പത്തു ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട്, മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റം
Friday, August 30, 2024 2:02 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ റിപ്പോർട്ട് പ്രകാരം പത്തു ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാലു ജില്ലകളിൽ യെല്ലോ അലർട്ടാണ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, അടുത്ത മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്ററിൽ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മറ്റു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.