ഭൂമിയിലെ അനവധി സസ്യങ്ങളും മൃഗങ്ങളും സൂക്ഷ്മജീവികളുമൊക്കെച്ചേർന്ന ജൈവസന്പന്നതയ്ക്കുള്ള പേരാണ് ജൈവവൈവിധ്യം. ഗുജറാത്തിലെ താപ്തി മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടമാണ് ഇന്ത്യയിലെ ജൈവസന്പത്തിന്റെ കലവറ. ജൈവവൈവിധ്യം സംരക്ഷിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമെന്ന് മനസിലാക്കണമെങ്കിൽ ജൈവവൈവിധ്യം നല്കുന്ന സേവനങ്ങൾ എന്തെല്ലാമെന്നു തിരിച്ചറിയണം.
സേവനം ചെയ്യുന്ന കാവുകൾ
ജൈവവൈവിധ്യത്തിന്റെ കലവറയാണ് സർപ്പക്കാവുകൾ. കാവുകൾ നിലനിന്നാലെ ഗ്രാമത്തിന് അഭിവൃദ്ധിയുണ്ടാകൂ എന്ന പഴമക്കാരുടെ വിശ്വാസം ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം മനുഷ്യനു പണ്ടു മുതലേ അറിയുമായിരുന്നുവെന്നു മനസിലാക്കാം. ഒരു ഗ്രാമത്തിന്റെ സൗന്ദര്യവും ജീവിതവുമായിരുന്നു കാവുകൾ.
അനാവശ്യമായി ആരും കാവിനകത്ത് കയറുകയോ ഇടപെടുകയോ ചെയ്തിരുന്നില്ല. വൈവിധ്യമാർന്ന ജീവിവർഗങ്ങളുടെ കലവറയായിരുന്നു കാവുകൾ. മരങ്ങൾ തിങ്ങിനിറയുന്ന കാവുകൾ എല്ലാ ജീവികൾക്കും സുഖകരമായ വാസസ്ഥലം ഒരുക്കി. ധാരാളം കാട്ടുവള്ളികൾ തൂങ്ങിനിൽക്കുന്നത് കൊണ്ട് കാവുകൾ പക്ഷികളുടെ ആവാസകേന്ദ്രമായി മാറി. മരങ്ങളെ ചുറ്റിവരിഞ്ഞ് കാണപ്പെടുന്ന വള്ളികൾ മരങ്ങളെ കടപുഴകി വീഴാതെ സംരക്ഷിച്ചു. ഒൗഷധസസ്യങ്ങളുടെയും അപൂർവമായ പൂന്പാറ്റകളുടെയും നിശാശലഭങ്ങളുടെയും കാട്ടുവള്ളികളുടെയും പഴങ്ങളുടെയും കലവറയാണ് കാവുകൾ.
കാവിനകത്തെ ശുദ്ധജലസ്രോതസുകൾ ജീവജാലങ്ങളുടെ നിലനിൽപ്പ് ഭദ്രമാക്കി. ഒരു പ്രദേശത്തെ ജലസംരക്ഷണത്തിൽ കാവുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. മനുഷ്യവാസപ്രദേശങ്ങളിലെ വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യമേഖലയായ കാവുകളുടെ ജൈവസന്പന്നതയും ജൈവവൈവിധ്യവും നല്കുന്ന സേവനങ്ങൾ വിലമതിക്കാനാകാത്തവയാണ്.
മൂല്യമേറിയത്
ലോകത്തിലെ വ്യത്യസ്ത ആവാസ വ്യവസ്ഥകളും അവയിൽ കാണപ്പെടുന്ന വ്യത്യസ്ത സ്പീഷീസുകളും നല്കുന്ന സേവനങ്ങൾക്ക് വിലയിട്ടാൽ ഏകദേശം 33 ലക്ഷം കോടി ഡോളറിന് മുകളിലായിരിക്കും അതിന്റെ മൂല്യം. അമേരിക്കൻ ഐക്യനാടുകളിലെ ജിഡിപി 2008ലെ കണക്ക് പ്രകാരം 14.94 ലക്ഷം കോടി ഡോളറാണെന്ന് ഓർക്കണം. ജൈവവൈവിധ്യം രക്ഷിക്കുന്ന ജീവനുകൾക്ക് വിലയിടാൻ കഴിയില്ല. മനുഷ്യജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്ന ഒൗഷധങ്ങളുടെ നിർമാണത്തിന് 70,000ത്തിൽപ്പരം സ്പീഷീസുകളിൽപ്പെട്ട സസ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഓരോ വർഷവും 11 കോടി ടണ്‍ കടൽ വിഭവങ്ങൾ നാം ഉപയോഗിക്കുന്നു. ജൈവവൈവിധ്യം നല്കുന്ന സേവനങ്ങളെ നമുക്ക് നാലായി തിരിക്കാം.- പാരിസ്ഥിതിക സേവനങ്ങൾ, അവശ്യവസ്തുക്കളുടെ ലഭ്യത, സഹായസേവനങ്ങൾ, സാംസ്കാരിക സേവനങ്ങൾ.
പാരിസ്ഥിതിക സേവനങ്ങൾ
മണ്ണിന്റെ രൂപീകരണം, ജലത്തിന്റെ ശുദ്ധീകരണം, വെള്ളപ്പൊക്ക നിയന്ത്രണം, ആഹാരത്തിന്റെ ലഭ്യത, ഓക്സിജൻ കാർബണ്‍ഡയോക്സൈഡ് സന്തുലനം, കാലാവസ്ഥാ നിയന്ത്രണം, മാലിന്യങ്ങളുടെ ജീർണനം, വരൾച്ച തടയൽ, താപനില നിയന്ത്രണം.
അവശ്യവസ്തുക്കളുടെ ലഭ്യത
എല്ലാവർക്കും ഭക്ഷണം, മരുന്നുകളുടെ ലഭ്യത, ഇന്ധനങ്ങളുടെ ലഭ്യത, നിർമാണ വസ്തുക്കളുടെ ലഭ്യത, ധാതുക്കളുടെ ലഭ്യത.
സഹായസേവനങ്ങൾ
പരാഗണം, കീടങ്ങളുടെ നിയന്ത്രണം, രോഗങ്ങളുടെ നിയന്ത്രണം, വിത്തു വിതരണം, പോഷക ചംക്രമണം.
സാംസ്കാരിക സേവനങ്ങൾ
ആചാരാനുഷ്ഠാനങ്ങൾ, ചരിത്രസ്മാരകങ്ങളുടെ സംരക്ഷണം, പഠനാവശ്യങ്ങൾ, മതപരമായ വിശ്വാസങ്ങൾ, സൗന്ദര്യാസ്വാദനം, വിനോദങ്ങൾ, വനവൽക്കരണം, ആരോഗ്യമുള്ള ചുറ്റുപാടുകൾ.
ഓർമിക്കാം ഈ ദിനങ്ങൾ
ലോക തണ്ണീർത്തട ദിനം - ഫെബ്രുവരി 2
ലോക വന്യജീവി ദിനം - മാർച്ച് 3
ലോക കുരുവി ദിനം - മാർച്ച് 20
അന്താരാഷ്ട്ര വനദിനം - മാർച്ച് 21
ലോക ജലദിനം - മാർച്ച് 22
ലോക ജൈവവൈവിധ്യദിനം - മേയ് 22
ലോക ആമ ദിനം - മേയ് 23
ലോക പരിസ്ഥിതി ദിനം - ജൂണ്‍ 5
ലോക സമുദ്രദിനം - ജൂണ്‍ 8
ലോക കടലാമ ദിനം - ജൂണ്‍ 16
അന്താരാഷ്ട്ര കടുവാദിനം - ജൂലൈ 29
ലോക സിംഹ ദിനം - ഓഗസ്റ്റ് 10
ലോക ആന ദിനം - ഓഗസ്റ്റ് 12
ആമസോണ്‍ ദിനം - സെപ്റ്റംബർ 5
ലോക നദി ദിനം - സെപ്റ്റംബറിലെ അവസാന ഞായർ
ലോക ആവാസ ദിനം - ഒക്ടോബറിലെ ആദ്യ തിങ്കൾ
ലോക മണ്ണ് ദിനം - ഡിസംബർ 5
വന്യജീവി വാരം - ഒക്ടോബർ 2 മുതൽ 8 വരെ