ഹേമ കമ്മിറ്റി റിപ്പോര്ട്ട്: ആദ്യ കേസില് കുറ്റപത്രം സമര്പ്പിച്ചു
Tuesday, December 24, 2024 8:58 AM IST
കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസില് കുറ്റപത്രം സമര്പ്പിച്ചു. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്.
മേക്കപ്പ് മാനേജർ സജീവിനെതിരെ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ പരാതിയാണ് കോട്ടയം പൊൻകുന്നം പോലീസ് കേസെടുത്തത്. പിന്നീട് കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുകയായിരുന്നു. 2013ൽ പൊൻകുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽവച്ച് സജീവ് മോശമായി പെരുമാറിയെന്നായിരുന്നു കേസ്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്ട്ടുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. മൂന്നംഗ ബെഞ്ചാണ് രൂപീകരിച്ചത്. മുഖ്യ വിവരാവകാശ കമ്മീഷണർ നേതൃത്വം നൽകും. രണ്ട് വിവരാവകാശ കമ്മീഷണർമാരും ബെഞ്ചിലുണ്ടാകും.
സ്കൂട്ടര് യാത്രയ്ക്കിടെ കഴുത്തില് ഷാള് കുരുങ്ങി അപകടം; യുവതി മരിച്ചു
Tuesday, December 24, 2024 8:17 AM IST
കോഴിക്കോട്: പുതുപ്പാടിയില് സ്കൂട്ടര് യാത്രയ്ക്കിടെ കഴുത്തില് ഷാള് കുരുങ്ങി യുവതി മരിച്ചു. വെസ്റ്റ് കൈതപ്പൊയില് കല്ലടിക്കുന്നുമ്മല് സുധ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.
പാലോട് പടക്കകടയ്ക്ക് തീപിടിച്ചു
Tuesday, December 24, 2024 8:11 AM IST
തിരുവനന്തപുരം: പാലോട് പടക്കകടയ്ക്ക് തീപിടിച്ചു. അപകടസമയത്ത് ഇവിടെ ആരും ഇല്ലാതിരുന്നതിനാല് ആളപായമോ ആര്ക്കും പരിക്കോ ഇല്ല.
ഇന്ന് രാവിലെ ആറേകാലോടെയാണ് സംഭവം. നന്ദിയോട് ആനക്കുഴിയില് കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള പടക്കനിര്മാണ കടയ്ക്കാണ് തീപിടിച്ചത്.
ഷോര്ട്ട് സര്ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കട പൂര്ണമായും കത്തിനശിച്ചിട്ടുണ്ട്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് അടിയിൽ അജ്ഞാതൻ; അന്വേഷണം ആരംഭിച്ചു
Tuesday, December 24, 2024 8:18 AM IST
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് അടിയിൽ അജ്ഞാതൻ കിടന്ന സംഭവത്തിൽ അന്വേഷണം. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ കണ്ണൂർ പന്നിയൻപാറ റെയിൽവേ ഗേറ്റിന് സമീപമാണ് അജ്ഞാതനായ ആൾ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് അടിയിൽ കിടന്നത്.
റെയിൽവേ ട്രാക്കിൽ കൂടി നടക്കുകയായിരുന്ന ഇയാൾ ട്രെയിൻ അടുത്തെത്തിയപ്പോൾ ട്രാക്കിൽ കിടക്കുന്നതും ഇയാളുടെ മുകളിലൂടെ ട്രെയിൻ കടന്നുപോകുന്നതുമായിരുന്നു ദൃശ്യങ്ങളിലുള്ളത്.
ഇതിന്റെ ദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിച്ചപ്പോഴാണ് പ്രദേശവാസികൾ ഉൾപ്പടെയുള്ള ആളുകൾ സംഭവം അറിഞ്ഞത്. ദൃശ്യങ്ങളിലുള്ളയാൾ ആരാണെന്നതിൽ വ്യക്തതയില്ല. എന്നാൽ, ഇയാൾ പ്രദേശവാസിയാണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സംഭവത്തിൽ പോലീസും റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചു.
ക്ഷേമ പെൻഷൻ തട്ടിപ്പ്; ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്കെതിരെ നടപടി
Tuesday, December 24, 2024 8:03 AM IST
തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്കെതിരെയാണ് വകുപ്പുതല നടപടി വരുക.
അനർഹമായി തുക കൈപ്പറ്റിയവരുടെ പട്ടികയിൽ അറ്റൻഡർമാരും ക്ലർക്കും നഴ്സിംഗ് അസിസ്റ്റന്റുമാരും അടക്കമുള്ളവരുണ്ട്. ഇവർ അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് തീരുമാനം.
അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയെന്ന് ധനവകുപ്പ് കണ്ടെത്തിയ 1458 സർക്കാർ ജീവനക്കാരിൽ ഏറെയും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലാണ്. നേരത്തെ മണ്ണ് സംരക്ഷണ വകുപ്പും, പൊതുഭരണ വകുപ്പുമാണ് തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടിയെടുത്തത്.
അമിത് ഷായുടെ "അംബേദ്കർ' പരാമർശം; കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും
Tuesday, December 24, 2024 7:19 AM IST
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ "അംബേദ്കർ' പരാമർശത്തിൽ കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണയും ഇന്ന് നടക്കും.
അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. 26ന് കർണാടകയിൽ ചേരുന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യും.
അംബേദ്കർ വിവാദത്തിൽ ബിഎസ്പിയും ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിക്കും. അതേസമയം അംബേദ്കർ വിവാദത്തിന് പിന്നാലെ പാർലമെന്റിൽ ഉണ്ടായ ഭരണ - പ്രതിപക്ഷ സംഘർഷത്തിൽ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്.
ബിജെപി അംഗങ്ങൾക്കെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ ഇതുവരെ ഡല്ഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
ഭക്ഷ്യവിഷബാധ; കാക്കനാട്ടെ എൻസിസി ക്യാംപ് പിരിച്ച് വിട്ടു
Tuesday, December 24, 2024 6:59 AM IST
കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് എറണാകുളം കാക്കനാട്ടെ എൻസിസി ക്യാംപ് പിരിച്ച് വിട്ടു. ക്യാംപിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് തിങ്കളാഴ്ച 70 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വിദ്യാർഥികളുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രവേശിപ്പിച്ച 70 ഓളം വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്.
തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതൽ പേർക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ കളമശേരി മെഡിക്കൽ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. വൈകുന്നേരത്തോടെ ഒട്ടേറെ പേർ ക്ഷീണിതരായി തളർന്നുവീണു. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.
അതേസമയം സീനിയർ വിദ്യാർത്ഥികൾ അടിച്ചെന്ന് ഹൈസ്കൂൾ വിദ്യാർഥികൾ പരാതി അറിയിച്ചു. എന്നാൽ ക്യാംപിനോട് താത്പര്യകുറവുള്ള ഒരു വിഭാഗം കുട്ടികൾ അനാവശ്യമായി ഉണ്ടാക്കിയ പ്രശ്നമെന്നാണ് മറുഭാഗത്തിന്റെ ആരോപണം.
കർണാടകയിലെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻവിജയം നേടും: എച്ച്.ഡി. കുമാരസ്വാമി
Tuesday, December 24, 2024 7:10 AM IST
ന്യൂഡൽഹി: 2028ൽ നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടി അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ എച്ച്. ഡി. കുമാരസാമി. നിലവിൽ സംസ്ഥാനത്ത് അധികാരത്തിലുള്ള കോൺഗ്രസ് സർക്കാർ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
"അടുത്ത കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയം നേടും. ജനക്ഷേമപ്രവർത്തനങ്ങൾ നടത്താൻ എൻഡിഎ സംസ്ഥാനത്ത് അധികാരത്തിൽ വരേണ്ടത് അനിവാര്യമാണ്. മുന്പ് തുടങ്ങിവച്ച പലകാര്യങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്.'-കുമാരസാമി പറഞ്ഞു.
2006ൽ സംസ്ഥാനത്ത് അധികാരത്തിൽ വന്ന ബിജെപി-ജെഡിഎസ് സഖ്യം ജനക്ഷേമകരമായ പലകാര്യങ്ങളും ചെയ്തുവെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. ഒരുപാട് പദ്ധതികൾ തുടങ്ങിവച്ചുവെന്നും എന്നാൽ കോൺഗ്രസ് സർക്കാർ അതെല്ലാം നിർത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അങ്കമാലിയിൽ അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
Tuesday, December 24, 2024 5:33 AM IST
കൊച്ചി: അങ്കമാലിയിൽ അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മണ്ണാർക്കാട് പയ്യനെടം മാണിക്കോത്ത് ബാലചന്ദ്രനാണ് (71) മരിച്ചത്.
അങ്കമാലിയിൽ ചൂരൽ ഉപയോഗിച്ച് ഫർണിച്ചർ നിർമ്മിക്കുന്ന ജോലിയായിരുന്നു ബാലചന്ദ്രന്. ഇക്കഴിഞ്ഞ എട്ടാം തീയതി വൈകുന്നരമാണ് കറുകുറ്റി അരീക്കൽ ജംഗ്ഷനിൽ ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങിയ ബാലചന്ദ്രനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി.
സാരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബാലചന്ദ്രൻ തിങ്കളാഴ്ച രാത്രി പത്ത് മണിയ്ക്ക് മരിച്ചു.
ഒഡീഷയിൽ പ്രഷർ കുക്കർ ഗോഡൗണിൽ തീപിടിത്തം
Tuesday, December 24, 2024 5:08 AM IST
ഭുവനേഷ്വർ: ഒഡീഷയിൽ പ്രഷർ കുക്കർ ഗോഡൗണിൽ തീപിടിത്തം. ഭുവനേഷ്വറിലെ സത്യനഗർ പ്രദേശത്താണ് തീപിടിത്തമുണ്ടായത്.
തിങ്കളാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ 15 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു.
തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് തകർപ്പൻ ജയം
Tuesday, December 24, 2024 6:29 AM IST
ഹൈദരാബാദ്: ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ്സിക്കെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് തകർപ്പൻ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്.
തിങ്കളാഴ്ച ഗച്ചിബോളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുല്ലെർമോ ഫെർണാണ്ടസ്, അല്ലദീൻ അജാരെ എന്നിവരാണ് നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയത്. ഗുല്ലെർമോ ഫെർണാണ്ടസ് രണ്ടും അജാരെ ഒരു ഗോളുമാണ് നേടിയത്. ഹൈദരാബാദ് താരങ്ങളായ ലെന്നി റോഡ്രിഗസിന്റെയും അലക്സ് സജിയുടേയും സെൽഫ് ഗോളുകളും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഗോൾ പട്ടികയിലുണ്ട്.
എഡ്മിൽസൺ കോറേയയാണ് ഹൈദരാബാദ് എഫ്സിക്കായി ഗോളുകൾ നേടിയത്. വിജയത്തോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് 18 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ആറാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
കോന്നിയിൽ ബ്യൂട്ടി പാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: മൂന്ന് പേർ പിടിയിൽ
Tuesday, December 24, 2024 3:53 AM IST
പത്തനംതിട്ട: കോന്നിയിൽ ബ്യൂട്ടി പാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. ആസം സ്വദേശികളായ ഖരീമുള്ള, അമീർ, റിബുൾ എന്നിവരാണ് പിടിയിലായത്. സംഭവ ശേഷം സ്ഥലംവിട്ട പ്രതികളെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്.
ഇറച്ചിക്കോഴി കടയിലെ ജീവനക്കാരാണ് പിടിയിലായത്. ബംഗാൾ സ്വദേശിനിയായ യുവതിയേയാണ് പ്രതികൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കോന്നി ആനകുത്തിയിലെ വാടക വീട്ടിലാണ് യുവതി താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു മടങ്ങി വന്ന യുവതിയെ പ്രതികൾ കടന്നുപിടിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
പോലീസ് കേസ് എടുത്തതോടെ സ്ഥലംവിട്ട പ്രതികളെ തമിഴ്നാട്ടിലെ ജോളാർപേട്ടയിൽ നിന്നാണ് പിടികൂടിയത്. നാട്ടിലേയ്ക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് മൂവരും അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ക്ഷേത്രങ്ങളില് മോഷണം നടത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി
Tuesday, December 24, 2024 3:21 AM IST
തൃശൂര്: വിവിധ ക്ഷേത്രങ്ങളില് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ആസാം സ്വദേശി ജിഹിറുള് ഇസ്ലാം (24) എന്നയാളാണ് പിടിയിലായത്. ഒല്ലൂർ പോലീസാണ് ഇയാളെ പിടികൂടിയത്.
ഇരവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഇരവിമംഗലം മച്ചിങ്ങല് ക്ഷേത്രം, ഇളംതുരുത്തി കൊട്ടേക്കട്ട് പറമ്പില് കുടുംബ ക്ഷേത്രം എന്നിവിടങ്ങളില് മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പിന്നീട് ഒല്ലൂര് പോലീസ് സ്റ്റേഷനില് ലഭിച്ച പരാതിയെ തുടര്ന്ന് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിന്നീടുള്ള അന്വേഷണത്തില് പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിയെ ഒല്ലൂര് എ.സി.പി. എസ്.പി. സുധീരന്റെ നിര്ദേശാനുസരണം ഒല്ലൂര് എസ്.എച്ച്.ഒ. ടി.പി. ഫര്ഷാദിന്റെ മേല്നോട്ടത്തിലായിരുന്നു അന്വേഷണം നടന്നത്. പ്രിന്സിപ്പല് എസ്ഐ ജീസ് മാത്യു, എസ്ഐ ക്ലിന്റ് മാത്യു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില് ഉണ്ടായിരുന്നു.
മൂന്നു വയസുകാരി കുഴൽകിണറ്റിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Tuesday, December 24, 2024 1:27 AM IST
ജയ്പൂർ: രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോർ ജില്ലയിൽ മൂന്ന് വയസുകാരി കുഴൽക്കിണറിൽ വീണു. 150 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്.
രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫും എസ്ഡിആർഎഫും സ്ഥലത്തെത്തി. സരുന്ദ് പ്രദേശത്തെ പിതാവിന്റെ കൃഷിയിടത്തിൽ കളിക്കുകയായിരുന്ന ചേതന എന്ന പെൺകുട്ടി അബദ്ധത്തിൽ കുഴൽക്കിണറിലേക്ക് തെന്നി വീഴുകയായിരുന്നു.
വടിയിൽ ഘടിപ്പിച്ച കൊളുത്തിന്റെ സഹായത്തോടെ പെൺകുട്ടിയെ പുറത്തെടുക്കാൻ ശ്രമിക്കുകയാണെന്ന് സരുന്ദ് എസ്എച്ച്ഒ മുഹമ്മദ് ഇമ്രാൻ പറഞ്ഞു. പെൺകുട്ടിയുടെ ചലനങ്ങൾ കാമറയിലൂടെ നിരീക്ഷിക്കുന്നുണ്ട്. കുട്ടിയുടെ ജീവൻനിലനിർത്താനായി ഓക്സിജൻ എത്തിച്ചിട്ടുണ്ട്.
വ്യവസായ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പെൺകുട്ടിയെ വേഗത്തിൽ രക്ഷപ്പെടുത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് ദൗസ ജില്ലയിൽ അഞ്ച് വയസുള്ള ആൺകുട്ടി കുഴൽക്കിണറിൽ വീണിരുന്നു. 55 മണിക്കൂറിലേറെ സമയമെടുത്ത് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ കൊന്നു; രണ്ടുപേർ പിടിയിൽ
Tuesday, December 24, 2024 1:13 AM IST
ഐസ്വാൾ: പണം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ രണ്ടുപേർ അറസ്റ്റിൽ. ഐസ്വാളിന് സമീപമാണ് സംഭവം.
ഡേവിഡ് ലാൽമുവാൻപുയ(31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വില്ലേജ് ഡിഫൻസ് പാർട്ടി (വിഡിപി) അംഗങ്ങളായ കെ.ടി. സോനുൻസംഗ (31), ആർ. ലാൽമംഗൈഹ്സുവാല (56) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ടുരിയൽ എയർഫീൽഡ് പ്രദേശത്തെ മോഷണക്കേസുമായി ബന്ധപ്പെട്ട് ഡിസംബർ 18 നാണ് ഇവർ ഡേവിഡിനെ കൊന്നത്.
സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ നിയമം കൈയിലെടുക്കരുതെന്നും നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്നും ആഭ്യന്തര മന്ത്രി കെ. സപ്ദംഗ പറഞ്ഞു.
സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ ആത്മഹത്യാ ശ്രമം
Tuesday, December 24, 2024 1:05 AM IST
തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ ആത്മഹത്യാ ശ്രമം. കോവളത്താണ് സംഭവം. തിരുവനന്തപുരം കരയടിവിളാകം സ്വദേശി രതീഷ് (43) ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
40 ശതമാനത്തിലേറെ പൊള്ളലേറ്റ രതീഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാര്യയും കുട്ടികളും പൊതുസമ്മേളനത്തിന് ശേഷമുള്ള കലാപരിപാടി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രതീഷ് തീ കൊളുത്തിയത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
3,000 ഉത്തരകൊറിയൻ സൈനികർക്ക് പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ്
Tuesday, December 24, 2024 12:39 AM IST
കീവ്: റഷ്യയിലെ കുർസ്ക് മേഖലയിൽ 3,000 ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി.
"പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കുർസ്ക് മേഖലയിൽ കൊല്ലപ്പെട്ട ഉത്തരകൊറിയൻ സൈനികരുടെ എണ്ണം ഇതിനകം 3,000 കവിഞ്ഞു' എന്ന് സെലെൻസ്കി എക്സിൽ കുറിച്ചു.
കുർസ്ക് മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ച് ആർമി കമാൻഡർ-ഇൻ-ചീഫ് ഒലെക്സാണ്ടർ സിർസ്കിയിൽ നിന്ന് തനിക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും സെലൻസ്കി വ്യക്തമാക്കി.
അതേസമയം, യുക്രെയ്നുമായുള്ള പോരാട്ടത്തിൽ ഏകദേശം 1,100 ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് ദക്ഷിണ കൊറിയ തിങ്കളാഴ്ച പറഞ്ഞു.
ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു
Tuesday, December 24, 2024 12:26 AM IST
ആലപ്പുഴ: ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. ആലപ്പുഴ സക്കറിയാ ബസാർ വട്ടപ്പള്ളി പുത്തൻപറമ്പ് സനീർ - നസ്രത്ത് ദമ്പതികളുടെ മകൻ മാഹീൻ (17) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് കഞ്ഞിപ്പാടം പൂക്കൈതയാറ്റിലായിരുന്നു അപകടം. മറ്റ് നാല് സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് 5.30 ഓടെയാണ് മാഹീൻ കഞ്ഞിപ്പാടത്തെത്തിയത്.
മാഹീനും മറ്റൊരു സുഹൃത്തുമാണ് കുളിക്കാനിറങ്ങിയത്. ഇതിനിടെ മാഹീൻ ആറ്റിൽ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് തകഴിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും സ്കൂബാ സംഘവും നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി 7.45 ഓടെ മൃതദേഹം കണ്ടെടുത്തു.
ആലപ്പുഴ ലജ്നത്ത് സ്കൂളിലെ വിദ്യാർഥിയാണ്. സഹോദരൻ - സിദ്ദിഖ്.
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
Tuesday, December 24, 2024 12:07 AM IST
കൊല്ലം: കുന്നിക്കോട്ട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കുന്നിക്കോട് കോട്ടവട്ടം റോഡില് രാത്രി 8.30 യോടെയായിരുന്നു അപകടം.
ഇളമ്പൽ ചിയോട് സ്വദേശി സംഗീതാണ് മരിച്ചത്. ഇലട്രിക് പോസ്റ്റിന് സമീപം വീണ് കിടക്കുന്ന നിലയിലാണ് സംഗീതിനെ വഴിയാത്രക്കാർ കണ്ടത്.
ബൈക്കും സമീപത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയതെന്നാണ് നിഗമനം.
എൻഎസ്എസ് ക്യാമ്പിൽ നിന്ന് വിദ്യാർഥിയെ സിപിഎം സമ്മേളനത്തിന് കൊണ്ടുപോയി; പരാതിയുമായി പിതാവ്
Tuesday, December 24, 2024 12:00 AM IST
തിരുവനന്തപുരം: എൻഎസ്എസ് ക്യാമ്പിലുണ്ടായിരുന്ന വിദ്യാർഥിയെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളന്റിയർ മാർച്ചിനായി കൊണ്ടുപോയതായി പരാതി. ഏണിക്കര സ്വദേശി ഹരികുമാറിന്റെ മകനെയാണ് ക്യാമ്പിൽ നിന്നും രക്ഷിതാക്കളുടെ അനുമതിയില്ലാതെ കൊണ്ടുപോയത്.
സംഭവത്തില് ഹരികുമാർ പേരൂർക്കട പോലീസിൽ പരാതി നൽകി. മകനെ കാണാനായി ക്യാമ്പിൽ അച്ഛനെത്തിയപ്പോഴാണ് പ്രാദേശിക സിപിഎം പ്രവർത്തകർ കുട്ടിയെ കൊണ്ടുപോയ കാര്യമറിയുന്നത്. ക്യാമ്പിലുള്ള കുട്ടിയെ കൊണ്ടുപോകാൻ അനുമതി ചോദിച്ചുവെങ്കിലും അച്ഛൻ നൽകിയിരുന്നില്ല.
പിന്നീട് സിപിഎം നേതാക്കൾ കുട്ടിയെ കൊണ്ടു പോകുകയായിരുന്നു. സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തിട്ടില്ല. നാളെ വിശദാശങ്ങള് അന്വേഷിച്ച ശേഷമേ കേസെടുക്കാനാവൂ എന്ന് പോലീസ് പറഞ്ഞു.
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Monday, December 23, 2024 11:44 PM IST
തിരുവനന്തപുരം: കല്ലമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന നെടുമങ്ങാട് സ്വദേശികളായ അഞ്ച് പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
തീ ഉയരുന്നതു കണ്ടപ്പോൾ തന്നെ ഡ്രൈവർ കാർ റോഡിന് സമീപത്തായി നിർത്തി എല്ലാവരെയും ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ തീ അണച്ചു. കാർ പൂർണമായി കത്തി നശിച്ചു.
എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; പ്രതിഷേധവുമായി മാതാപിതാക്കൾ
Monday, December 23, 2024 11:44 PM IST
കൊച്ചി: എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 75 വിദ്യാർഥികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെഎംഎം കോളജിലെ ക്യാമ്പിലായിരുന്നു സംഭവം. 518 പേരുള്ള ക്യാമ്പിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനുശേഷമാണ് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. വൈകുന്നേരത്തോടെ ഒട്ടേറെ പേർ ക്ഷീണിതരായി തളർന്നുവീണു. പോലീസ് വാഹനങ്ങളിലും ആംബുലൻസുകളിലുമായാണ് വിദ്യാർഥികളെ ആശുപത്രികളിലേക്ക് മാറ്റിയത്.
ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. ഞായറാഴ്ചയും ഏതാനും പേർക്ക് അസ്വസ്ഥതയുണ്ടായതായി കേഡറ്റുകൾ പറഞ്ഞു. എന്നാൽ അധികൃതർ കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്ന് ആരോപിച്ച് മാതാപിതാക്കൾ പ്രതിഷേധിക്കുകയാണ്.
അല്ലു അർജുൻ ചോദ്യം ചെയ്യലിന് ഹാജരാകണം; നോട്ടീസ് നൽകി
Monday, December 23, 2024 11:21 PM IST
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോ ദുരന്തത്തിൽ പോലീസ് നടപടി കടുപ്പിക്കുന്നു. ഡിസംബർ നാലിന് തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും ഇവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുന് ഹൈദരാബാദ് പോലീസ് നോട്ടീസ് നൽകി. നാളെ രാവിലെ 11ന് ചിക്കട്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് അല്ലു അർജുന് നോട്ടീസ് കൈമാറിയത്.
നോട്ടീസ് ലഭിച്ചതിനെ തുടർന്ന് അഭിഭാഷകർ വീട്ടിലെത്തി താരവുമായി സംസാരിച്ചെന്നും റിപ്പോർട്ടുണ്ട്. പുഷ്പ 2: ദി റൂൾ പ്രീമിയറുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിലുണ്ടായ ദുരന്തത്തിൽ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) ആണ് മരിച്ചത്.
സംഭവത്തില് തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയറ്റർ മാനേജ്മെന്റിലെ ആളുകളെയും ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിർത്തിയിട്ട കാരവനിൽ രണ്ടു മൃതദേഹങ്ങൾ; പോലീസ് അന്വേഷണം ആരംഭിച്ചു
Monday, December 23, 2024 10:27 PM IST
കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്, കാസർഗോഡ് സ്വദേശി ജോയൽ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഒരാൾ കാരവന്റെ പടിയിലും മറ്റൊരാൾ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ്. പൊന്നാനിയില് കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. വടകര പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ഇന്നലെ മുതൽ റോഡരികിൽ ഈ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പോലീസിൽ മൊഴി നൽകി. സംശയം തോന്നി ഡോർ തുറന്ന് നോക്കിയപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എസി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സഭാ നേതാക്കള്ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യം: പ്രധാനമന്ത്രി
Monday, December 23, 2024 10:03 PM IST
ന്യൂഡല്ഹി: സ്നേഹവും സാഹോദര്യവും ഐക്യവും പകരുന്നതാണ് ക്രിസ്മസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ സിബിസിഐ ആസ്ഥാനത്ത് നടത്തിയ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭാ നേതാക്കള്ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. അന്യോന്യം ഭാരങ്ങള് വഹിക്കുവിന് എന്നാണ് ബൈബിള് വചനം. ഈ വാക്കുകള് മുദ്രാവാക്യമാക്കിയാണ് ഞങ്ങള് പ്രവര്ത്തിക്കുന്നത്. അനുകമ്പയുടെയും നിസ്വാര്ത്ഥ സേവനത്തിന്റെയും പാതയാണ് യേശുക്രിസ്തു ലോകത്തിന് കാണിച്ചുകൊടുത്തത്.
എല്ലാവരും ഒന്നിച്ച്, എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും പരിശ്രമം എന്ന പൊതുലക്ഷ്യവുമായാണ് രാജ്യം ഇന്ന് മുന്നേറുന്നതെന്ന് മോദി വ്യക്തമാക്കി. കര്ദിനാളായി മാർ ജോര്ജ് കൂവക്കാട് തെരഞ്ഞെടുക്കപ്പെട്ടതില് അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സിബിസിഐ അധ്യക്ഷൻ മാര് ആന്ഡ്രൂസ് താഴത്ത്, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്ജ് കുര്യന്, മുന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്, ബിജെപി നേതാക്കളായ ടോം വടക്കന്, അനില് ആന്റണി, അനൂപ് ആന്റണി, ഷോണ് ജോര്ജ് തുടങ്ങിയവർ പങ്കെടുത്തു.
മലയാളി സൈനികനെ കാണാതായ സംഭവം; പോലീസ് പുനെയിലേക്ക്
Monday, December 23, 2024 9:47 PM IST
കോഴിക്കോട്: കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ അന്വേഷിച്ച് പോലീസ് സംഘം പുനെയിലേക്ക്. പുനെയില് ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുവിനെ അന്വേഷിച്ച് സൈബര് വിദഗ്ധനുള്പ്പെടെയുള്ള സംഘമാണ് പുനെയിലേക്ക് പോകുന്നത്. എലത്തൂര് എസ്ഐക്കാണ് നാലംഗ ടീമിന്റെ ചുമതല.
മഹാരാഷ്ട്ര പോലീസുമായി ഇവര് ബന്ധപ്പെട്ടു. കഴിഞ്ഞ ദിവസം അമ്മയെ വിളിച്ച് കണ്ണൂരെത്തിയെന്ന് പറഞ്ഞ വിഷ്ണുവിന്റെ മൊബൈല് ഫോണ് വിവരങ്ങള് ശേഖരിച്ചപ്പോള് അവസാന ടവര് ലൊക്കേഷന് കണ്ണൂരല്ലെന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വിഷ്ണുവിന്റെ അവസാന ടവർ ലൊക്കേഷൻ പുനെയിലെ ലോണാവാലയിലാണെന്നാണ് കണ്ടെത്തൽ.
ഇതോടെയാണ് അന്വേഷണ സംഘം പുനെയിലേക്ക് തിരിക്കാൻ തീരൂമാനിച്ചത്. വിഷ്ണു അക്കൗണ്ടില് നിന്നും 15,000 രൂപ പിന്വലിച്ചതായും കണ്ടെത്തി. സൈനികരുടെ നേതൃത്വത്തില് പുനെയിലും അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട് എരഞ്ഞിക്കല് കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച മുതല് കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പരാതി നല്കിയത്.
അവധിയായതിനാല് നാട്ടിലേക്കു വരികയാണെന്ന് തിങ്കളാഴ്ച വിഷ്ണു അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15 നാണ് വിഷ്ണു അവസാനമായി വിളിച്ചതെന്ന് ബന്ധുക്കള് പറയുന്നു. അമ്മയെ വിളിച്ചപ്പോള് പറഞ്ഞത് കണ്ണൂരില് എത്തിയെന്നാണ്. ട്രെയിനിലാണെന്നും പറഞ്ഞു.
എന്നാല് രാത്രി വൈകിയും കാണാത്തതിനെ തുടർന്ന് ഫോണില് ബന്ധപ്പെടാന് ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീടാണ് എലത്തൂര് പോലീസില് പരാതി നല്കിയത്.
ക്രിസ്മസ്-ന്യൂഇയർ: കൂടുതൽ അന്തർസംസ്ഥാന സർവീസുമായി കെഎസ്ആർടിസി
Monday, December 23, 2024 9:35 PM IST
പ്രദീപ് ചാത്തന്നൂർ
തിരുവനന്തപുരം : ക്രിസ്മസ് പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആർടിസി അധിക അന്തർസംസ്ഥാന സംസ്ഥാന സർവീസുകൾ നടത്തും. കേരളത്തിൽ നിന്നും ബംഗളൂരു,ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവീസുകൾക്ക് പുറമേ 38 ബസുകൾ കൂടി അധികമായി സർവീസ് നടത്തും.
34 ബംഗളൂരു ബസുകളും നാലു ചെന്നൈ ബസുകളുമാണ് അധികം സർവീസ് നടത്തുന്നത്. ഇത് ശബരിമല സ്പെഷൽ അന്തർസംസ്ഥാന സർവീസുകൾക്ക് പുറമെയാണ് ക്രമീകരിച്ചിട്ടുള്ളത്. തിരക്കൊഴിവാക്കി സുഗമ യാത്രക്കായി തിരുവനന്തപുരം - കോഴിക്കോട്, കണ്ണൂർ റൂട്ടിലും 24 ബസുകൾ കൂടി അധികമായി സർവീസ് നടത്തും.
നാലു വോൾവോ കോഴിക്കോട് - തിരുവനന്തപുരം റൂട്ടിലും നാലു ബസുകൾ കോഴിക്കോട് - എറണാകുളം റൂട്ടിലും അടക്കം എട്ടു ബസുകൾ കോഴിക്കോട് നിന്നും അധികമായും ഓടിക്കും.
നാലു ലോഫ്ലോർ, നാലു മിന്നൽ, മൂന്ന് ഡീലക്സ്, അഞ്ച് സൂപ്പർഫാസ്റ്റ് ബസുകൾ അടക്കം 16 ബസുകൾ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും കണ്ണൂർ, തിരുവനന്തപുരം - കോഴിക്കോട് റൂട്ടിൽ ദൈനം ദിനം എട്ടു സർവീസുകൾ വീതം അയക്കുന്നതിനും ഓൺലൈൻ റിസർവേഷൻ തിരക്ക് അനുസരിച്ച് നൽകുന്നതിനും തീരുമാനിച്ചു.
പ്രശസ്ത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു
Monday, December 23, 2024 8:51 PM IST
മുംബൈ: വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ (90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരം 6.30 നായിരുന്നു അന്ത്യം.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അങ്കുർ (1973), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), മമ്മോ (1994), സർദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 1976ൽ പത്മശ്രീയും 1991ൽ പത്മഭൂഷണും നൽകി രാജ്യം ബെനഗലിനെ ആദരിച്ചിരുന്നു.
ബോര്ഡര് ഗവാസ്കര് ട്രോഫി; തനുഷ് കൊട്ടിയാൻ ഓസ്ട്രേലിയായിലേക്ക്
Monday, December 23, 2024 8:40 PM IST
മുംബൈ: ബോര്ഡര് ഗവാസ്കര് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യന് ടീമില് തനുഷ് കൊട്ടിയാനെ ഉള്പ്പെടുത്തി. നിലവില് നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില് മുംബൈ ടീമിന്റെ ഭാഗമായ തനുഷ് ഉടൻ ഓസ്ട്രേലിയായിലേക്ക് തിരിക്കും.
അടുത്തിടെ ഓസ്ട്രേലിയയില് പര്യടനം നടത്തിയ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു ഈ 26 കാരൻ. 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില് കളിച്ചിട്ടുള്ള കൊട്ടിയാന് 41.21 ശരാശരിയില് 1525 റണ്സും 25.70 ശരാശരിയില് 101 വിക്കറ്റും നേടിയിട്ടുണ്ട്.
അശ്വിന് പകരമാണ് ഓഫ് സ്പിന്നര് ഓള്റൗണ്ടറായ താരത്തെ ടീമില് ഉള്പ്പെടുത്തിയത്. ബ്രിസ്ബേനില് നടന്ന മൂന്നാം ടെസ്റ്റിലാണ് അശ്വിന് രാജ്യാന്തര ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചത്. 26 നാണ് പരമ്പരയിലെ നാലാം ടെസ്റ്റ്.
വനനിയമ ഭേദഗതി; കേരളാ കോൺഗ്രസ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു
Monday, December 23, 2024 8:30 PM IST
തിരുവനന്തപുരം: വനനിയമ ഭേദഗതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് -എം നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേരളാ കോണ്ഗ്രസ് -എം ഉന്നയിച്ച ആവശ്യങ്ങളും ആശങ്കകളും ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു.
ഭേദഗതിയിലെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം എന്ന പുതിയ വ്യവസ്ഥയാണ് ഏറ്റവും ഗുരുതരം. ഇത് അധികാര ദുരുപയോഗത്തിന് വഴി വെക്കും. റിസർവ് ഫോറസ്റ്റ് അല്ലാത്ത മേഖലയിൽ കൂടി നിയമം വ്യാപിപ്പിക്കുന്നത് പ്രശ്നം ഉണ്ടാക്കും. മാങ്കുളം പോലെ തർക്കം നിലനിൽക്കുന്ന പ്രദേശങ്ങൾ ഉണ്ട്. ഇവിടെ നിയമം നടപ്പാക്കുന്നത് ജനവിരുദ്ധമാണ്.
സർക്കാർ കൊണ്ടുവരുന്ന നിയമത്തിൽ മാറ്റം ഉണ്ടാക്കാനുള്ള ഇടപെടൽ ഉണ്ടാകും. ഈ വിഷയം ചർച്ച ചെയ്യാൻ കാരണമായത് കേരള കോൺഗ്രസിന്റെ നിലപാടാണ്. വന്യമൃഗത്തെ വനത്തിനുള്ളിൽ നിർത്തുക എന്നതാണ് വനം വകുപ്പിന്റെ ചുമതല. കർഷകന്റെ ഭൂമിയിലേക്ക് മൃഗങ്ങൾ ഇറങ്ങി വന്നാൽ എന്ത് ചെയ്യും.
കർഷകരുടെ ഭൂമിക്ക് സംരക്ഷണം നൽകണമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുമായുള്ള കൂടീക്കാഴ്ച നാല്പ്പത്തഞ്ച് മിനിറ്റോളം നീണ്ടു. ജോസ് കെ.മാണി എംപിക്കൊപ്പം ചീഫ് വിപ്പ് ഡോ.എന്. ജയരാജ്, എംഎല്എമാരായ ജോബ് മൈക്കിള്, പ്രമോദ് നാരായണ്, മുൻ എംഎൽഎ സ്റ്റീഫന് ജോര്ജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വനനിയമ ഭേദഗതി; വനം മന്ത്രിക്ക് നേരം വെളുത്തിട്ടില്ല: മാര് റെമീജിയോസ് ഇഞ്ചനാനിയില്
Monday, December 23, 2024 8:09 PM IST
കോഴിക്കോട് : വനനിയമ ഭേദഗതിയിൽ മന്ത്രി എ.കെ.ശശീന്ദ്രനെ രൂക്ഷമായി വിമർശിച്ച് താമരശേരി ബിഷപ് മാര് റെമീജിയോസ് ഇഞ്ചനാനിയില്. വനം മന്ത്രിക്ക് നേരം വെളുത്തിട്ടില്ല. വനനിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമുയരും.
അടിയന്തരാവസ്ഥകാലത്തെ പോലെയുള്ള നിയമമാണ് കൊണ്ടുവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വനനിയമ ഭേദഗതി സംബന്ധിച്ച് നവംബര് ഒന്നിന് ഗസറ്റ് വിജ്ഞാപനം വന്നിരുന്നു. ബില്ലിന് മന്ത്രിസഭ അംഗീകാരവും നല്കിയിരുന്നു.
ജനുവരിയില് ചേരുന്ന നിയമസഭാ സമ്മേളനത്തില് ബില് നിയമമാക്കാനുള്ള തയാറെടുപ്പിലാണ് വനംവകുപ്പ്. വനനിയമത്തിന്റെ സെക്ഷന് 27, 62 വകുപ്പുകള് പ്രകാരം വനത്തിനുള്ളില് പ്രവേശിക്കുകയോ വിറക് ശേഖരിക്കുകയോ ചെയ്താല് 1000 രൂപ വരെയായിരുന്നു വനം വകുപ്പിന് ചുമത്താവുന്ന പിഴ.
പുതിയ നിയമം വരുന്നതോടെ പിഴ 25,000 രൂപയായി ഉയരും. വനാതിർത്തിയിലെ പുഴയിൽ കുളിക്കാനോ മീൻ പിടിക്കാനോ വളർത്തുമൃഗങ്ങളെ മേയ്ക്കാനോ സാധിക്കില്ല. പിഴയും തടവും ലഭിക്കാവുന്ന കുറ്റങ്ങളായി ഇതെല്ലാം കണക്കാക്കപ്പെടും. ഇത്തരം സംഭവങ്ങളിൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും വനംവകുപ്പിനുണ്ട്.
ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കുവരെ മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ആരെയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വയ്ക്കാനാകും.
ലോറിക്കു പിന്നിൽ സ്കൂട്ടറിടിച്ചു; പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം
Monday, December 23, 2024 7:14 PM IST
തൃശൂർ: ലോറിക്കു പിന്നിൽ സ്കൂട്ടറിടിച്ച് പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിലുണ്ടായ അപകടത്തിൽ കയ്പമംഗലം കുറ്റിക്കാട്ട് സ്വദേശി മേനാലി അൻസറിന്റെ മകൻ അഫ്നാൻ റോഷൻ (16) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുണ്ടായ അപകടത്തിൽ സുഹൃത്ത് മതിലകം കൂളിമുട്ടം സ്വദേശി കൂട്ടുങ്ങൾ നസ്മലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായ ഉടനെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഫ്നാന്റെ ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പെരിഞ്ഞനം ആർ.എം.ഹൈസ്കൂളിലെ വിദ്യാർഥിയാണ് അഫ്നാൻ റോഷൻ.
ക്രിസ്മസ് ആഘോഷങ്ങൾക്ക് ഭീഷണി; പോലീസ് അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ
Monday, December 23, 2024 7:13 PM IST
പാലക്കാട് : ക്രിസ്മസ് ആഘോഷങ്ങൾ തടയാൻ ശ്രമിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാലക്കാട്ടെ സംഭവത്തിന് പിന്നിൽ ഗൂഢലോചനയുണ്ട്.
നേരത്തെ പാർട്ടി വിട്ടവരിൽ ചിലരാണോ പിന്നിലെന്നു സംശയിക്കുന്നു. വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്തപ്പെട്ട ആരും പാലക്കാട്ടെ സംഭവത്തിലില്ല. കുറ്റമറ്റ അന്വേഷണം വേണം.
അക്രമികളിൽ ബിജെപിയുമായി പുലബന്ധമുള്ള ആരുമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷെയ്ഖ് ഹസീനയെ മടക്കി അയയ്ക്കണം; കത്തയച്ച് ബംഗ്ലാദേശ്
Monday, December 23, 2024 6:24 PM IST
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയയ്ക്കണം എന്നാവശ്യപ്പെട്ട് ബംഗ്ലദേശ് സർക്കാർ ഇന്ത്യയ്ക്ക് കത്തയച്ചു. വിദ്യാര്ഥി പ്രക്ഷോഭത്തെ തുടര്ന്നുണ്ടായ കലാപത്തില് സര്ക്കാര് വീണതോടെ ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല് ഇന്ത്യയില് കഴിയുകയാണ്.
കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില് ഹസീന വിചാരണ നേരിടണമെന്നും അതിനാൽ ബംഗ്ലദേശിലേക്ക് അവരെ മടക്കി അയയ്ക്കണമെന്നും വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈൻ പറഞ്ഞു. പ്രക്ഷോഭത്തെ തുടര്ന്നുണ്ടായ കൂട്ടക്കൊലയില് മുന് പ്രധാനമന്ത്രിക്കും മന്ത്രിസഭാംഗങ്ങള്ക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ 200ലേറെ കേസുകളാണ് ഹസീനയ്ക്കെതിരെ ചുമത്തിയത്. ഇതിൽ 179 എണ്ണം കൊലക്കുറ്റങ്ങളാണ്. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റം, വംശഹത്യ, തട്ടിക്കൊണ്ടു പോകൽ എന്നിവയും ഹസീനയുടെ പേരിലുള്ള കേസുകളിൽ ഉൾപ്പെടുന്നു.
ഇന്ത്യയും ബംഗ്ലാദേശും തമ്മില് കുറ്റവാളികളെ കൈമാറല് കരാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് ഹസീനയെ വിട്ടുനല്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരിക്കുന്നത്.
പണം നൽകിയത് അഴിമതി മറയ്ക്കാൻ; സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ
Monday, December 23, 2024 6:07 PM IST
ന്യൂഡല്ഹി: മാസപ്പടി കേസില് നിർണായക വെളിപ്പെടുത്തലുമായി എസ്എഫ്ഐഒ. സിഎംആർഎൽ രാഷ്ട്രീയ നേതാക്കൾക്കും മാധ്യമങ്ങൾക്കും പണം നൽകിയത് അഴിമതി മറയ്ക്കാനാണെന്ന് എസ്എഫ്ഐഒ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയിലെ വാദത്തിനിടെയാണ് എസ്എഫ്ഐഒ കോടതിയിൽ ഗുരുതരമായ ആരോപണമുന്നയിച്ചത്. ഇരുവിഭാഗങ്ങളോടും തങ്ങളുടെ വാദങ്ങള് ഒരാഴ്ചയ്ക്കകം എഴുതി നല്കാന് കോടതി നിർദേശം നൽകി.
തുടർന്ന് ഹര്ജി വിധി പറയാനായി മാറ്റി. സിഎംആർഎല്ലിന്റെ ഹർജി നിലനിൽക്കില്ലെന്നും എസ്എഫ്ഐഒ ചൂണ്ടിക്കാട്ടി. എസ്എഫ്ഐഒ അന്വേഷണത്തെ ന്യായീകരിച്ച് ആദായ നികുതി വകുപ്പും രംഗത്തെത്തി. ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് അന്തിമമല്ല. രേഖകൾ കൈമാറാൻ ഐടി വകുപ്പിന് അധികാരമുണ്ട്.
ഇതിനെ കുറിച്ച് കൃത്യമായി നിയമങ്ങൾ ഉണ്ടെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു. സെറ്റില്മെന്റ് കമ്മീഷന് ഉത്തരവുകള്ക്കു ശേഷവും അന്വേഷണമാകാം. ഇന്ററിം സെറ്റില്മെന്റ് ബോര്ഡ് തീര്പ്പാക്കിയാലും അന്വേഷിക്കാന് അധികാരമുണ്ടെന്ന് എസ്എഫ്ഐഒ കോടതിയിൽ ചൂണ്ടിക്കാട്ടി.
വിജയ് ഹസാരെ ട്രോഫി; ബറോഡയെ വിറപ്പിച്ച് കേരളം കീഴടങ്ങി
Monday, December 23, 2024 6:03 PM IST
ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില് ബറോഡയെ വിറപ്പിച്ച് കേരളം കീഴടങ്ങി. 404 റണ്സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന്റെ ബാറ്റിംഗ് 45.5 ഓവറില് 341 റണ്സിന് എല്ലാവരും പുറത്തായി. ഇതോടെ ബറോഡ 62 റണ്സിന്റെ ജയം സ്വന്തമാക്കി.
കേരളത്തിന് വേണ്ടി മുഹമ്മദ് അസ്ഹറുദ്ദീൻ (58 പന്തില് 104) സെഞ്ചുറി നേടി. രോഹന് കുന്നുമ്മല് (65) അഹമ്മദ് ഇമ്രാന് (51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബറോഡ നിനദ് അശ്വിന്കുമാറിന്റെ (99 പന്തില് 136) ഇന്നിംഗ്സിന്റെ ബലത്തില് 403 റണ്സാണ് അടിച്ചെടുത്തത്.
അശ്വിന്കുമാറിന് പുറമെ പാര്ത്ഥ് കോലി (87 പന്തില് 72), ഹാര്ദിക് പാണ്ഡ്യ (51 പന്തില് 70) എന്നിവരും തകർപ്പൻ പ്രകടനം പുറത്തെടുത്തു. കേരളത്തിന് വേണ്ടി ഷറഫുദ്ദീന് രണ്ട് വിക്കറ്റെടുത്തു. ബറോഡയ്ക്ക് വേണ്ടി ആകാശ് സിംഗ് മൂന്നും രാജ് ലിംബാനി, നിനദ് രത് വാ, ക്രൂനാൽ പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
സര്ട്ടിഫിക്കറ്റിൽ ക്രമക്കേട്; പൂജ ഖേദ്കറുടെ മുൻകൂർ ജാമ്യഹർജി തള്ളി
Monday, December 23, 2024 5:30 PM IST
ന്യൂഡൽഹി: സര്ട്ടിഫിക്കറ്റിൽ ക്രമക്കേട് കാണിച്ച് യുപിഎസ്സിയെ കബളിപ്പിച്ച മുൻ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ മുൻകൂർ ജാമ്യഹർജി ഡൽഹി കോടതി തള്ളി. ജസ്റ്റീസ് ചന്ദ്രധാരി സിംഗിന്റേതാണ് ഉത്തരവ്.
അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണവും കോടതി റദ്ദ് ചെയ്തു. പൂജയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് ഡിൽഹി പോലീസ് കോടതിയെ അറിയിച്ചു. പ്രവേശനം നേടിയ സര്ട്ടിഫിക്കറ്റുകള് വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്വീസിൽ നിന്ന് നേരത്തെ പൂജ ഖേഡ്കറെ പുറത്താക്കിയത്.
പൂജ ഹാജരാക്കിയ മെഡിക്കല് സര്ട്ടിഫിക്കറ്റ്, ഒബിസി സര്ട്ടിഫിക്കറ്റ് എന്നിവ വ്യാജമാണെന്നാണ് കണ്ടെത്തൽ. ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ് ക്രീമിലെയര് സര്ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള് എന്നിവ ദുരുപയോഗം ചെയ്തതായി കമ്മീഷൻ കണ്ടെത്തിയിരുന്നു.
അബ്ദുൽ സലാം വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും
Monday, December 23, 2024 5:06 PM IST
കാസർഗോഡ്: അബ്ദുൽ സലാം വധക്കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും. 2017 ഏപ്രിൽ 30ന് വൈകുന്നേരം പൊട്ടോരിമൂലയിലെ അബ്ദുൽ സലാമിനെ മൊഗ്രാൽ മാളിയങ്കര കോട്ടയിൽ വച്ചാണ് പ്രതികൾ കഴുത്തറുത്ത് കൊന്നത്.
സംഭവത്തിൽ കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമർ ഫാറൂഖ്, പെർവാഡിലെ സഹീർ, പേരാൽ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാൽ മാളിയങ്കര കോട്ടയിലെ ലത്തീഫ് എന്നിവരെയാണ് ശിക്ഷിച്ചത്. കാസർഗോഡ് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിദ്ദീഖ് നേരത്തെ ഒരു കൊലപാതക കേസിലും ഉമർ ഫാറൂഖ് രണ്ട് കൊലപാതക കേസിലും പ്രതികളാണ്. കൊല്ലപ്പെട്ട അബ്ദുൽ സലാമും കൊലപാതക കേസ് പ്രതിയായിരുന്നു.
പ്രതികൾ അബ്ദുൽ സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. അബ്ദുൽ സലാമിനെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതികൾ തല ഉപയോഗിച്ച് ഫുട്ബോൾ കളിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
കെ. കരുണാകരനെ അട്ടിമറിച്ചവർക്ക് ചരിത്രം മാപ്പ് നൽകില്ല: ചെറിയാൻ ഫിലിപ്പ്
Monday, December 23, 2024 4:07 PM IST
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് കെട്ടിപ്പടുക്കാൻ ഏറ്റവുമധികം ത്യാഗം സഹിച്ച കെ.കരുണാകരനെ രണ്ടു തവണ മുഖ്യമന്ത്രി പദത്തിൽ നിന്നും അട്ടിമറിച്ചവർക്ക് ചരിത്രം മാപ്പു നൽകില്ലെന്ന് ചെറിയാൻ ഫിലിപ്പ്.
കരുണാകരന്റെ ചരമവാർഷികം ആചരിക്കുമ്പോഴെങ്കിലും അദ്ദേഹത്തെ വേട്ടയാടിയവർ പശ്ചാത്തപിക്കേണ്ടതാണെന്ന് കരുണാകരന്റെ 14ാം ചരമവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള കുറിപ്പിൽ ചെറിയാൻ ഫിലിപ്പ് പറയുന്നു.
രാജൻ കേസിൽ കരുണാകരനെ കൊലയാളിയായും, ചാരവൃത്തിക്കേസിൽ രാജ്യദ്രോഹിയായും ചിത്രീകരിച്ചവർ മഹാപാപികളാണ്. ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് കരുണാകരനെ പലപ്പോഴും സ്വന്തം പാർട്ടിക്കാർ പോലും ശിക്ഷിച്ചത്.
ആരെയും തള്ളിപ്പറയാതെ അദ്ദേഹം എല്ലാ കുറ്റവും സ്വയം ഏറ്റെടുക്കുകയാണ് ചെയ്തത്. തന്നെ ക്രൂരമായി വിമർശിച്ച രാഷ്ട്രീയ നേതാക്കളോടും മാധ്യമങ്ങളോടും കരുണാകരൻ ഒരിക്കലും അസഹിഷ്ണുത കാട്ടിയിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
തട്ടിൽ എസ്റ്റേറ്റ് മാനേജറുടെ വധ കേസ്, അഴീക്കോടൻ രാഘവൻ വിവാദം, രാജൻ കേസ്, പാമോലിൻ അഴിമതി കേസ്, ഐഎസ്ആർഒ ചാരവൃത്തി കേസ് എന്നിവയിലെല്ലാം ആരോപണ വിധേയനായ കരുണാകരൻ തന്റെ നിരപരാധിത്വം തന്നോട് മരണത്തിന് മുമ്പ് ദീർഘമായി വിശദീകരിച്ചിരുന്നുവെന്ന് ചെറിയാൻ ഫിലിപ്പ് പറയുന്നു.
വിശദമായ അന്വേഷണത്തിലൂടെ പിന്നീട് താൻ കണ്ടെത്തിയ നിഗമനങ്ങൾ മുക്കാൽ ഭാഗവും എഴുതി പൂർത്തിയാക്കിയ 'ചരിത്രത്തിനൊപ്പം ' എന്ന തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
125 അധ്യായങ്ങളുള്ള ചരിത്രപരമായ അനുഭവ സാക്ഷ്യമായ ഈ പുസ്തകം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശേഷം അന്നത്തെ കേരള മുഖ്യമന്ത്രി പ്രകാശനം ചെയ്യും. 1982-ൽ പ്രസിദ്ധീകരിച്ച ഇപ്പോഴും വിപണിയിലുള്ള 'കാൽ നൂറ്റാണ്ട്' എന്ന കേരള ചരിത്ര ഗ്രന്ഥത്തിന്റെ പിന്തുടർച്ചയായിരിക്കും ഇതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയ് തുടരും
Monday, December 23, 2024 3:50 PM IST
തിരുവനന്തപുരം: തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയായി വി. ജോയ് തുടരും. ജില്ലാ കമ്മിറ്റിയിൽ എട്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തി.
ജി. സ്റ്റീഫൻ, വി.കെ. പ്രശാന്ത്, ഒ.എസ്. അംബിക, ആര്യ രാജേന്ദ്രൻ, ആർ.പി. ശിവജി, ശ്രീജ ഷൈജുദേവ്, വി. അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് പുതുമുഖങ്ങൾ.
അതേസമയം കെ. റഫീഖിനെ വയനാട് സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. രണ്ട് ടേം പൂര്ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി.ഗഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്.
വെഞ്ഞാറമൂട്ടിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്പ്പെട്ടു
Monday, December 23, 2024 3:24 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും അപകടത്തില്പ്പെട്ടു. എംസി റോഡില് വെഞ്ഞാറമൂട്ടിൽ പള്ളിക്കലില്വച്ച് കമാന്ഡോ വാഹനത്തിന് പിന്നില് പള്ളിക്കല് പോലീസിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു. അപകടത്തില് ആര്ക്കും പരിക്കില്ല.
വാഹനത്തിന് ചെറിയ കേടുപാട് സംഭവിച്ചിട്ടുണ്ട്. കടയ്ക്കല് കോട്ടപ്പുറത്തെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ലൈംഗികാതിക്രമക്കേസ്; മുകേഷിനും ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമർപ്പിച്ചു
Monday, December 23, 2024 3:05 PM IST
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ മുകേഷ് എംഎൽഎക്കും നടൻ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമർപ്പിച്ചു. തൃശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് മുകേഷിനെതിരേ കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം നോർത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമർപ്പിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിൽ എറണാകുളം മരട് പോലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. '
അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരേ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തിരുന്നു.
പെരിയ ഇരട്ടക്കൊലപാതകം; വിധി ഈ മാസം 28ന്
Monday, December 23, 2024 3:11 PM IST
കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഈ മാസം 28ന്. സിപിഎം നേതാക്കൾ പ്രതികളായ കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേർത്ത കേസിൽ സിബിഐ പത്ത് പ്രതികളെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു.
ആദ്യം അറസ്റ്റിലായ 14 പേരിൽ 11 പേരും സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പേരുമാണ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്.
മെമുവിനെ സ്വീകരിക്കാൻ കൊടിക്കുന്നിലും സംഘവും കാത്തുനിന്നു, നിർത്താതെ ട്രെയിൻ കടന്നു പോയി
Monday, December 23, 2024 4:01 PM IST
കൊല്ലം: സ്റ്റോപ്പ് അനുവദിച്ചിട്ടും കൊല്ലം - എറണാകുളം മെമു ഇന്ന് ചെറിയനാട് സ്റ്റേഷനിൽ നിർത്തിയില്ല. ട്രെയിനിനെ സ്വീകരിക്കാൻ ഇന്ന് രാവിലെ സ്റ്റേഷനിൽ എത്തിയ കൊടിക്കുന്നിൽ സുരേഷ് എംപിയും സംഘവും നൂറുകണക്കിന് യാത്രക്കാരും ഇതുകാരണം നിരാശരായി.
ഇന്നു മുതൽ ട്രെയിനിന് ഇവിടെ സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി കൊടിക്കുന്നിൽ സുരേഷ് എംപിയെ അറിയിച്ചിരുന്നു. പിന്നീട് എംപിയും ഇക്കാര്യം സ്ഥിരീകരിച്ച് വാർത്താക്കുറിപ്പും നൽകി.
ഇതനുസരിച്ചാണ് എംപിയുടെ നേതൃത്വത്തിൽ ട്രെയിനിന് സ്വീകരണം നൽകാൻ തീരുമാനിച്ചത്. മാത്രമല്ല സ്റ്റേഷനിൽ നിന്ന് ഇന്ന് മേമു ട്രെയിനിന് ടിക്കറ്റും നൽകുകയുണ്ടായി. വണ്ടി നിർത്താതെ പോയത് സംബന്ധിച്ച് എംപി ഉടൻ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.
ലോക്കോ പൈലറ്റിനും ഗാർഡിനും പുതിയ സ്റ്റോപ്പ് സംബന്ധിച്ച് ധാരണ ഇല്ലാതെ പോയതാണ് വണ്ടി നിർത്താത്തതിന് കാരണം. ഇരുവരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരണം തേടിയിട്ടുണ്ട്. തിരികെയുള്ള സർവീസ് മുതൽ വണ്ടി ചെറിയനാട് നിർത്തുമെന്നും അധികൃതർ ഉറപ്പ് നൽകി.
വര്ഗീയ ചേരിതിരിവുണ്ടാക്കുന്ന സംഘപരിവാര് അജണ്ടയ്ക്ക് സിപിഎം കുടപിടിക്കുന്നു: സതീശൻ
Monday, December 23, 2024 1:32 PM IST
തിരുവനന്തപുരം: വര്ഗീയ പരാമര്ശത്തില് സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എ.വിജയരാഘവന്റെ വര്ഗീയ പ്രസ്താവന ഒറ്റപ്പെട്ടതാണെന്നാണ് കരുതിയത്. എന്നാൽ സിപിഎം നേതാക്കൾ പിന്തുണച്ചതോടെ വര്ഗീയ ചേരിതിരിവുണ്ടാക്കുന്ന സംഘപരിവാര് അജണ്ടയ്ക്ക് പാർട്ടി കുടപിടിക്കുന്നുവെന്ന് തെളിഞ്ഞെന്ന് സതീശന് പ്രതികരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി ഉള്പ്പെടെ എ.വിജയരാഘവന്റെ പരാമര്ശത്തെ പിന്തുണച്ചു. വയനാട്ടിലെ ജനങ്ങളെ അപമാനിക്കുന്ന പരാമര്ശമാണ് സിപിഎം നടത്തിയത്. സിപിഎമ്മിന്റെ ഈ വര്ഗീയപ്രീണനനയമാണ് ബിജെപിക്ക് ന്യൂനപക്ഷങ്ങള്ക്കെതിരായി ശബ്ദമുയര്ത്താന് വേണ്ടി പ്രേരണയായി മാറിയത്.
വയനാട്ടിലെ മുഴുവന് ജനവിഭാഗവും ഒരുമിച്ച് നിന്നുകൊണ്ടാണ് ജാതിമതവ്യത്യാസമില്ലാതെ, രാഷ്ട്രീയവ്യത്യാസമില്ലാതെ രാഹുലിനെയും പ്രിയങ്കയേയും വിജയിപ്പിച്ചത്. സിപിഎമ്മിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണ്.
സംഘപരിവാറിനെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് സിപിഎമ്മും പിണറായിയും നടത്തുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് വിജയരാഘവന് സംസാരിച്ചതെന്നും സതീശൻ പറഞ്ഞു.
വനനിയമ ഭേദഗതി ബിൽ കർഷക വിരുദ്ധമല്ല: മന്ത്രി ശശീന്ദ്രൻ
Monday, December 23, 2024 1:17 PM IST
കോഴിക്കോട്: വനനിയമ ഭേദഗതി ബിൽ കർഷക വിരുദ്ധമല്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഭേദഗതി ബിൽ പിൻവലിച്ചാൽ പ്രാബല്യത്തിലുണ്ടാവുക പഴയനിയമമായിരിക്കും. അതു മതിയോ എന്ന് വിവാദമുണ്ടാക്കുന്നവർ വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
കഴമ്പുള്ള വിമർശനമുണ്ടെങ്കിൽ മുൻവിധിയില്ലാതെ ചർച്ച നടത്താൻ സർക്കാർ തയാറാണ്. വിവാദങ്ങളിൽനിന്ന് പിന്തിരയണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യാർഥിയ്ക്കുന്നെന്നും മന്ത്രി പറഞ്ഞു.
നിലവിലെ നിയമത്തിൽ ഫോറസ്റ്റ് വാച്ചർക്ക് അറസ്റ്റ് ചെയ്യാൻ അധികാരമുണ്ട്. എന്നാൽ പുതിയ ബില്ലിൽ അറസ്റ്റ് അധികാരം എടുത്തു കളയുകയാണ് ചെയ്തത്. വന നിയമ ഭേദഗതിയിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനാണ് ശ്രമം. വിവാദങ്ങൾ സൃഷ്ടിക്കുന്നത് വസ്തുതകൾ പരിശോധിയ്ക്കാതെയാണെന്നും മന്ത്രി പറഞ്ഞു.
സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി കെ. റഫീഖ്
Monday, December 23, 2024 1:03 PM IST
കല്പ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി ഡിവൈഎഫ്ഐ നേതാവ് കെ. റഫീഖിനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. പി. ഗഗാറിന് സെക്രട്ടറിയായി തുടരുമെന്ന് സൂചനകൾ ഉണ്ടായിരിക്കെ അപ്രതീക്ഷിതമായാണ് റഫീഖിനെ തെരഞ്ഞെടുത്തത്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായി പ്രവര്ത്തിച്ചുവരുകയായിരുന്നു റഫീഖ്. ഗഗാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാര്ട്ടിയില് ഉയര്ന്നിരുന്നു.
എന്നാല് സമ്മേളനകാലയളവിലേക്ക് വന്നപ്പോള് ആ സാധ്യത അടയുകയും ഗഗാറിന് തന്നെ തുടര്ന്നേക്കാമെന്നും സൂചനയുണ്ടായിരുന്നു.
കോന്നി കലഞ്ഞൂരിൽ പുലി കൂട്ടിൽ കുടുങ്ങി
Monday, December 23, 2024 12:41 PM IST
പത്തനംതിട്ട: കലഞ്ഞൂരിൽ ഇഞ്ചപ്പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഇന്ന് രാവിലെ നാട്ടുകാരാണ് പുലി കുടുങ്ങിയത് കണ്ടത്ത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ഈ മേഖലയിൽനിന്നും അടുത്തിടെ മറ്റൊരു പുലിയെയും പിടികൂടിയിരുന്നു. തുടർന്നു നാട്ടുകാരുടെ ആവശ്യത്തെ തുടർന്നു വനംവകുപ്പ് കൂടുകൾ ഇവിടെ നിലനിർത്തുകയായിരുന്നു.
വണ്ടിപ്പെരിയാര് പോക്സോ കേസ്; പ്രതി കട്ടപ്പന കോടതിയില് ഹാജരായി
Monday, December 23, 2024 12:40 PM IST
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അര്ജുന് വിചാരണക്കോടതിയില് ഹാജരായി. ഹൈക്കോടതി നിര്ദേശപ്രകാരമാണ് പ്രതി കട്ടപ്പന പോക്സോ കോടതിയില് ഹാജരായത്.
കേസില് കഴിഞ്ഞ ഡിസംബറിലാണ് കട്ടപ്പന കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമുയര്ന്നിരുന്നു. പിന്നാലെ കുടുംബവും സര്ക്കാരും ഹൈക്കോടതിയില് അപ്പീല് നല്കി.
അര്ജുന് വിദേശത്തേക്ക് കടക്കാന് സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്ന്ന് ഹൈക്കോടതിയില് ഹാജരായി വിദേശത്തേക്ക് പോകില്ലെന്ന് സത്യവാംഗ്മൂലം നല്കാന് കോടതി നിര്ദേശം നല്കിയെങ്കിലും പ്രതി ഹാജരായിരുന്നില്ല.
ഇതോടെ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള് വിചാരണക്കോടതിയില് ഹാജരായി 50000 രൂപയുടെയും രണ്ട് ആള് ജാമ്യത്തിന്റെയും ബോണ്ട് നല്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
സതീശന് അഹങ്കാരത്തിന്റെ ആള്രൂപം, രാജാവാണെന്നാണ് ഭാവം: വെള്ളാപ്പള്ളി നടേശന്
Monday, December 23, 2024 4:05 PM IST
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേ രൂക്ഷവിമര്ശനവുമായി വെള്ളാപ്പള്ളി നടേശന്. സതീശന് അഹങ്കാരത്തിന്റെ ആള്രൂപമെന്ന് വെള്ളാപ്പള്ളി വിമര്ശിച്ചു.
തറ-പറ പറയുന്ന, ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ് സതീശന്. താനാണ് രാജാവ് എന്ന ഭാവത്തിലാണ് സതീശന്റെ പ്രവര്ത്തനം.
കെപിസിസി പ്രസിഡന്റിനെ മൂലയില് ഇരുത്തിക്കൊണ്ടാണ് പ്രവര്ത്തനങ്ങള് മുന്നോട്ട് പോയത്. കോണ്ഗ്രസിലെ ഒരുപാട് ആളുകള് സതീശനെ സഹിച്ച് ക്ഷമയുടെ നെല്ലിപ്പലക കണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
2026ല് യുഡിഎഫ് അധികാരത്തില് വരുമെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ല. കോണ്ഗ്രസിന്റെ മുഖ്യമന്ത്രി മുഖമായി ചെന്നിത്തലയെ പരിഗണിക്കാമെന്നാണ് പറഞ്ഞത്. എന്എസ്എസും ചെന്നിത്തലയും തമ്മില് അണ്ണനും തമ്പിയുമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്ത്തു.
എ.വിജയരാഘവന്റെ പരാമര്ശത്തില് ഒരു വര്ഗീയതയുമില്ല: ടി.പി.രാമകൃഷ്ണന്
Monday, December 23, 2024 11:47 AM IST
തിരുവനന്തപുരം: എ.വിജയരാഘവന്റെ പരാമര്ശത്തില് ഒരു വര്ഗീയതയുമില്ലെന്ന് എല്ഡിഎഫ് കണ്വീനര് ടി.പി.രാമകൃഷ്ണന്. വര്ഗീയശക്തികളുമായി ചേര്ന്ന് നിലപാടെടുക്കുന്ന കോണ്ഗ്രസ്-ലീഗ് സമീപനത്തെയാണ് വിജയരാഘവന് വിമര്ശിച്ചതെന്ന് അദ്ദേഹം ന്യായീകരിച്ചു.
പാലക്കാട് യുഡിഎഫിന്റെ വിജയം ആദ്യം ആഘോഷിച്ചത് എസ്ഡിപിഐ ആണ്. വര്ഗീയതയില്നിന്ന് കേരളത്തെ രക്ഷിക്കുന്ന നിലപാടാണ് വിജയരാഘവന് സ്വീകരിച്ചതെന്നും ടി.പി.രാമകൃഷ്ണന് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നുവെന്നാണ് വിജയരാഘവൻ പറഞ്ഞത്. വയനാട്ടിൽനിന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജയിച്ചത് വർഗീയ വോട്ട് നേടിയാണെന്നും വിജയരാഘവൻ പറഞ്ഞിരുന്നു.
വര്ഗീയ വോട്ട് വാങ്ങിയാണ് വയനാട്ടില് കോണ്ഗ്രസ് ജയിച്ചത്; എ.വിജയരാഘവനെ പിന്തുണച്ച് സിപിഎം
Monday, December 23, 2024 12:16 PM IST
തിരുവനന്തപുരം: എ.വിജയരാഘവന്റെ വര്ഗീയ പരാമര്ശത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. വര്ഗീയ വോട്ട് വാങ്ങിയാണ് വയനാട്ടില് കോണ്ഗ്രസ് ജയിച്ചതെന്ന് ഗോവിന്ദന് പ്രതികരിച്ചു.
വിജയരാഘവന്റെ വിമര്ശനം മുസ്ലീം സമുദായത്തിന് എതിരാണെന്ന് എങ്ങനെ പറയാന് കഴിയും. മുസ്ലീം സമുദായം മഹാഭൂരിപക്ഷവും സെക്കുലര് സ്വഭാവമുള്ളവരാണ്. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയാണ് കോണ്ഗ്രസെന്നും ഗോവിന്ദന് പറഞ്ഞു.
ന്യൂനപക്ഷ, ഭൂരിപക്ഷ വര്ഗീയതയോട് തങ്ങള്ക്ക് വിട്ടുവീഴ്ചയില്ല. ജമാഅത്തെ ഇസ്ലാമിയെ വിമര്ശിച്ചാല് അത് മുസ്ലീം വിമര്ശനമല്ല. ലീഗ് വര്ഗീയകക്ഷിയാണെന്ന് പറഞ്ഞിട്ടില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്ത്തു.
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നുവെന്നാണ് വിജയരാഘവൻ പറഞ്ഞത്. വയനാട്ടിൽനിന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജയിച്ചത് വർഗീയ വോട്ട് നേടിയാണെന്നും വിജയരാഘവൻ പറഞ്ഞിരുന്നു.
വിജയരാഘവൻ പറഞ്ഞത് പാർട്ടി നയമെന്ന് പി.കെ. ശ്രീമതി
Monday, December 23, 2024 10:44 AM IST
കണ്ണൂർ: സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെ പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. വിജയരാഘവൻ പറഞ്ഞത് പാർട്ടി നയമെന്ന് ശ്രീമതി പറഞ്ഞു.
കേരളത്തിൽ വർഗീയവാദികൾ തല ഉയർത്താൻ ശ്രമിക്കുകയാണ്. വർഗീയവാദികളുമായ കൂട്ടുകെട്ട് ഉണ്ടാക്കിയാണ് കോണ്ഗ്രസ് മത്സരിക്കുന്നത്. സിപിഎം സ്വീകരിക്കുന്നത് ഹിന്ദു-മുസ്ലിം വർഗീയവാദികൾക്കെതിരായ നിലപാടാണെന്നും ശ്രമതി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നുവെന്നാണ് വിജയരാഘവൻ പറഞ്ഞത്. വർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാട് ഇനിയും തുറന്ന് എതിർക്കും.
അധികാരത്തിനായി കോൺഗ്രസ് വർഗീയതയോട് സന്ധിചെയ്യുന്നു. എസ്ഡിപിഐയുടെ പ്രകടനത്തോടെയാണ് പാലക്കാട്ട് യുഡിഎഫിന്റെ വിജയാഘോഷം തുടങ്ങിയത്. ഈയിടെ മഹാത്മാഗാന്ധിയെയും ഭഗത് സിംഗിനെയും ജമാ അത്തെ ഇസ്ലാമി ആക്ഷേപിച്ചിട്ടും കോൺഗ്രസ് ഒരക്ഷരം മിണ്ടിയിട്ടില്ല.
ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂട്ടുപിടിച്ചുള്ള വയനാട്ടിലെ മത്സരം പ്രതിപക്ഷം തീവ്ര മുസ്ലീം വർഗീയതയ്ക്ക് ഒപ്പമാണ് എന്ന പ്രചരണം നടത്താൻ ബിജെപിക്ക് അവസരമൊരുക്കി.
ഇത് രാജ്യമാകെ അവർ പ്രചരണ വിഷയമാക്കി. അതിന് അവർക്ക് അവസരം നൽകിയതിലൂടെ വലിയൊരു തെറ്റാണ് കോൺഗ്രസ് ചെയ്തത്. ന്യൂനപക്ഷവർഗീയതയുടെ ഏറ്റവും മോശപ്പെട്ട ശക്തികളെവരെ കൂട്ടുപിടിച്ചുകൊണ്ട് അവർ കേരളത്തിന്റെ പുരോഗമന അടിത്തറ തകർക്കുകയെന്ന പിന്തിരിപ്പൻ രാഷ്ട്രീയത്തിന് നേതൃത്വം നൽകിയെന്നും വിജയരാഘവൻ പറഞ്ഞു.
മൂല്യമുള്ള സിനിമകള് ഇറങ്ങുന്നില്ല,താരങ്ങളുടേത് ഓവര് നാട്യം: ജി.സുധാകരന്
Monday, December 23, 2024 10:44 AM IST
ആലപ്പുഴ: ഇന്നത്തെ സിനിമകൾ ഒന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ലെന്ന് മുൻ മന്ത്രിയുമായും സിപിഎം നേതാവുമായ ജി സുധാകരൻ. സിനിമാ താരങ്ങളുടേത് ഓവർ നാട്യമാണ്. അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നതെന്നും സുധാകരൻ വിമർശിച്ചു.
എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടെയാണ്. വെള്ളമടിച്ചു തുടങ്ങുന്ന സീനിനൊക്കെ എങ്ങനെയാണ് അംഗീകാരം നൽകുന്നത്. എന്ത് സന്ദേശമാണ് ഇതിലെല്ലാം ഉള്ളത്. മൂല്യമുള്ള സിനിമകൾ ഇറങ്ങുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന ഒരു സമൂഹം വളർന്നു വരികയാണ്. കൂട്ടായി ഒരു തെറ്റ് പറഞ്ഞാലും തെറ്റാണെന്ന് പറയാൻ പാടില്ല. ആ തെറ്റു തന്നെ ശരിയായി പോയ്ക്കൊണ്ടിരിക്കും. അതിനിശിതമായ സാമൂഹിക വിമർശനത്തിലൂടെയല്ലാതെ കേരളം നന്നാകാൻ പോകുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
പൂരം കലക്കൽ ദേവസ്വത്തിന്റെ തലയില് വച്ചുകെട്ടാന് ഗൂഢശ്രമം: കെ. ഗിരീഷ് കുമാർ
Monday, December 23, 2024 10:21 AM IST
തൃശൂർ: പൂരം കലക്കൽ സംബന്ധിച്ച് എഡിജിപി എം.ആർ.അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ. പൂരം കലങ്ങിയ സംഭവം തിരുവമ്പാടി ദേവസ്വത്തിന്റെ തലയിൽ വച്ചുകെട്ടാനുള്ള ഗൂഢനീക്കം നടക്കുന്നെന്ന് അദ്ദേഹം പ്രതികരിച്ചു.
ദേവസ്വവുമായി ബന്ധമില്ലാത്തവരുടെ പേരുകളാണ് പൂരം കലക്കലിൽ പറഞ്ഞുകേൾക്കുന്നത്. അജിത്കുമാറിന്റെ റിപ്പോർട്ട് ശരിയല്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അതിനുശേഷം ത്രിതല അന്വേഷണവും പ്രഖ്യാപിച്ചു. ത്രിതല അന്വേഷണത്തിലാണ് എല്ലാം വ്യക്തമാവുക.
പൂര ദിവസവും തലേദിവസവും എഡിജിപി തൃശൂരിലുണ്ടായിരുന്നു. ദേവസ്വത്തിന് ഒരു രാഷ്ട്രീയവുമില്ല. റിപ്പോർട്ട് ദേവസ്വത്തിന്റെ ധാർമികതയെ ബാധിക്കും. തങ്ങൾ ഉണ്ടാക്കിയ പൂരം തങ്ങൾ തന്നെ കലക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
ട്രോളി ബാഗും പത്രപരസ്യവും തിരിച്ചടിച്ചു; സിപിഎമ്മിനെ വിമർശിച്ച് സിപിഐ
Monday, December 23, 2024 10:10 AM IST
പാലക്കാട്: സിപിഎം നേതാക്കളുടെ പരസ്പരവിരുദ്ധ നിലപാടുകളും അഭിപ്രായ അനൈക്യവും പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില് ഇടതുമുന്നണിയെ ബാധിച്ചതായി സിപിഐ. ശനിയാഴ്ചനടന്ന ജില്ലാ കൗണ്സില്യോഗത്തില് സെക്രട്ടറി കെ.പി. സുരേഷ്രാജ് അവതരിപ്പിച്ച റിപ്പോര്ട്ടിലാണ് വിമര്ശം.
തെരഞ്ഞെടുപ്പുസമയത്തെങ്കിലും നേതാക്കളുടെ വാക്കുകള് നിയന്ത്രിക്കണമെന്നുള്പ്പെടെയുള്ള അഭിപ്രായങ്ങളുമുയര്ന്നു. സിപിഐ പാലക്കാട് മണ്ഡലംകമ്മിറ്റിയുടെയും തെരഞ്ഞെടുപ്പ് കമ്മറ്റിയുടെയും അവലോകനങ്ങള് ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഇത് വെള്ളിയാഴ്ചനടന്ന ജില്ലാ നിര്വാഹകസമിതി ചര്ച്ചചെയ്തശേഷമാണ് ജില്ലാകൗണ്സിലില് അവതരിപ്പിച്ചത്.
എല്ഡിഎഫില് ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതില് പരാജയമുണ്ടായെന്ന് റിപ്പോര്ട്ട് കുറ്റപ്പെടുത്തുന്നു. ട്രോളി ബാഗും പാതിരാറെയ്ഡും നിശബ്ദപ്രചാരണദിവസം ചില പത്രങ്ങളില്വന്ന പരസ്യവുമുള്പ്പെടെ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.
മുഖ്യമന്ത്രി രണ്ടുദിവസം പാലക്കാട്ടെ യോഗങ്ങളില് പങ്കെടുത്തെങ്കിലും കാര്യമായ ആവേശം ഉണ്ടാക്കാനായില്ല. ട്രോളി ബാഗ് വിവാദം യുഡിഎഫിന് ഒരുമിക്കാനുള്ള അവസരമുണ്ടാക്കിക്കൊടുത്തുവെന്നും വിമർശനം ഉയർന്നു.
ബിജെപിയുടെ ക്രൈസ്തവ സ്നേഹം അഭിനയമെന്ന് സന്ദീപ് വാര്യര്
Monday, December 23, 2024 9:52 AM IST
പാലക്കാട്: ബിജെപിയുടെ ക്രൈസ്തവ സ്നേഹം അഭിനയമെന്ന് സന്ദീപ് വാര്യര്. പാലക്കാട് നല്ലേപ്പള്ളി സ്കൂളിൽ ക്രിസ്മസ് കരോൾ തടസപ്പെടുത്തിയ വിഎച്ച്പി പ്രവർത്തകരുടെ നടപടിയിലായിരുന്നു സന്ദീപിന്റെ പ്രതികരണം.
സംഭവത്തിൽ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. കേസ് അട്ടിമറിക്കാൻ യുവമോർച്ച ശ്രമിച്ചു. അറസ്റ്റിലായ മൂന്നു പേരിൽ രണ്ടു പേരും സജീവ ബിജെപി പ്രവർത്തകരാണെന്നും സന്ദീപ് പറഞ്ഞു.
പാലക്കാട് തെരഞ്ഞെടുപ്പിൽ പ്രചാരണ ചുമതല ഉള്ളവർ ആയിരുന്നു ഇവർ. പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാറുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. ബിജെപി യുടെ ക്രൈസ്തവ സ്നേഹം അഭിനയമാണെന്നും സന്ദീപ് വാര്യർ വിമർശിച്ചു.
യുപിയില് മൂന്ന് ഖലിസ്ഥാന് ഭീകരരെ വധിച്ചു
Monday, December 23, 2024 9:46 AM IST
ലക്നോ: യുപി പിലിഭിത്തില് മൂന്ന് ഖലിസ്ഥാന് ഭീകരരെ സുരക്ഷാസേന വധിച്ചു. ഖലിസ്ഥാന് കമാന്ഡോ ഫോഴ്സ് എന്ന നിരോധിത സംഘടനയുടെ ഭാഗമായ മൂന്ന് പേരെയാണ് വധിച്ചത്.
ഇന്ന് പുലര്ച്ചെയാണ് യുപി, പഞ്ചാബ് പോലീസ് സേനയുടെ സംയുക്ത ഓപ്പറേഷന് നടന്നത്. തോക്കുകളും വെടിയുണ്ടകളും അടക്കം ഇവരില്നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഗുരുദാസ്പൂരിലെ പഞ്ചാബ് പോലീസിന്റെ പോസ്റ്റിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലെ പ്രതികളാണ് ഇവര്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം; എഡിജിപിയുടെ റിപ്പോർട്ട് പുറത്ത്
Monday, December 23, 2024 10:48 AM IST
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ദേവസ്വത്തിലെ ചിലർ തൽപരകക്ഷികളുമായി ഗൂഢാലോചന നടത്തിയെന്നും പൂരനാളിൽ ബോധപൂർവം പ്രശ്നമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
പൂരം കലക്കൽ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പാണ് പുറത്തുവന്നത്. നിയമപരമായി സാധ്യമാകാത്ത കാര്യങ്ങൾ ദേവസ്വം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവലോകന യോഗങ്ങളിൽ അടക്കം ദേവസ്വം ഈ ആവശ്യങ്ങൾ മുന്നോട്ടുവച്ചു.
നിയമവിരുദ്ധമായ ആവശ്യങ്ങൾ അനുവദിക്കാതിരുന്നാൽ പൂരം അട്ടിമറിക്കണമെന്ന തീരുമാനം ദേവസ്വം നേരത്തേ എടുത്തിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത് ഏതു രാഷ്ട്രീയ പാർട്ടിയാണെന്ന വെളിപ്പെടുത്തൽ റിപ്പോർട്ടിലില്ല. അതേസമയം, ബിജെപിയുടെ ഒരു സംസ്ഥാന വൈസ് പ്രസിഡന്റ്, ആർഎസ്എസിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവ് എന്നിവരുടെ പേരുകൾ മൊഴിയുടെ രൂപത്തിൽ അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു
Monday, December 23, 2024 9:07 AM IST
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ റോഡരുകിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ 12.30തോടെ വാഗോളിയിലാണ് അപകടമുണ്ടായത്. വൈഭവി പവാർ (1), വൈഭവ് പവാർ (2), വിശാൽ പവാർ (22) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ സസൂണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡരുകിൽ ധാരാളം ആളുകൾ ഉറങ്ങുന്നുണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും തൊഴിലാളികളാണ്. ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇയാൾ മദ്യലഹരിയിലായിരുന്നോ എന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
ഏഴാറ്റുമുഖം ഗണപതി ഒറ്റയ്ക്കെത്തി അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ തെങ്ങുകളും കവുങ്ങും നശിപ്പിച്ചു
Monday, December 23, 2024 8:42 AM IST
തൃശൂര്: അതിരപ്പിള്ളി പോലീസ് സ്റ്റേഷനു സമീപം വീണ്ടും കാട്ടാനയെത്തി. ഏഴാറ്റുമുഖം ഗണപതിയെന്ന ഒറ്റയാനാണ് വീണ്ടും പോലീസ് സ്റ്റേഷനില് എത്തിയത്. പോലീസ് സ്റ്റേഷനു സമീപത്തുള്ള ട്രൈബല് ഹോസ്റ്റലിലെ കവുങ്ങുകളും തെങ്ങുകളും ആന നശിപ്പിച്ചു.
കഴിഞ്ഞ ആഴ്ചയിലും ആന ഇതേസ്ഥലത്ത് എത്തിയിരുന്നു. സ്റ്റേഷനോട് ചേര്ന്ന് നില്ക്കുന്ന തെങ്ങും പനയുമാണ് കാട്ടാനയുടെ ലക്ഷ്യമെന്നായിരുന്നു വിലയിരുത്തലുകള്.
കഴിഞ്ഞ ദിവസങ്ങളില് ജനവാസമേഖലയില് കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
എം.ടിയുടെ ആരോഗ്യനിലയില് മാറ്റമില്ല
Monday, December 23, 2024 8:29 AM IST
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന് എം.ടി. വാസുദേവന് നായരുടെ ആരോഗ്യനിലയില് കാര്യമായ മാറ്റമില്ല. മരുന്നുകളോടു നേരിയ രീതിയില് കഴിഞ്ഞ ദിവസം മുതല് പ്രതികരിക്കുന്നുണ്ടെങ്കിലും വലിയ മാറ്റമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
വിദഗ്ധരടങ്ങുന്ന മെഡിക്കല് സംഘം ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. ഓക്സിജന് മാസ്കിന്റെയും മറ്റും സഹായത്തോടെ ഐസിയുവില് തുടരുകയാണ് എം.ടി.
ശ്വാസതടസത്തെത്തുടര്ന്ന് കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ബ്രസീലിൽ ചെറുവിമാനം തകർന്നുവീണു: 10 മരണം
Monday, December 23, 2024 8:14 AM IST
റിയോ ഡി ഷാനെയ്റോ: ബ്രസീലിൽ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ പത്ത് പേർ മരിച്ചു. ലൂയിസ് ക്ലൗഡിയോ എന്ന ബിസിനസുകാരനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമാണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. തെക്കൻ ബ്രസീലിലെ ഗ്രമാഡോ നഗരത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. സമീപ പട്ടണമായ കനേലയിൽ നിന്ന് യാത്ര തിരിച്ച വിമാനമാണ് നിമിഷങ്ങൾക്കുള്ളിൽ അപകടത്തിൽപ്പെട്ടത്.
ഗ്രമാഡോയിലെ ഒരു കെട്ടിടത്തിലെ ചിമ്മിനിയിൽ ഇടിച്ചതിന് ശേഷം വിമാനം തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി പോലീസ് അറിയിച്ചു.
അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല എന്നാണ് പോലീസ് അറിയിച്ചത്.
ലാലീഗയിൽ റയൽ മാഡ്രിഡിന് ജയം
Monday, December 23, 2024 7:35 AM IST
മാഡ്രിഡ്: ലാലീഗയിൽ സെവിയയ്ക്കെതിരായ മത്സരത്തിൽ റയൽ മാഡ്രിഡിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് റയൽ വിജയിച്ചത്.
റയലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കൈലിയൻ എംബാപ്പെ, ഫെഡറിക്കോ വാൽവെരെഡെ, റോഡ്രിഗോ, ബ്രഹീം ഡയസ് എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്. ഐസക് റൊമേറോയും ഡോഡി ലുക്ബാക്കിയായും ആണ് സെവിയയ്ക്കായി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് റയൽ മാഡ്രിഡിന് 40 പോയിന്റായി. നിലവിൽ ലീഗ് പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്.
തൊണ്ടിമുതൽ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Monday, December 23, 2024 7:04 AM IST
തിരുവനന്തപുരം: ആന്റണി രാജു എംഎൽഎയ്ക്ക് എതിരായ തൊണ്ടിമുതൽ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം എംഎൽഎ, എംപി എന്നിവർക്കുള്ള കോടതിയിലേയ്ക്ക് കേസ് മാറ്റണമെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ അവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി ഇന്ന് കോടതിയിൽ സമർപ്പിക്കും.
1990 ഏപ്രില് നാലിന് തിരുവനന്തപുരം വിമാനത്താവളത്തില് ലഹരിമരുന്ന് കേസില് പിടിയിലായ ഓസ്ട്രേലിയന് പൗരനായ ആന്ഡ്രൂ സാല്വദോറിനെ രക്ഷിക്കാൻ തൊണ്ടിയായ അടിവസ്ത്രത്തില് കൃത്രിമം കാണിച്ചെന്നാണ് കേസ്. ഇത് വ്യാജ തൊണ്ടിയാണെന്നുള്ള വാദം കണക്കിലെടുത്ത കോടതി വിദേശിയെ വെറുതെവിട്ടിരുന്നു.
എന്നാൽ 1994-ല് തൊണ്ടിമുതലില് കൃത്രിമം കാണിച്ചെന്ന പരാതിയില് തിരുവനന്തപുരം വഞ്ചിയൂര് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.കേസിൽ കുറ്റപത്രം നൽകാൻ 12 വർഷമെടുത്തു. ഒടുവിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് കേസ് വീണ്ടും കോടതിയിലെത്തിയത്.
കോടതിയില് സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലര്ക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫൊറന്സിക് പരിശോധനയില് കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. ഗൂഢാലോചന, രേഖകളില് കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കല് എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎല്ലിന്റെ ഹര്ജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Monday, December 23, 2024 6:32 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎല്ലിന്റെ ഹര്ജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിഎംആർഎൽ ഭീകര പ്രവര്ത്തനങ്ങളെ അനുകൂലിക്കുന്നവര്ക്ക് പണം നല്കിയതായി സംശയമുണ്ടെന്ന് എസ്എഫ്ഐഒ കഴിഞ്ഞ തവണ വാദിച്ചിരുന്നു.
എക്സാലോജിക്കിന് പണം നല്കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും എസ്എഫ്ഐഒ ആരോപിച്ചു. ഇക്കാര്യങ്ങളില് സിഎംആർഎൽ ഇന്ന് മറുപടി നല്കും.
ഹര്ജിയില് കക്ഷിചേരാനുള്ള ഷോണ് ജോര്ജിന്റെ അപേക്ഷയിലും വാദം കേള്ക്കും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ എഫ്സിക്ക് തകർപ്പൻ ജയം
Monday, December 23, 2024 7:19 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്ക് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ മൂന്നിനെതിരെ ആറ് ഗോളുകൾക്ക് ടോട്ടനം ഹോട്ട്സ്പറിനെ തകർത്തു.
ടോട്ടനം ഹോട്ട്സ്പറിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലൂയിസ് ഡയാസും, മുഹമ്മദ് സാലയും, അലക്സിസ് മാക് അലിസ്റ്റർ ഡോമിനിക് ഷോബോസ്ലായ് എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. ജെയിംസ് മാഡിസൺ, ഡേജൻ കുലുസേവ്സ്കി, ഡൊമിനിക് സോളങ്കെ എന്നിവരാണ് ടോട്ടനത്തിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലിവർപൂളിന് 16 മത്സരങ്ങളിൽ നിന്ന് 39 പോയിന്റായി. ലിവർപൂൾ തന്നെയാണ് ലീഗിൽ നിലവിൽ ഒന്നാമത്.
പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശേരിക്കെതിരെ വി. ജോയ്
Monday, December 23, 2024 5:41 AM IST
തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മധു മുല്ലശേരിക്കെതിരെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധുവെന്ന് ജോസ് പറഞ്ഞു.
"താൻ സെക്രട്ടറിയായപ്പോള് മധു കാണാൻ വന്നിരുന്നു. ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്പ്രേയും 50000 രൂപയുമായാണ് മധു എത്തിയത്. ഉടൻ പെട്ടിയെടുത്ത് ഇറങ്ങി പോകാൻ താന് ആവശ്യപ്പെട്ടു'- ജോയ് പറഞ്ഞു. വഞ്ചിയൂർ ബാബുവിനെയും അദ്ദേഹം വിമർശിച്ചു.
മാന്യമായ ഭാഷയിൽ സംസാരിക്കണമെന്നും വനിതാ സഖാക്കളോട് മോശം ഭാഷയും പെരുമാറ്റവും പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാസർഗോഡ് പെർള ടൗണിൽ തീപിടിത്തം; ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു
Monday, December 23, 2024 5:10 AM IST
കാസർഗോഡ്: പെർള ടൗണിലുണ്ടായ തീപിടിത്തത്തിൽ ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു. ഞായറാഴ്ച്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
ടൗണിലെ ഒരു പെയിന്റ് കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് മറ്റ് കടകളിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. സ്പെയർ പാർട്ട് കടയിലെ എന്ജിന് ഓയിലിന് തീപിടിച്ചതോടെ തീ വ്യാപിക്കുകയായിരുന്നു.
അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. കാസർഗോഡ്, ഉപ്പള, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
യുഎപിഎ അടക്കം നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഷംനാദ് പിടിയിൽ
Monday, December 23, 2024 4:45 AM IST
കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഷംനാദ് പിടിയിൽ. കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ സഹായത്തോടെ തൃശൂര് സിറ്റി പോലീസാണ് ഇയാളെ പിടികൂടിയത്.
പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കല് സ്വദേശിയാണ് ഷംനാദ്. വധശ്രമം ഉള്പ്പടെ 22 കേസുകളിലെ പ്രതിയാണ് ഷംനാദ്.
ഉത്തര്പ്രദേശിലെ നേപ്പാള് അതിർത്തിയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
യുഎപിഎ ചുമത്തിയത് ഉള്പ്പടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.
വിജയരാഘവൻ വോട്ട് കുറഞ്ഞതിന്റെ ജാള്യത മറയ്ക്കാൻ വിലകുറഞ്ഞ ആരോപണങ്ങൾ നടത്തുന്നു: എം.ടി രമേശ്
Monday, December 23, 2024 4:09 AM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതിന്റെ ജാള്യത മറയ്ക്കാൻ വിലകുറഞ്ഞ ആരോപണങ്ങൾ നടത്തുന്ന വിജയരാഘവന് നല്ല ബുദ്ധി ഉപദേശിച്ച് കൊടുക്കാൻ സിപിഎം നേതൃത്വം തയാറാവണമെന്ന് ബിജെപി നേതാവ് എം.ടി രമേശ്.
എ. വിജയരാഘവന് അടിയന്തരമായി കണക്ക് ട്യൂഷന് ടീച്ചറെ ഏര്പ്പെടുത്തി കൊടുക്കണം. വയനാട്ടിൽ വലിയ തോതിൽ സിപിഎമ്മിന്റെ വോട്ടാണ് കുറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില് ഇടതുപക്ഷത്തിന് 70,000 വോട്ടുകള് കുറഞ്ഞിട്ടുണ്ട്.
അത് എവിടെ പോയി എന്ന് വിജയരാഘവൻ ഉത്തരം പറയട്ടെ. ആ വോട്ടിന്റെ കണക്ക് സിപിഎം നേതാക്കന്മാർ വിജയരാഘവനെ പഠിപ്പിച്ചതിനുശേഷം ഞങ്ങളുടെ കണക്ക് വിജയരാഘവന് ഞങ്ങൾ പറഞ്ഞുകൊടുക്കാം എന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മെത്താംഫിറ്റമിനുമായി യുവാക്കൾ പിടിയിൽ
Monday, December 23, 2024 3:37 AM IST
തിരുവനന്തപുരം: മെത്താംഫിറ്റമിനുമായി യുവാക്കൾ പിടിയിൽ. വട്ടിയൂർക്കാവ് സ്വദേശി അൽബെസ്സി (30), വിതുര സ്വദേശി ജിജോ ജോസ് (31) എന്നിവരാണ് പിടിയിലായത്.
നഗരത്തിൽ വിൽപ്പന നടത്താായി എത്തിയപ്പോളാണ് പ്രതികൾ പിടിയിലായത്. അൽബെസിയിൽ നിന്നും 2.40 ഗ്രാം മെത്താംഫിറ്റമിനും ജിജോയുടെ കൈയിൽ നിന്നും 0.91.91 ഗ്രാം മെത്താംഫിറ്റമിനും എക്സൈസ് പിടിച്ചെടുത്തു.
ക്രിസ്മസ് - പുതുവത്സര സ്പെഷൽ ഡ്രൈവിനിടെയാണ് പ്രതികൾ പിടിയിലായത്. സംശയം തോന്നി ഇരുവരേയും വിശദമായി പരിശോധിച്ചപ്പോഴാണ് പോക്കറ്റിൽ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്.
മദ്യ ലഹരിയിൽ മധ്യവയസ്കനെ കുത്തിക്കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ
Monday, December 23, 2024 3:41 AM IST
തൃശൂർ: മദ്യ ലഹരിയിൽ മധ്യവയസ്കനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ. കൊല്ലം തെന്മല സ്വദേശി അർജുൻ ആണ് അറസ്റ്റിലായത്.
ഷെല്ലി എന്ന് ആളെയാണ് അർജുനൻ ആക്രമിച്ചത്. ഗുരുവായൂർ വടക്കേ റോഡിൽ വച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തിനൊടുവിലാണ് സംഘട്ടനം നടന്നത്.
തലക്ക് ഗുരുതര പരിക്ക് പറ്റിയ ഷെല്ലി തൃശൂർ മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിലാണ്.
കുടിലിന് തീപിടിച്ച് വയോധികനും രണ്ട് പേരക്കുട്ടികളും വെന്തുമരിച്ചു
Monday, December 23, 2024 2:14 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ കുടിലിന് തീപിടിച്ച് വയോധികനും പ്രായപൂർത്തിയാകാത്ത രണ്ട് പേരക്കുട്ടികളും വെന്തുമരിച്ചു. ഹജാരി ബഞ്ചാര (65), ചെറുമകൾ സന്ധ്യ (10), അനുഷ്ക (അഞ്ച്) എന്നിവരാണ് മരിച്ചത്.
ഹജാരി ബഞ്ചാരയും സന്ധ്യയും സംഭവസ്ഥലത്തും അനുഷ്ക ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ന് ബൈരാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുര ഗ്രാമത്തിലാണ് സംഭവം.
തണുത്ത കാലാവസ്ഥയിൽ നിന്നുള്ള സംരക്ഷണത്തിനായി കത്തിച്ച "അങ്കിതി' (സ്റ്റൗ)യിൽ നിന്നാണ് വീടിന് തീ പടർന്നതെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കുന്നതായി ബൈരാദ് പോലീസ് സ്റ്റേഷൻ ഇൻചാർജ് വികാസ് യാദവ് പറഞ്ഞു.
വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. മരിച്ച ഒരോരുത്തവർക്കുമായി ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചതായി ബൈരാദ് തഹസിൽദാർ ദ്രഗ്പാൽ സിംഗ് വൈഷ് പറഞ്ഞു.
കോടികൾ വിലമതിക്കുന്ന വാച്ചുകളുമായി ദമ്പതികൾ വിമാനത്താവളത്തിൽ പിടിയിൽ
Monday, December 23, 2024 1:12 AM IST
അഹമ്മദാബാദ്: ദുബായിൽ നിന്ന് ഏകദേശം 13 കോടി രൂപ വിലമതിക്കുന്ന രണ്ട് വാച്ചുകൾ കടത്താൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികളായ ദമ്പതികൾ പിടിയിൽ. ഇരുവരെയും അഹമ്മദാബാദ് വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ദുബായിൽ നിന്ന് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇവരുടെ കൈവശം ശതകോടീശ്വരന്മാരുടെയോ സെലിബ്രിറ്റികളുടെയോ കൈയിൽ കാണപ്പെടുന്ന ഓഡെമർസ് പിഗ്വെറ്റ് റോയൽ ഓക്ക്, റിച്ചാർഡ് മില്ലെ എന്നീ കമ്പനികളുടെ വാച്ചുകളാണ് ഉണ്ടായിരുന്നത്.
ആദ്യം യുവതിയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോൾ വാച്ച് ഭർത്താവ് സമ്മാനമായി നൽകിയതാണെന്ന് മറുപടി നൽകി. ഭർത്താവിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം അടുത്ത വിമാനത്തിൽ എത്തുമെന്ന് ഇവർ പറഞ്ഞു.
തൊട്ടുപിന്നാലെയുള്ള വിമാനത്തിൽ എത്തിയ യുവതിയുടെ ഭർത്താവിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വാച്ച് തന്റേതാണെന്നും അതിന്റെ വില ഏകദേശം 1000 രൂപയാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വാച്ചിന്റെ ബില്ല് ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടപ്പോൾ ബില്ല് നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം മറുപടി നൽകി.
എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തങ്ങൾ രാജസ്ഥാനിലെ പ്രതാപ്ഗഢ് സ്വദേശികളാണെന്നും വാച്ച് കടത്താനായി ദുബായിൽ പോയതായിരുന്നുവെന്നും ഇരുവരും കസ്റ്റംസിന് മൊഴി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പിറന്നാൾ സമ്മാനമായി മൊബൈൽ ഫോൺ വാങ്ങി നൽകിയില്ല; കൗമാരക്കാരൻ ജീവനൊടുക്കി
Monday, December 23, 2024 12:34 AM IST
മുംബൈ: മഹാരാഷ്ട്രയിൽ പിറന്നാൾ ദിനത്തിൽ അമ്മ മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതിൽ മനംനൊന്ത് 15കാരൻ ജീവനൊടുക്കി. സാംഗ്ലി ജില്ലയിലെ മിറാജ് നഗരത്തിലാണ് സംഭവം.
വിശ്വജീത് രമേഷ് ചംദൻവാലെ എന്ന കുട്ടി വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. അമ്മയും സഹോദരിയും ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടി ജീവനൊടുക്കിയത്.
രണ്ട് ദിവസം മുമ്പാണ് വിശ്വജീത് പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ സമ്മാനമായി അമ്മയോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം അമ്മ അപേക്ഷ നിരസിച്ചു.
അടുത്ത ദിവസമാണ് കുട്ടിയെ വീട്ടുകാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
സ്വത്ത് തർക്കം; സഹോദരനെ ട്രാക്ടർ കയറ്റിക്കൊന്ന യുവാവ് അറസ്റ്റിൽ
Monday, December 23, 2024 12:28 AM IST
ബംഗുളൂരു: സ്വത്ത് തർക്കത്തിന്റെ പേരിൽ ഇളയ സഹോദരനെ ട്രാക്ടർ കയറ്റിക്കൊന്ന യുവാവ് അറസ്റ്റിൽ. കർണാടകയിലെ ബബെലഗാവി ജില്ലയിലെ മുർഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ യരഗട്ടി താലൂക്കിലാണ് സംഭവം.
ഗോപാൽ (27) എന്നയാളാണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ മാരുതി ബാവിഹാൾ (30) പിടിയിലായി. അടുത്തിടെ, പൂർവിക സ്വത്ത് മൂന്ന് സഹോദരന്മാർക്കായി വിഭജിച്ചിരുന്നു.
ഓരോ സഹോദരങ്ങൾക്കും ഓരോ ട്രാക്ടർ ലഭിച്ചു, എന്നാൽ ഗോപാൽ ഇതിൽ സന്തോഷവാനല്ലായിരുന്നു. മാത്രമല്ല സ്വത്തിന്റെ പേരിൽ പലപ്പോഴും ജ്യേഷ്ഠനുമായി വഴക്കിടുകയും ചെയ്തു.
ഇതിൽ സഹികെട്ട ജ്യേഷ്ഠൻ സഹികെട്ട് സഹോദരന്റെ മേൽ ട്രാക്ടർ ഓടിച്ച് കയറ്റിയശേഷം കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
Sunday, December 22, 2024 11:55 PM IST
മലപ്പുറം: വണ്ടൂരില് സ്കൂട്ടറില് സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിയുകയായിരുന്നയാള് മരിച്ചു.
വണ്ടൂര് ചെട്ടിയാറമ്മല് സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പത്ത് വയസുകാരനായ മകനും പരുക്കേറ്റിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതിന് എളക്കൂര് നിരന്നപരമ്പിലായിരുന്നു അപകടം നടന്നത്. നൗഷാദിനെ ആദ്യം മഞ്ചേരി മെഡിക്കല് കോളജിലും, തുടര്ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് നാലിനാണ് മരണംസംഭവിച്ചത്. ഐഎന്ടിയുസി വണ്ടൂര് മണ്ഡലം പ്രസിഡന്റ്, മലപ്പുറം ജില്ല വെട്രന്സ് സെവന്സ് ഫുട്ബോള് അസോസിയേഷന് ജനറല് സെക്രട്ടറി, വണ്ടൂര് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ജനറല് സെക്രട്ടറി തുടങ്ങിയ ചുമതലകള് വഹിക്കുന്ന ആളായിരുന്നു നൗഷാദ്. സംസ്കാരം തിങ്കളാഴ്ച.
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Sunday, December 22, 2024 11:17 PM IST
തിരുവനന്തപുരം: വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. ആര്യനാട് - കാഞ്ഞിരം മൂട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
പന്നിയോട്, പള്ളിമുക്ക് സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
Sunday, December 22, 2024 11:08 PM IST
തിരുവനന്തപുരം: അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന് അനുമതി നൽകാമെന്ന് കേന്ദ്ര ഊർജ മന്ത്രി മനോഹർ ലാൽ ഖട്ടർ.
കേരളത്തിന്റെ തീരങ്ങളിൽ തോറിയം അടങ്ങുന്ന മോണോ സൈറ്റ് നിക്ഷേപം ധാരാളം ഉണ്ട്. തോറിയം അടിസ്ഥാനമാക്കിയുള്ള ചെറു റിയാക്റ്റർ കേരളത്തിൽ സ്ഥാപിച്ചാൽ ഉചിതം ആകുമെന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്. കോവളത്ത് ആയിരുന്നു കൂടിക്കാഴ്ച.