ജൈവ പച്ചക്കറി കൃഷിയിൽ പുതിയ തലമുറയ്ക്ക് മാതൃകയാണ് രാജാക്കാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനി ജിജിന ജിജി. എസ്പിസി കേഡറ്റ് കൂടിയായ ജിജിന ലോക്ഡൗണ്‍ കാലത്താണ് ജൈവ കൃഷിക്ക് തുടക്കം കുറിച്ചത്.
രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി കേഡറ്റുകൾ പച്ചക്കറി കൃഷി പരിപാലനം നടത്തിയിരുന്നു. ഇവിടെനിന്നും കിട്ടിയ പ്രചോദനമാണ് വീട്ടിലിരുന്നപ്പോൾ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കംകുറിക്കാൻ ജിജിനയെ പ്രേരിപ്പിച്ചത്.
കൃഷി വകുപ്പിന്റെ സഹായത്തോടെ അഞ്ച് സെന്റോളം വരുന്ന സ്ഥലത്ത് മഴമറയ്ക്കുള്ളിലാണ് ജിജിനയുടെ കൃഷി. പയർ, ബീൻസ്, വിവിധ ഇനം ചീരകൾ, കാബേജ്, കോളിഫ്ളവർ അടക്കം വിവിധയിനം പച്ചക്കറികളാണ് ജിജിന നട്ടു പരിപാലിക്കുന്നത്.
പിതാവ് മുരിക്കാശേരി പോലീസ് സ്റ്റേഷനിലെ എസ്ഐ ജിജി ജോണും മാതാവ് രാജാക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ബിൻസിയും സഹോദരിമാരായ ജിബിന, ജോർജിറ്റ് റോസ് എന്നിവരും ജിജിനയ്ക്കൊപ്പം കൃഷികാര്യങ്ങളിൽ സഹായത്തിനുണ്ട്.
കൃഷി പരിപാലനത്തിനു വേണ്ട എല്ലാ സഹായങ്ങളും നിർദേശങ്ങളും നൽകുന്നത് രാജാക്കാട് കൃഷി ഓഫീസ് ജീവനക്കാരാണ്. ജില്ലയിലെ മികച്ച കുട്ടികർഷകയ്ക്കുള്ള കൃഷിവകുപ്പിന്റെ പുരസ്കാരവും ജിജിനയ്ക്കാണ്.