സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
Tuesday, August 27, 2024 3:38 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.
വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഇന്നും ബുധനാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. അടുത്ത മണിക്കൂറിൽ കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം, കേരള - ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയും കർണാടക തീരത്ത് ഇന്നുമുതൽ ശനിയാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്നുമുതൽ ശനിയാഴ്ച വരെ കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.