വയോധിക ദമ്പതിമാരെ കുത്തി പരിക്കേൽപ്പിച്ച് സ്വർണ മാല കവർന്നു; യുവാവ് പിടിയിൽ
Friday, September 13, 2024 3:42 AM IST
കോഴിക്കോട്: വയോധിക ദമ്പതികളെ കത്തി കൊണ്ടു കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ മാല കവർന്ന കേസിലെ പ്രതി പിടിയിൽ. തിരൂരങ്ങാടി സികെ നഗർ സ്വദേശി ഹസീമുദ്ദീൻ (30) ആണ് പിടിയിലായത്.
ഓഗസ്റ്റ് 27നു പുലർച്ചെ കോഴിക്കോട് മാത്തറയിലാണ് സംഭവം നടന്നത്. വളർത്തു നായയുമായി പ്രഭാത സവാരിക്കു പോയ ഗൃഹനാഥനെ നിരീക്ഷിച്ച ശേഷം അയാളുടെ ഭാര്യ മാത്രമേ വീട്ടിലുള്ളു എന്നു ഉറപ്പു വരുത്തിയാണ് പ്രതി മോഷണം നടത്തിയത്.
കത്തി വീശി കഴുത്തിലെ സ്വർമാല കവർന്ന ശേഷം കൈയിലെ വള ഊരി നൽകാൻ ആവശ്യപ്പെടുകയും മോഷണം ചെറുക്കാൻ ശ്രമിച്ച വീട്ടമ്മയുടെ കൈയിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. വള ഊരിയെടുക്കുന്നതിനിടെ, ഗൃഹനാഥൻ വീട്ടിലേക്ക് തിരിച്ചെത്തിയതോടെ ഇദ്ദേഹത്തേയും പ്രതി ആക്രമിച്ചു.