മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടനാണ് കൊല്ലം തുളസി. കഴിഞ്ഞ 45 വര്‍ഷമായി സിനിമാരംഗത്തുള്ള കൊല്ലം തുളസിയുടെ യഥാർഥ പേര് തുളസീധരന്‍ നായര്‍ എന്നാണ്.
എഴുപത്തിയാറാം വയസിലേക്കു കടന്നിരിക്കുന്ന കൊല്ലം തുളസി നടൻ എന്നതിനൊപ്പം നിരവധി സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ സംഘടനകളുടെ സഹയാത്രികനും കൂടിയാണ്. 1979 മുതല്‍ മലയാള സിനിമാ രംഗത്തുള്ള അദ്ദേഹം 250ല്‍പരം ചലച്ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സ്വഭാവ നടന്, വില്ലന്‍, ഹാസ്യതാരം എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്. ഒപ്പം പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടി അദ്ദേഹത്തിനു പറയാനുണ്ട്.
നടനും ഉദ്യോഗസ്ഥനും
അഭിനയവുമായി സജീവമായി മുന്നോട്ടുപോകവേയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തിരക്കഥ മാറ്റിയെഴുതാൻ കാൻസർ കടന്നുവന്നത്. ആത്മധൈര്യവും ചികിത്സയും ഒത്തുചേർന്നപ്പോൾ അതിനെ അതിജീവിക്കാനും കൊല്ലം തുളസിക്കു കഴിഞ്ഞു.
നടനായി മാത്രമല്ല, കഥാകാരനായും കവിയായുമൊക്കെ അദ്ദേഹം ഇടയ്ക്കിടെ സമൂഹമധ്യേ പ്രത്യക്ഷപ്പെടുന്നു. നടനെന്ന വേഷവും നഗരസഭാ ഉദ്യോഗസ്ഥനെന്ന ഉത്തരവാദിത്വവും ഒരേ സമയം കൊണ്ടുനടക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. നഗരസഭാ ജീവനക്കാരനായി സർക്കാർ ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഡപ്യൂട്ടി സെക്രട്ടറിയായിട്ടാണ് 34 വർഷ സേവനം കഴിഞ്ഞു വിരമിച്ചത്.
നാടകത്തിൽനിന്ന്
കൊല്ലം ജില്ലയില്‍ തൃക്കരുവാ പഞ്ചായത്തില്‍ കാഞ്ഞാവെളി കുറ്റിലഴികത്ത് വീട്ടില്‍ സംസ്കൃത അധ്യാപകനും കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ശാസ്ത്രി പി.എസ്. നായരുടെയും കൊട്ടാരക്കര വെളിയത്തെ വലിയതറവാട്ടിലെ അംഗമായിരുന്ന ഭാരതിയമ്മയുടെയും ആറു മക്കളില്‍ രണ്ടാമനായാണ് തുളസി ജനിച്ചത്.
സ്കൂള്‍, കലാലയ ജീവിതത്തിനു ശേഷം 21-ാം വയസില്‍ മുനിസിപ്പല്‍ സര്‍വീസില്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2004ല്‍ തിരുവനന്തപുരം നഗരസഭയില്‍നിന്നു ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു. സംസ്ഥാനത്തെ പത്തോളം നഗരസഭകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
ക്ലബ് നാടകങ്ങളില്‍നിന്ന് അമച്വര്‍ നാടകവേദികളിലൂടെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ഇദ്ദേഹം റേഡിയോ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സിനിമാ രംഗത്തേക്കു ചുവടുവച്ചത്. വില്ലന്‍ വേഷങ്ങളും രാഷ്ട്രീക്കാരന്റെ വേഷങ്ങളുമൊക്കെ വളരെപ്പെട്ടെന്ന് കാണികളെ ആകർഷിച്ചു.
മന്ത്രിയായും അഡ്വക്കേറ്റായും ഡോക്ടറായും എല്ലാം സിനിമകളില്‍ തിളങ്ങിയ കൊല്ലം തുളസി തമിഴ് സിനിമകളിലും അഭിനയിച്ചു. 1999ല്‍ പുറത്തിറങ്ങിയ ലേലം എന്ന സിനിമയിലെ പാപ്പിച്ചായന് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു എന്നു പറയാം. ഇന്നും കാണികൾ ഒാർത്തിരിക്കുന്ന കഥാപാത്രമാണിത്.
കടമറ്റത്ത് കത്തനാര് എന്ന ടെലിവിഷന്‍ പരമ്പരയിലെ മന്ത്രവാദിയുടെ വേഷവും പ്രേക്ഷകശ്രദ്ധ നേടി. ഏറ്റവും നല്ല രണ്ടാമത്തെ നടനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡിനും അര്‍ഹനായി. ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നിരവധി പുരസ്കാരങ്ങൾക്കും അർഹനായി. തുളസിയുടെ കഥകള്‍, തുളസിയുടെ കവിതകള്‍, എട്ടുകാലി കഥ പോലൊരു ജീവിതം, ജാനു പുരാണം, തുളസിയുടെ നര്മങ്ങള് എന്നിങ്ങനെ പതിനഞ്ച് കൃതികൾ രചിച്ചു.
കാൻസർ രോഗത്തെത്തുടർന്നു മരണത്തെ മുഖാമുഖം കണ്ട് അദ്ദേഹം രചിച്ച രണ്ട് ഓഡിയോ സിഡികളാണ് ഒരു പരാജിതന്റെ മോഹങ്ങളും മരണത്തിനൊരു ചരമഗീതവും. തലസ്ഥാനത്തെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രത്യേക ക്ഷണിതാവായും മോട്ടിവേറ്ററായുമൊക്കെ അദ്ദേഹം സജീവമാണ്.
ആത്മായനം എന്ന പേരില്‍ ആത്മകഥയുടെ രചനയില്‍ മുഴുകിയിരിക്കുകയാണ് തുളസി. കാൻസർ അതിജീവന ചരിത്രം ഇതിന്റെ പ്രചോദനാത്മക ഭാഗമാണ്. ബ്രിട്ടന്, അമേരിക്ക, ജര്‍മനി, റഷ്യ, ചൈന, വിയറ്റ്നാം, മലേഷ്യ, തായ്ലൻഡ്, സിംഗപ്പൂര്‍, ഖത്തര്‍, ബഹറിന്‍, യുഎഇ, ശ്രീലങ്ക, സൗദി അറേബ്യ, കംബോഡിയ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സന്ദർശിക്കാൻ കഴിഞ്ഞു. അരനൂറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും അദ്ദേഹം സൺഡേ ദീപികയോടു മനസുതുറക്കുന്നു.
പുതിയ കാലഘട്ടത്തിലെ സിനിമാമേഖല?
പണ്ടു കാലത്തു സിനിമയ്ക്കു വ്യക്തമായ ഒരു കഥയും ലക്ഷ്യവും ഗുണപാഠവും ഉണ്ടായിരുന്നു. ഇന്ന് അത്തരത്തിലുള്ള ഗുണപാഠങ്ങളില്ല. ഒരു സംഭവത്തെയാണ് സിനിമയാക്കുന്നത്. നടീനടന്മാരില് ചുരുക്കം ചിലര്‍ ഒഴിച്ചാല്‍ കലയോടും സമൂഹത്തോടും പ്രതിബദ്ധത കുറഞ്ഞു. അമ്മയില്‍ പുതിയ തലമുറയില്‍പ്പെട്ടവര്‍ ഭാരവാഹികളായി വരാന്‍ മടിക്കുന്നത് ഉദാഹരണമാണ്.
മോഹന്‍ലാലും മമ്മൂട്ടിയും സമൂഹത്തോട് ഏറെ പ്രതിബദ്ധത പുലര്‍ത്തുന്ന സൂപ്പര്‍ സ്റ്റാറുകളാണ്. ഇരുവരും ധാരാളം ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്നു. കോവിഡ് കാലത്തു മോഹന്‍ലാല്‍ കഷ്ടതയനുഭവിക്കുന്ന നിരവധി ചലച്ചിത്ര പ്രവര്‍ത്തകരെയും കലാകാരന്മാരെയും സഹായിച്ചിട്ടുള്ള കാര്യം നേരിട്ടറിയാം. ദിലീപും സുരേഷ് ഗോപിയും സഹായിക്കാന്‍ മനസുള്ളവരാണ്. സുരേഷ്ഗോപിയുടെ വ്യക്തിത്വത്തിനും അദ്ദേഹം ചെയ്യുന്ന നന്മയ്ക്കും ജനങ്ങള്‍ നല്കിയ അംഗീകാരമാണ് തൃശൂരിലെ അദ്ദേഹത്തിന്റെ വിജയമെന്നാണ് ഞാന്‍ കണക്കാക്കുന്നത്.
കാന്‍സര്‍ രോഗത്തിനെതിരേയുള്ള പോരാട്ടം?
കാന്‍സര്‍ രോഗം പുതിയ പാഠങ്ങള്‍ പഠിക്കാന്‍ അവസരം നല്കി. കീമോ തെറാപ്പിയോടൊപ്പം, ധൈര്യോ തെറാപ്പിയും ദൈവതെറാപ്പിയും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി. തിരിച്ചറിവിന്റെ കാലമായിരുന്നു ആര്‍സിസിയിലെ ചികിത്സാഘട്ടം. മുന്‍പ് നിരവധി പേരെ സാമ്പത്തികമായും അല്ലാതെയും എല്ലാ അര്‍ഥത്തിലും സഹായിച്ചിരുന്നു. എന്നാല്‍, എനിക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ ചുരുക്കം ചില സുമനസുകള്‍ മാത്രമാണ് ഒപ്പം നിന്നത്. സഹായം സ്വീകരിച്ചവര്‍ ആരും തിരിഞ്ഞു നോക്കിയില്ല.
അതു മനസിനെ വല്ലാതെ വേദനിപ്പിച്ചു. മനോധൈര്യത്തോടെ മുന്നോട്ടുപോകണമെന്ന ഭഗവത് ഗീതയിലെ വാചകങ്ങള്‍ പുതിയ ജീവിതത്തിലേക്കു കടക്കാന്‍ മനസിനെ പാകപ്പെടുത്തി. ബന്ധുക്കളും താന്‍ എല്ലാ അര്‍ഥത്തിലും രക്ഷപ്പെടുത്തി വലിയ സാമ്പത്തിക സ്ഥിതി നേടിയവരുമെല്ലാം രോഗകാലത്ത് അകലം പാലിച്ചു. രോഗിയാണെന്ന അവഗണന അവസരങ്ങള്‍ നഷ്ടപ്പെടുത്തി. എന്തിന്, സ്വന്തം ഭാര്യ പോലും ഉപേക്ഷിച്ചുപോയി. ആ സമയങ്ങളില്‍ മോഹന്‍ലാല്‍ സാമ്പത്തികമായി സഹായിച്ചു.
പുതിയ സ്വപ്ന പദ്ധതികള്‍?
നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. കുടുംബപ്രാരാബ്ധങ്ങള്‍ പേറി ജീവിതം മുന്നോട്ടുകൊണ്ടു പോകാനാകാതെ മരിക്കുന്ന ഗൃഹനാഥന്റെ വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കുടുംബത്തിലുള്ള കുറച്ചു പേരെ സാമ്പത്തികമായും അല്ലാതെയും സഹായിക്കണം. ഇപ്പോള്‍ എന്നെ പിതാവിനെപ്പോലെ പരിചരിക്കാന്‍ നില്ക്കുന്ന, ഞാന്‍ മകളെ പോലെ കാണുന്ന കുട്ടിയെയും സഹായിക്കണം.
സിനിമയിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?
ആക്സ്മികമായാണ് സിനിമയിലേക്കു വരുന്നത്. പ്രേം നസീറിന്റെ "മുഖ്യമന്ത്രി' എന്ന സിനിമയില്‍ ആദ്യമായി തല കാണിക്കാന്‍ അവസരം കിട്ടി. ശ്രീകുമാരന്‍ തമ്പിയുടെ യുവജനോത്സവം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നുവന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര് ആയിരുന്ന ശാസ്താശശിയാണ് ഗോഡ്ഫാദര്. അദ്ദേഹമാണ് സിനിമയിലേക്കു കടന്നു വരാനുള്ള സഹായങ്ങളും പിന്തുണയും നല്‍കിയത്.
ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം?
പ്രേക്ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ചിത്രം ലേലം ആയിരുന്നു. എന്നാല്‍, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും കഥാപാത്രവും വാസവന് സംവിധാനം ചെയ്ത ഖണ്ഡകാവ്യം ആയിരുന്നു. മനുഷ്യത്വമുള്ള ഒരു ജയിലറുടെ വേഷമായിരുന്നു അതിൽ. കരയുകയും കരയിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളും വേഷങ്ങളും ചെയ്യാനായിരുന്നു എക്കാലത്തും ഇഷ്ടം. എന്നാല്‍, മിക്കപ്പോഴും ലഭിച്ചതെല്ലാം വില്ലന്‍ കഥാപാത്രങ്ങളായിരുന്നു. എങ്കിലും കിട്ടിയ വേഷങ്ങളെല്ലാം ഭംഗിയാക്കാൻ ശ്രമിച്ചിട്ടുണ്ട്.
സിനിമാ സെറ്റിലെ അനുഭവങ്ങൾ?
ഞാന്‍ അഭിനയിച്ച സെറ്റുകളിലെല്ലാം സുഖകരമായ അനുഭവങ്ങളായിരുന്നു. വളരെ സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയുമാണ് മിക്കവരും ഇടപെട്ടിരുന്നത്. സൗഹൃദ കൂട്ടായ്മകളായാണ് നമ്മുടെ ഷൂട്ടിംഗ് ലൊക്കേഷനുകളും സിനിമാ സെറ്റുകളും പ്രവര്‍ത്തിച്ചിരുന്നത്.
പ്രമുഖ നടന്മാരുമായുള്ള ബന്ധം?
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, സിദ്ദിക്ക് ഉള്‍പ്പെടെയുള്ള പ്രമുഖ നടന്മാരുമായും നടിമാരുമായും നല്ല സൗഹൃദവും ബന്ധവുമാണ് ഇപ്പോഴും. ജനങ്ങളുടെ റോള്‍ മോഡല്‍ ആയിരിക്കണം ചലച്ചിത്ര നടന്മാരും നടിമാരുമെന്നാണ് വ്യക്തിപരമായ അഭിപ്രായവും നിലപാടും.
സിനിമാ -സീരിയല്‍ അഭിനയത്തിന് കിട്ടിയ അംഗീകാരങ്ങൾ
കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ ഉള്‍പ്പെടെ അറുനൂറിലധികം പുരസ്കാരങ്ങളും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ജനങ്ങളുടെ സ്നേഹമായാണ് ഓരോ പുരസ്കാരത്തെയും കാണുന്നത്.
കാന്‍സര്‍ രോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്നവരോടു പറയാനുള്ളത്?
കാന്‍സര്‍ രോഗം കണ്ടെത്തിയാല്‍ തളർന്നുപോകരുത്. മനസിനു കൂടുതല്‍ ധൈര്യം നല്‍കണം. ചികിത്സയോടൊപ്പം മനക്കരുത്തുകൂടി നേടിയാല്‍ തീര്‍ച്ചയായും കാന്‍സര്‍ നിങ്ങളെ ഉപേക്ഷിച്ചു പോകും. എനിക്കു കാന്‍സര്‍ ബാധിച്ചിട്ട് പന്ത്രണ്ട് വര്‍ഷം പിന്നിട്ടു. ചികിത്സയും മനോധൈര്യവും ദൈവാനുഗ്രഹവുംകൊണ്ട് ഇന്നും ജീവിച്ചിരിക്കുന്നു.
ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍?
ജീവിതാനുഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ആത്മകഥ എഴുതുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് ഡോ. രോഹിത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രേഷ്ഠാ ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്. ആത്മായനം എന്നാണ് പേരിട്ടിരിക്കുന്നത്.
എഴുത്ത്: എം.സുരേഷ് ബാബു
ഫോട്ടോ: അനില്‍ ഭാസ്കര്‍