പാലിയേക്കര ടോള്‍ പ്ലാസയില്‍ അഴിമതിയെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം; പോലീസുമായി ഉന്തും തള്ളും
Friday, October 20, 2023 4:30 PM IST
വെബ് ഡെസ്ക്
തൃശൂര്‍: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയ പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധം നടത്തി കോണ്‍ഗ്രസ്. തൃശൂര്‍ ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

അഴിമതി തടയണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ടോള്‍ വളയല്‍ സമരത്തിനിടെ പോലീസുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തിനിടെ രണ്ട് മണിക്കൂറോളം മുഴുവന്‍ ടോള്‍ ഗേറ്റുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുറന്നിട്ടിരുന്നു.

ഇതിനിടെ മുന്‍ എംഎല്‍എ അനില്‍ അക്കര, ടി.എന്‍ പ്രതാപന്‍ എംപി എന്നിവര്‍ക്ക് പരിക്കേറ്റുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ഉന്തും തള്ളുമുണ്ടായത്.

നേതാക്കളെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടോള്‍ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലാ കളക്ടര്‍ കൃഷ്ണതേജയും റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെയും പ്രതിഷേധം നടക്കുന്ന സ്ഥലത്തെത്തിയിരുന്നു.

കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാമെന്ന് ഇവര്‍ ഉറപ്പ് നല്‍കിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ് സമരം അവസാനിപ്പിക്കുകയായിരുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.