ഇന്ത്യ ഡി 183ന് പുറത്ത്; എ മികച്ച ലീഡിലേക്ക്
Friday, September 13, 2024 7:43 PM IST
അനന്തപൂര്‍: ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ എയ്ക്ക് ലീഡ്. സ്കോർ: ഇന്ത്യ എ 290,115/1 ഇന്ത്യ ഡി 183. ഒന്നാം ഇന്നിംഗ്സിൽ എ ടീം ഉയർത്തിയ 290 റൺസിന് മറുപടി ബാറ്റിംഗ് ആരംഭിച്ച ഡിയുടെ പോരാട്ടം 183 റണ്‍സിന് അവസാനിച്ചിരുന്നു.
107 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച എടീം ഒന്നിന് 115 റൺസ് എന്ന നിലയിലാണ്. നിലവില്‍ 222 റണ്‍സിന്റെ വ്യക്തമായ ലീഡുമായി ടീം മുന്നേറുകയാണ്. മികച്ച തുടക്കമാണ് രണ്ടാം ഇന്നിംഗ്സിൽ എയ്ക്ക് ലഭിച്ചത്.
അര്‍ധ സെഞ്ചുറിയുമായി (56) മുന്നേറിയ മായങ്ക് അഗര്‍വാളിനെ ശ്രേയസ് അയ്യര്‍ പുറത്താക്കി. പിന്നാലെ രണ്ടാം ദിനത്തിലെ കളിയും അവസാനിപ്പിച്ചു. 59 റണ്‍സുമായി പ്രഥം സിംഗ് ക്രീസിലുണ്ട്. ദേവ്ദത്ത് പടിക്കലിന്റെ (92) ചെറുത്തു നില്‍പ്പാണ് ഡിയെ ഒന്നാം ഇന്നിംഗ്സിൽ വലിയനാണക്കേടിൽ നിന്ന് രക്ഷിച്ചത്.
വാലറ്റത്ത് ഹര്‍ഷിത് റാണ നടത്തിയെ പ്രത്യാക്രമണമാണ് സ്കോര്‍ 180 കടത്തിയത്. താരം 29 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 31 റണ്‍സെടുത്തു. ഇന്ത്യ എക്കായി ഖലീല്‍ അഹമദും അഖ്വിബ് ഖാനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.