കലവൂര്‍ സുഭദ്ര വധക്കേസ്: പ്രതികളെ ആലപ്പുഴയില്‍ എത്തിച്ചു
Friday, September 13, 2024 9:44 AM IST
ആലപ്പുഴ: കലവൂരില്‍ സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പിടിയിലായ പ്രതികളെ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്റ്റേഷനില്‍ എത്തി.
പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് വിവരം. ഇതിനുശേഷമായിരിക്കും തെളിവെടുപ്പ്. കഴിഞ്ഞദിവസം കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നുമാണ് പ്രതികളായ മാത്യൂസിനെയും ശര്‍മ്മിളയെയും പിടികൂടിയത്. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു.
കൊലപാതകം എങ്ങനെ നടത്തി എന്തിനായി ചെയ്തു എന്നതാണ് പോലീസ് പ്രധാനമായി അന്വേഷിക്കുന്നത്. സുഭദ്രയുടെ സ്വര്‍ണവും പണവും തട്ടിയെടുക്കാന്‍ മാത്രമാണൊ ഈ കൊലപാതകം എന്നതാണ് സംശയിക്കുന്നത്. ഇന്ന് വൈകുന്നേരമോ അടുത്തദിവസം രാവിലെയോ പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
കഴിഞ്ഞദിവസം സുഭദ്രയുടെ പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇവരുടെ കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സുഭദ്രയുടെ ശരീരത്തിന്റെ രണ്ട് ഭാഗത്തെയും വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കൊലയ്ക്ക് ശേഷമാണ് കൈ ഒടിച്ചതെന്നാണ് നിഗമനം.
കോര്‍ത്തുശേരിയില്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. സുഭദ്രയുടെ മക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
തീര്‍ഥാടന യാത്രയ്ക്കിടെയാണ് ശര്‍മ്മിളയെ സുഭദ്ര പരിചയപ്പെട്ടത്. സുഭദ്ര മറ്റൊരു തീര്‍ഥാടന യാത്രക്ക് വേണ്ടി ശര്‍മ്മിളയുടെ വീട്ടിലേക്ക് പോയതാവാമെന്ന നിഗമനത്തിലാണ് പോലീസ്.
സെപ്റ്റംബര്‍ നാലിന് വീട്ടില്‍ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിന് പിന്നാലെ ഏഴിനാണ് മകന് രാധാകൃഷ്ണന് പോലീസിന് പരാതി നല്‍കിയത്. ക്ഷേത്ര ദര്‍ശനത്തിന് പോയ അമ്മ തിരികെ വന്നില്ലെന്നാണ് പരാതി.
സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടില്‍ താമസിച്ചിരുന്നത്. ഇവരെ കാണാന്‍ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു. അവര്‍ക്കൊപ്പമാണ് കൊച്ചിയില്‍ നിന്ന് പോയതെന്നും സുഭദ്രയുടെ പക്കല്‍ സ്വര്‍ണവും പണവും ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
സുഭദ്രയുടെ സ്വര്‍ണം ദമ്പതികള്‍ കൈക്കലാക്കിയിരുന്നെന്നും അതേ കുറിച്ചുള്ള തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം.