തനിക്ക് വലുത് യെച്ചൂരി; അതാണ് ഇന്‍ഡിഗോ സമരം അവസാനിപ്പിച്ചതെന്ന് ഇ.പി
Friday, September 13, 2024 1:00 PM IST
തിരുവനന്തപുരം: ഇന്‍ഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ചതില്‍ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്. തനിക്ക് വലുത് സീതാറാം യെച്ചൂരിയാണ്. അദ്ദേഹത്തെ കാണാനാണ് ഇന്‍ഡിഗോ സമരം അവസാനിപ്പിച്ചതെന്നും ഇ.പി പ്രതികരിച്ചു.
ആരുടെയോ സ്വാധീനത്തിന് വഴങ്ങിയാണ് തനിക്ക് ഇന്‍ഡിഗോ മൂന്നാഴ്ച വിലക്കേര്‍പ്പെടുത്തിയത്. അന്നത്തെ ഭൗതിക സാഹചര്യത്തില്‍ താനെടുത്ത നിലപാട് ശരിയായിരുന്നു.
യെച്ചൂരിയുമായി 44 വര്‍ഷത്തെ ബന്ധമാണ്, അദ്ദേഹം അന്തരിച്ചെന്ന് കേട്ടപ്പോള്‍ എങ്ങനെ ഇവിടെയെത്താമെന്ന് മാത്രമായിരുന്നു തന്റെ ചിന്ത. അതിന് വേണ്ടിയാണ് സമരം അവസാനിപ്പിച്ചതെന്നും ഇ.പി പറഞ്ഞു.
രണ്ട് വര്‍ഷത്തിന് ശേഷമാണ് ബഹിഷ്കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി യാത്ര ചെയ്തത്. വ്യാഴാഴ്ച രാത്രി കരിപ്പൂരില്‍നിന്ന് ഡല്‍ഹിയിലേക്കായിരുന്നു യാത്ര. യെച്ചൂരിയെ അവസാനമായി ഒരു നോക്ക് കാണാനാണ് ഇ.പി ഡല്‍ഹിക്ക് തിരിച്ചത്.
2022ല്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ തടഞ്ഞ സംഭവത്തിന്റെ പേരില്‍ ഇന്‍ഡിഗോ ഇപിക്ക് മൂന്നാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.പി ഇന്‍ഡിഗോയെ ബഹിഷ്കരിച്ചത്. പിന്നീട് തിരുവനന്തപുരത്തേക്ക് അടക്കമുള്ള യാത്ര കൂടുതലും ട്രെയിനിലായിരുന്നു.