അന്ന മരിയ റെജിക്ക് ഉജ്വല ബാല്യം അവാർഡ്
ചെറുതോണി: കലാ,കായിക രംഗങ്ങളിൽ നേട്ടങ്ങൾ കൊയ്ത അന്നമരിയ റെജിക്ക് സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം അവാർഡ്.
വിവിധ മേഖലകളിൽ കഴിവു തെളിയിക്കുന്ന ആറിനും പതിനെട്ടിനുമിടയിൽ പ്രായമുള്ള കുട്ടികളെ കണ്ടെത്തി അവാർഡ് നൽകുന്നത് സംസ്ഥാന ശിശുക്ഷേമവകുപ്പാണ്.
കായിക താരമായിരുന്ന അച്ഛനെപ്പോലെ മുരിക്കാശേരിയിലെ ഊടുവഴികളിലൂടെ ഓടി മകൾ ഹരിയാനയിലെ നാഷണൽ മീറ്റിൽ വരെ എത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തും ആന്ധ്രപ്രദേശിലും നടന്ന രണ്ടു മീറ്റുകൾ കടന്നാണ് ഹരിയാന നാഷണൽ മീറ്റിലെത്തിയത്.
കലോത്സവ വേദിയിൽ പ്രസംഗം, കഥാരചന എന്നിവയിലും ശാസ്ത്രമേളയിൽ സയൻസ് ക്വിസിലും തിളങ്ങിയിട്ടുള്ള അന്ന മരിയ വനം - വന്യജീവി വകുപ്പ് സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
പിതാവ് മുരിക്കാശേരി നെല്ലിവേലിൽ റെജി അടിമാലി എൽഐസി ഓഫീസിലെ ഉദ്യോഗസ്ഥനാണ്. മാതാവ് ജിൻസി മുരിക്കാശേരി സെന്റ മേരീസ് സ്കൂളിലെ അധ്യാപികയാണ്. സഹോദരങ്ങൾ: ഏഞ്ചൽ, ഏബൽ