നാലു ദിവസം കൂടി കനത്ത മഴ; ഇന്ന് പത്തു ജില്ലകളിൽ യെല്ലോ അലർട്ട്
Saturday, August 31, 2024 5:25 AM IST
തിരുവനന്തപുരം: അടുത്ത നാലു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
പത്തു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറബിക്കടലിലെത്തിയ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കേരള തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വിഭാഗം നിർദേശിച്ചു.