ജീവശാസ്ത്രം എട്ടാം ക്ലാസിലെ രണ്ടാമത്തെ യൂണിറ്റായ കോശജാലങ്ങൾ, ഒൻപതാം ക്ലാസിലെ മൂന്നാമത്തെ യൂണിറ്റായ കലകളിൽനിന്ന് കലകളിലേക്ക്, പത്താം ക്ലാസിലെ അഞ്ചാമത്തെ യൂണിറ്റായ പ്രതിരോധത്തിന്റെ കാവലാളുകൾ എന്നീ പാഠഭാഗങ്ങളിലെ പഠനപ്രവർത്തനങ്ങൾക്കു സഹായിക്കുന്നു.
രക്തഗ്രൂപ്പുകൾ
രക്തത്തെ ഗ്രൂപ്പുകളാക്കി തിരിക്കുന്നതിൽ വ്യത്യസ്ത രീതികൾ നിലവിലുണ്ടെങ്കിലും ABO ഗ്രൂപ്പിംഗ് രീതിയാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഓരോരുത്തരുടെയും രക്തത്തിൽ വ്യത്യസ്ത പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നു. അവയിൽ പ്രധാനപ്പെട്ടവയാണ് ആന്റിജനുകളൂം (അഗ്ലൂട്ടിനോജൻ) ആന്റിബോഡികളും (അഗ്ലൂട്ടിനിൻ). ആന്റിജനുകൾ അരുണരക്താണുക്കളുടെ പ്രതലത്തിലും ആന്റിബോഡികൾ പ്ലാസ്മയിലും കാണപ്പെടുന്നു. പ്രധാനമായും രണ്ട് ആന്റിജനുകളാണുള്ളത് - ആന്റിജൻ Aയും ആന്റിജൻ Bയും. ഇവയുടെ സാന്നിധ്യമോ അസാന്നിധ്യമോ ആണ് രക്തഗ്രൂപ്പുകൾ നിർണയത്തിലെ അടിസ്ഥാനം. ഏത് ആന്റിജനാണോ ഒരാളുടെ രക്തത്തിലുള്ളത്, ആ ആന്റിജന്റെ പേരാണ് രക്തഗ്രൂപ്പിന് നല്കുക.
ഒരാളുടെ രക്തത്തിൽ സ്വാഭാവികമായി കാണപ്പെടാത്ത ആന്റിജനുകൾ എത്തിയാൽ, ദാതാവിന്റെ രക്തത്തിലെ ആന്റിജനും സ്വീകർത്താവിന്റെ രക്തത്തിലെ ആന്റിബോഡിയും തമ്മിൽ പ്രതിപ്രവർത്തിച്ച് രക്തം കട്ടയാകുന്നു. ഇതിന് അഗ്ലൂട്ടിനേഷൻ എന്ന് പറയുന്നു. അതിനാൽ എല്ലാവർക്കും എല്ലാ ഗ്രൂപ്പ് രക്തവും സ്വീകരിക്കാൻ കഴിയില്ല.
എം. നിസാർ അഹമ്മദ്
ഗവ. എച്ച്എസ്എസ്, വെഞ്ഞാറമ്മൂട്