടോ..?
നമ്മള് മനസുവയ്ക്കുക മാത്രമേയുള്ളൂ. അല്ലാതെ മാറിയിരുന്നു തേച്ചുമിനുക്കാനൊന്നും വിവരമുള്ള സംവിധായകന് സമ്മതിക്കില്ല. അയാള്‍ തേച്ചുമിനുക്കിവച്ചു തരും. നമുക്ക് അത് ഉള്‍ക്കൊള്ളാനായാല്‍ നന്നാകുമെന്നേയുള്ളൂ. നമുക്ക് അതില്‍ കയറി കൈകടത്താൻ പറ്റില്ല. അയാളല്ലേ ക്യാപ്റ്റന്‍.
സെറ്റില്‍ അഭിപ്രായം പറയുമോ..?
ചോദിച്ചാല്‍ പറയാമെന്നേയുള്ളൂ. അങ്ങനെ പറയുന്ന വലിയ നടന്മാര് ഉണ്ടെന്നു കേട്ടിട്ടുണ്ട്. പക്ഷേ, നമ്മള് അതുവരെ വളര്‍ന്നില്ല. ഒരു വാക്കൊക്കെ തിരിച്ചുംമറിച്ചും നമ്മുടെ സൗകര്യത്തിന് ഇടാം. അത്ര മാത്രം. എത്ര ചെറിയ പടമാണെങ്കിലും അന്നും ഇന്നും സംവിധായകനെ വണങ്ങിയാണു തുടങ്ങുന്നത്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് അങ്ങനെകേറി ഭരിക്കാനൊന്നുമറിയില്ല. അവര്‍ക്കു ഫ്രീഡം കിട്ടുന്നില്ലെന്നു തോന്നിയാല്‍ പിന്നീടു പരമാവധി നമ്മളെ വിളിക്കാതാവും.
അടുത്തകാലത്ത് നവാഗതര്‍ക്കൊപ്പം ധാരാളം സിനിമകൾ?
ഞാന്‍ സിനിമ ചെയ്തിട്ടുള്ളതെല്ലാം പുതിയ ആളുകള്‍ക്കൊപ്പമാണ്. ആദ്യംമുതല്‍ അങ്ങനെയാണ്. എല്ലാ കാലത്തും പുതിയ ആളുകള്‍ വരാറുണ്ട്.
ഒപ്പമുള്ളവരുടെ അഭിനയം സ്വാധീനിക്കാറുണ്ടോ..?
അത്തരം ഒരനുഭവവുമില്ല. സെറ്റിൽ ചെന്ന് എന്റെ കാര്യം നോക്കിയ ശേഷം വീട്ടില്‍പോകും.
സിനിമ സെലക്ട് ചെയ്യുന്നത്..?
സെലക്ട് ചെയ്തെടുക്കാന്‍ ധാരാളം സിനിമകളൊന്നും എന്റെയടുത്തേക്കു വരാറില്ല. ഒരു സിനിമയ്ക്ക് എന്നെ വിളിക്കുമ്പോള്‍ പോയില്ലെങ്കില്‍ അത്രയും ദിവസം പണിയില്ലാതെ ഞാന്‍ വീട്ടിലിരിക്കേണ്ടിവരും. എത്ര ചെറിയ വേഷവും ഇഷ്ടമായാൽ, എനിക്കു സമയമുണ്ടെങ്കില്‍, പോയി അഭിനയിക്കും. ഒരുമ്പെട്ടവനില് വേറെ സ്റ്റാറുകളൊന്നുമില്ലല്ലോ. ഞാനും ജാഫറുമൊക്കെ മാത്രം.
കോമഡിയിൽനിന്നു മാറിയോ..?
കോമഡിയുള്പ്പെടെ എനിക്കു വരുന്ന ഏതു വേഷവും ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് എടുത്തുപറയാവുന്ന കോമഡി വേഷമൊന്നും അടുത്തു കിട്ടിയിട്ടില്ല.
സെറ്റ് കംഫര്ട്ടബിളാവണം, ബഹളം പാടില്ല...അത്തരം നിര്ബന്ധങ്ങളുണ്ടോ..?
അങ്ങനെയൊന്നിലും ഇടപെടാന്‍ പാടില്ലെന്ന ബോധം ഉള്ളതുകൊണ്ടാവാം അത്തരത്തില്‍ ചിന്തിച്ചിട്ടില്ല. ബഹളമുള്ളിടത്ത് അഡ്ജസ്റ്റ് ചെയ്തു പോകണം.
അഭിനയം പരമാനന്ദം, വായന ആനന്ദം..?
അതല്ലാതെ എനിക്കു വേറെ പോംവഴിയില്ല. നല്ലതെന്നു കേള്‍ക്കുന്ന പുസ്തകങ്ങൾ വാങ്ങിവയ്ക്കും. അനുഭവം, നോവല്‍, യാത്ര, കഥ... എല്ലാം വായിക്കും. വായനയുടെ സ്പീഡ് കുറവാണ്. ഷൂട്ടിനിടെ റൂമില്‍ ഒറ്റയ്ക്കാകുമ്പോള്‍ കൂട്ടിനു പുസ്തകങ്ങള്‍തന്നെ. എപ്പോഴും രണ്ടു മൂന്ന് എഴുത്തുകാര്‍ കൂടെക്കാണും! ഞെട്ടിക്കുന്ന എഴുത്തുകാരൊക്കെയുണ്ട്. പുതിയ ആളുകള്‍ക്കൊപ്പം എൻ. എസ്. മാധവന് ഉള്‍പ്പെടെയുള്ളവരും. എഴുത്തുകാരൊക്കെ ചെറുപ്പം തന്നെയാണ്. അവര്‍ നിരന്തരം മാറിക്കൊണ്ടിരിക്കുകയല്ലേ. ഷംസുദീന്‍ കുട്ടോത്തിന്റെ ഇരീച്ചാല് കാപ്പ് എന്ന പുസ്തകമാണ് ഇപ്പോള്‍ വായിക്കുന്നത്.
പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ അഭിനയിക്കാൻ മോഹമുണ്ടോ..?
പുസ്തകം വായിക്കുമ്പോള്‍ ഒരുപാട് അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ നമ്മുടെ മനസിലേക്കുവരും. അതു ചെയ്യണമെന്നു തോന്നും. ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ല. വരുമായിരിക്കും.
തുടര്‍പഠനം എവിടെയെത്തി..?
ഏഴു പാസായി. ഏഴു പാസാകാതെ പത്ത് എഴുതാനാവില്ലെന്നാണു ചട്ടം. അതു നന്നായി. കുറച്ചുകൂടി കാര്യങ്ങള്‍ അറിയാനായി. അടുത്തതു പത്താണ്. ഒരുപാടു ദിവസം ആവശ്യമുള്ള പടങ്ങളാണു ചെയ്യുന്നത്. അതിനിടയ്ക്കു മാറിയിരുന്നു പഠിത്തം നടക്കില്ല. മലയാളമൊഴിച്ചു ബാക്കിയൊന്നും വഴങ്ങില്ല. ട്യൂഷന് വേണ്ടിവരും. പണ്ടു പറ്റാഞ്ഞിട്ടു ചെയ്യാതിരുന്നതാണ്. ഇപ്പോള്‍ രണ്ടു ദിവസം മാറിയിരുന്നു പഠിച്ചാലും പട്ടിണിയാവില്ല.
വീണ്ടും തമിഴില്‍..?
സൂര്യയുടെ 45 ാമതു പടം. സംവിധാനം ആർജെ ബാലാജി. കോയമ്പത്തൂര്‍ ഷെഡ്യൂള്‍ കഴിഞ്ഞു. അടുത്തതു മാര്‍ച്ചില്‍ ചെന്നൈയിൽ. തമിഴില്‍ കുറച്ചുകൂടി വിശ്രമം കിട്ടും. ഷൂട്ടിംഗ് രാവിലെതന്നെ തുടങ്ങും. വൈകിട്ടു മറ്റു തൊഴിലുകാരെപ്പോലെ മടങ്ങാം. അങ്ങനെയൊക്കെ ചിട്ടയുണ്ട്, അവര്‍ക്ക്. കഴിഞ്ഞ സീനുകളൊക്കെ സൂര്യയ്ക്കൊപ്പമായിരുന്നു. എനിക്കു ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ്. അതായിരിക്കും വിളിച്ചത്. നന്പനു ശേഷം പല പടങ്ങളിലേക്കും വിളിച്ചിരുന്നു. ഭാഷ പറ്റാത്തതുകൊണ്ട് പേടിച്ചു പോകാത്തതാണ്. മാത്രമല്ല, ഇവിടെ എപ്പോഴും പടം കാണും. ഇപ്പോഴും അങ്ങനെതന്നെ. മലയാളം കളയാതെ, പറ്റിയാല്‍ തമിഴും ചെയ്യും. ഇതില്‍ ഡയലോഗുകള്‍ നേരത്തേ തന്നിരുന്നു.
ടി.ജി. ബൈജുനാഥ്